26 April Friday

വ്യക്തിഗത ഓഹരിനിക്ഷേപ സേവനവുമായി പിഎംഎസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2016

വിപണിയില്‍ പൊതുവായി ലഭ്യമാകുന്ന സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ വാങ്ങുന്നതിലേറെ തങ്ങള്‍ക്ക് സവിശേഷമായി ലഭ്യമാക്കുന്ന സേവനങ്ങളും ഉല്‍പ്പന്നങ്ങളും സ്വന്തമാക്കുന്നതിനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം.  അതുപോലെത്തന്നെയാണ് ഓഹരിനിക്ഷേപത്തിന്റെ കാര്യവും. തങ്ങള്‍ക്ക് വ്യക്തിപരമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന പിഎംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍ക്ക് ജനപ്രീതി വര്‍ധിക്കുന്നതിനു പിന്നിലുള്ളതും ഈ വികാരംതന്നെയാണ്. പിഎംഎസിനോട് ജനങ്ങള്‍ക്കുള്ള താല്‍പ്പര്യം വര്‍ധിച്ചുവരുന്നതായാണ് സെബിയുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നത്.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2015 ഡിസംബറില്‍ പുറപ്പെടുവിപ്പിച്ച ബുള്ളറ്റിന്‍പ്രകാരം പിഎംഎസില്‍ കൈകാര്യംചെയ്യുന്ന ആസ്തികള്‍ 2015 ഒക്ടോബറിനും നവംബറിനും ഇടയില്‍ മാത്രം 1.6 ശതമാനമാണ് വര്‍ധിച്ചത്. 2015 നവംബര്‍ 30ലെ കണക്കുപ്രകാരം പിഎംഎസില്‍ ആകെ കൈകാര്യംചെയ്യുന്ന ആസ്തികളുടെ 76.1 ശതമാനവും ഡിസ്ക്രേഷനറി പിഎംഎസ് വിഭാഗത്തില്‍പ്പെട്ടവയാണ്. 18.4 ശതമാനംവരുന്ന അഡ്വൈസറി പിഎംഎസാണ് തൊട്ടുപിന്നാലെയുള്ളത്. നോണ്‍ ഡിസ്ക്രേഷനറി പിഎംഎസ് വിഭാഗത്തില്‍പ്പെടുന്നവ 5.5 ശതമാനവും വരും. ഇത്തരം സേവനങ്ങള്‍ നല്‍കാനായി സെബിയില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കേ പിഎംഎസ് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാകു. കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്കാണ് പിഎംഎസ് സേവനങ്ങള്‍ നല്‍കാനാവുകയെന്നും സെബി നിഷ്കര്‍ഷിച്ചിട്ടുണ്ട്.  ബാങ്കുകള്‍, ബ്രോക്കിങ് സ്ഥാപനങ്ങള്‍, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍, സ്വതന്ത്ര ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാര്‍ തുടങ്ങിയവരെല്ലാം പിഎംഎസ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

വിവിധയിനം പിഎംഎസ് സേവനങ്ങളെക്കുറിച്ചു വിലയിരുത്തുമ്പോള്‍ പൊതുവായുള്ള പിഎംഎസ് സേവനങ്ങളും ഓരോ വ്യക്തിക്കും അവരുടെ സവിശേഷതകള്‍ക്കനുസൃതമായി നല്‍കുന്ന പിഎംഎസ് സേവനങ്ങളും കാണാനാവും. ഇങ്ങിനെ പിഎംഎസ് സേവനങ്ങള്‍ ആരംഭിക്കുമ്പോള്‍ നല്‍കുന്ന സേവനങ്ങള്‍, നഷ്ട സാധ്യതകള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍, നിക്ഷേപ തന്ത്രങ്ങള്‍ തുടങ്ങിയ വസ്തുതകള്‍ ഉള്‍പ്പെടുത്തിയുള്ള കരാറില്‍ ഇരുപക്ഷവും പങ്കാളിയാകും. ഇതിനുശേഷം നിക്ഷേപകന്‍ ചുരുങ്ങിയ നിക്ഷേപ തുക ചെക്കായോ മണി ട്രാന്‍സ്ഫര്‍ ആയോ നിലവിലുള്ള ഓഹരികള്‍ ഇതിലേക്കു കൈമാറ്റംചെയ്യലായോ നല്‍കും. പിഎംഎസ് സേവനം അവസാനിപ്പിക്കുമ്പോള്‍ ഇവ തിരിച്ചു നല്‍കുകയും ചെയ്യും.
വിവിധ വിഭാഗത്തിലുള്ള പിഎംഎസ് സേവനങ്ങളുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. നിക്ഷേപകന്‍ ഏതെല്ലാം രീതിയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ പ്രധാനമായി തരംതിരിക്കുന്നത്.

ഡിസ്ക്രേഷനറി പിഎംഎസാണ് ഇതില്‍ ആദ്യത്തേത്. ഇവിടെ നിക്ഷേപവും ട്രേഡിങ്ങും സംബന്ധിച്ച് നിക്ഷേപകന്റെ പേരില്‍   തീരുമാനം കൈക്കൊള്ളാനുള്ള ഉത്തരവാദിത്തം നിക്ഷേപകന്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ക്ക് നല്‍കുകയാണ്. ഇവിടെ പോര്‍ട്ട്ഫോളിയോ മാനേജരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നിക്ഷേപതീരുമാനങ്ങള്‍ നടത്തുന്നത്. നിക്ഷേപകന് ഇതില്‍ പങ്കൊന്നും വഹിക്കാനില്ല. എങ്കില്‍തന്നെയും ഒഴിവാക്കേണ്ട ഓഹരികളോ വ്യവസായങ്ങളോ സംബന്ധിച്ച ഒരു നെഗറ്റീവ് ലിസ്റ്റ് നല്‍കാന്‍ നിക്ഷേകനു കഴിയും.
അടുത്തത് നോണ്‍ ഡിസ്ക്രേഷനറി പിഎംഎസാണ്.  നിക്ഷേപകനുവേണ്ടിയുള്ള ഒരു നിക്ഷേപ ഉപദേശകന്‍ എന്ന സ്ഥാനമാണ് പ്രാഥമികമായി ഇവിടെ മാനേജര്‍ക്കു വഹിക്കാനുള്ളത്. നിക്ഷേപം സംബന്ധിച്ച ആശയങ്ങള്‍ നല്‍കുകയാണ് ഇവിടെ മാനേജര്‍ ചെയ്യുന്നത്.  ഇതു തെരഞ്ഞെടുക്കുന്നതും അതിനുള്ള സമയം നിശ്ചയിക്കുന്നതുമെല്ലാം നിക്ഷേപകന്‍ മാത്രമാകും. അതേസമയം ഇവയുടെ യഥാര്‍ഥത്തിലുള്ള നടപ്പാക്കല്‍ പോര്‍ട്ട്ഫോളിയോ മാനേജരും ചെയ്യും.

അഡ്വൈസറി പിഎംഎസ് ആണ് മറ്റൊരു വിഭാഗം. നിക്ഷേപം സംബന്ധിച്ച് ആശയങ്ങളും ഉപദേശങ്ങളും നല്‍കുന്നതു മാത്രമാകും മാനേജരുടെ ചുമതല. അവ സംബന്ധിച്ച് തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതുമെല്ലാം നിക്ഷേപകനാകും. പിഎംഎസിനുള്ള ഫീസുകള്‍ നിശ്ചയിക്കുന്നതിനും വിവിധ രീതികള്‍ പിന്തുടരാറുണ്ട്. എന്‍ട്രി ലോഡ് ഈടാക്കുന്ന രീതി, ലാഭം പങ്കുവയ്ക്കുന്ന രീതി, പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ്, നിശ്ചിത ഫീസ് ഈടാക്കുന്ന രീതി തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഇവയില്‍ ഏത് പിന്തുടരുമെന്ന് തുടക്കത്തില്‍തന്നെ നിശ്ചയിക്കും. ഇവയ്ക്കുപുറമെ, സാധാരണ ഓഹരി നിക്ഷേപത്തിലുണ്ടാകുന്ന ഡീമാറ്റ് അക്കൌണ്ട് ചാര്‍ജുകള്‍, ബ്രോക്കറേജ് ചാര്‍ജുകള്‍ തുടങ്ങിയവയും ബാധകമാകും.

സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രധാന മാര്‍ഗമായി പിഎംഎസിനെ പ്രയോജനപ്പെടുത്താനാവും. നിരവധി നിക്ഷേപ സന്ദര്‍ഭങ്ങളില്‍നിന്ന് മികച്ചവ തെരഞ്ഞെടുക്കാനുളള നവീനവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ പിഎംഎസ് തെരഞ്ഞെടുക്കുന്നതിലൂടെ പ്രയോജനപ്പെടുത്താനാവും. ഓരോ നിക്ഷേപകന്റെയും സവിശേഷതകളും നഷ്ടസാധ്യത നേരിടാനുള്ള കഴിവുകളും കണക്കിലെടുത്തുള്ള നിക്ഷേപ സമീപനം കൈക്കൊള്ളാനും ഇത് വഴിതുറക്കും. സുതാര്യവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ വിവരങ്ങള്‍ നിക്ഷേപകനു ലഭിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. അതോടൊപ്പം പിഎംഎസ് മാനേജര്‍മാര്‍ നിക്ഷേപകരോട് നേരിട്ട് ഉത്തരവാദിത്തപ്പെട്ടുമിരിക്കും. നിക്ഷേപകര്‍ക്ക് അവരില്‍നിന്ന് വിശദീകരണം തേടാനും അവസരമുണ്ടാകും.

ദീര്‍ഘകാല നിക്ഷേപമായി പിഎംഎസ് സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ അതിനു മുന്നോടിയായി വിലയിരുത്തേണ്ട ചില ഘടകങ്ങളുണ്ട്. പിഎംഎസ് മാനേജരുടെ ഗുണനിലവാരമാണ് അതില്‍ പ്രധാനപ്പെട്ടത്. മുന്‍കാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും മറ്റും ഇതിനായി കണക്കിലെടുക്കാം. സമാനമായ നിക്ഷേപ ലക്ഷ്യങ്ങളില്‍ വിവിധ പിഎംഎസ് മാനേജര്‍മാര്‍ കൈവരിച്ച നേട്ടങ്ങളും വിലയിരുത്താം. മറ്റൊന്ന് ഫീസ് ഘടനയാണ്. വിവിധ വിവരങ്ങള്‍ കൈമാറുന്നതില്‍ എത്രത്തോളം സുതാര്യതയും സമയനിഷ്ഠയും പുലര്‍ത്തുന്നു എന്നതും വിലയിരുത്തേണ്ട ഘടകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കുന്ന മേഖലയാണ് പിഎംഎസ് എന്നതാണ്  പ്രധാനമായും മനസ്സിലാക്കേണ്ടത്.

ബ്രിജേഷ് വേദ് (സീനിയര്‍പോര്‍ട്ട്ഫോളിയോ മാനേജര്‍ ബിഎന്‍പി പാരിബാ എഎംസി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top