17 April Wednesday

ഓണവിപണിയില്‍ മൊബൈലാണ് താരം

പി ജി സുജUpdated: Sunday Sep 11, 2016

ഓണത്തിന് വിപണിയില്‍ മൊബൈല്‍ ഫോണ്‍വില്‍പ്പന തകര്‍ക്കുന്നു. കമ്പനികള്‍ പുതിയ മോഡലുകളും കൂടുതല്‍ ഓഫറുകളുമൊക്കെ പ്രഖ്യാപിച്ചതോടെ നിലവിലുള്ള ഫോണ്‍ മാറ്റി പുതിയതൊരെണ്ണം വാങ്ങാമെന്നു തീരുമാനിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണ ഓണവിപണിയില്‍ മുമ്പെങ്ങുമില്ലാത്തവിധം വില്‍പ്പനയാണുള്ളതെന്ന് എല്‍ജി മൊബൈല്‍സിന്റെ കേരള, തമിഴ്നാട് ബ്രാഞ്ച് മാനേജര്‍ ബി അനില്‍കുമാര്‍ പറഞ്ഞു. ഓണത്തിന് ഓണക്കോടിയോടൊപ്പം സ്ഥാനംപിടിക്കാവുന്നവിധത്തില്‍ മുന്നേറുന്ന ഫോണ്‍വിപണിയില്‍ ഇക്കുറി ഒരുമാസത്തിനുള്ളില്‍ 40 ശതമാനം വില്‍പ്പനവര്‍ധന ഉണ്ടായിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.

വിലക്കുറവ്, പുതിയ മോഡലുകള്‍, സമ്മാനങ്ങള്‍, എക്സ്ചേഞ്ച് സൌകര്യം, വായ്പാസൌകര്യം എന്നിവയെല്ലാമൊരുക്കിയ തിനാല്‍ വില്‍പ്പനയില്‍ മുന്നേറ്റം ദൃശ്യമാണ്്. ഒരുരൂപപോലും മുടക്കാതെ 10000 രൂപമുതല്‍ 50000 രൂപവരെയുള്ള ഫോണുകള്‍ വായ്പാസൌകര്യത്തില്‍ സ്വന്തമാക്കാനാകുന്ന പദ്ധതി അവതരിപ്പിച്ചതിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ മൊബൈല്‍ ഫോണിന് വായ്പയൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

വിവോ, ഒപ്പോ, ജിയോണി തുടങ്ങിയ ചൈനീസ് മൊബൈല്‍ കമ്പനികളുടെ ആള്‍ക്കാര്‍ കേരളത്തിലെ വില്‍പ്പനയ്ക്ക് നേരിട്ട് നേതൃത്വംനല്‍കുന്നതിന് ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 4ജി ഫോണുകളിലേക്കുള്ള മാറ്റവും ഇക്കുറി പ്രകടമായിട്ടുണ്ടെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കി. 5000 രൂപയ്ക്കു മുകളിലുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്ക് 4ജി മതി. ബോണസ് കിട്ടിയ തുകയ്ക്ക് ഒരു 4ജി ഫോണ്‍ വാങ്ങാമെന്നതാണ് പലരുടെയും കണകൂട്ടലെന്ന് അവര്‍ വ്യക്തമാക്കി.

ചെറുപ്പക്കാര്‍ക്കിടയില്‍ ആറുമാസത്തിനുള്ളില്‍ പുതിയ മോഡലിലുള്ള ഫോണ്‍ വാങ്ങണമെന്നതാണ് പ്രവണത. മധ്യവയസ്സിലെത്തിയവര്‍ ഒരുവര്‍ഷത്തിനിടയില്‍ പുതിയ മോഡല്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ട് ആകര്‍ഷകമായ എ്ക്സ്ചേഞ്ച് ഓഫറും കമ്പനികള്‍ ഒരുക്കുന്നുണ്ട്. ഈആനുകൂല്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി നല്ലൊരു പുതിയ മൊബൈല്‍ വാങ്ങുന്നതിന് ഓണക്കാലത്തിനായി കാത്തിരിക്കുകയാണ് ഉപയോക്താക്കളെന്ന് ഓക്സിജന്‍ ഡിജിറ്റല്‍സ് ഉടമ ഷിജോ കെ തോമസ് പറഞ്ഞു.

ഓഫീസ് ആവശ്യങ്ങള്‍ക്കും വ്യക്തിപരമായ ആശയവിനിമത്തിനും അനിവാര്യ ഘടകമായി മാറിയതോടെയാണ് മൊബൈല്‍ ഓണവിപണിയില്‍ അനിഷേധ്യ സാന്നിധ്യമായി ഉയര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നരലക്ഷത്തിലേറെ സ്മാര്‍ട്ട് ഫോണാണ് പ്രതിമാസം കേരളത്തില്‍ വിറ്റഴിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top