20 March Monday

രക്ഷയില്ലെന്ന് ആര്‍ബിഐയും

എന്‍ എംUpdated: Sunday Jun 11, 2017

കുളമായ സമ്പദ്വ്യവസ്ഥയെ ആരു നേരെയാക്കും. റിസര്‍വ് ബാങ്ക് വിചാരിച്ചാല്‍ പറ്റുമോ. പറ്റില്ലെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്നതായിരുന്നു പോയവാരം റിസര്‍വ് ബാങ്ക് പണനയസമിതി പ്രഖ്യാപിച്ച ദ്വൈമാസ പണാവലോകന നയത്തിന്റെ ഉള്ളടക്കം.സമ്പദ്വ്യവസ്ഥയുടെ സകല മേഖലയിലും തകര്‍ച്ച ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്ക് കുറച്ച് വളര്‍ച്ചയെ സഹായിക്കണമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്.

എന്നാല്‍, ആര്‍ബിഐ അതിന് മെനക്കെട്ടില്ല. റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്കു കുറച്ച് ബാങ്കുകളും പലിശനിരക്ക് കുറയ്ക്കണമെന്ന് നിര്‍ദേശിച്ചതുകൊണ്ടൊന്നും സമ്പദ്വ്യവസ്ഥ രക്ഷപ്പെടില്ലെന്ന് ആര്‍ബിഐക്ക് വ്യക്തമായിക്കഴിഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തിരുത്തലുകളാണ്വേണ്ടതെന്ന സൂചന നല്‍കുന്ന ആര്‍ബിഐ പണനയസമിതി റിപ്പോ കുറച്ചാല്‍ പണപ്പെരുപ്പം (വിലക്കയറ്റം) ഇനിയും വര്‍ധിച്ചേക്കാമെന്നും കരുതുന്നു. അതുകൊണ്ട്, സമ്പദ്വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത വര്‍ധിപ്പക്കുന്ന ഒരു നടപടിയും വേണ്ടെന്ന്ആര്‍ബിഐ കരുതുന്നു. അതിനാല്‍തന്നെ നിരക്കുകളിലൊന്നും ആര്‍ബിഐ ഒരു മാറ്റവും വരുത്തിയില്ല. അങ്ങനെ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരോ ബാങ്കിങ് വിദഗ്ധരോ പ്രതീക്ഷിച്ചതുമില്ല.

പലിശനിരക്ക് കുറച്ചാല്‍ ബാങ്ക് വായ്പകളും മുതല്‍മുടക്കും വര്‍ധിക്കുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മുന്നോട്ടു കുതിക്കുമെന്നാണ് പൊതുവില്‍ കരുതുന്നത്. എന്നാല്‍, സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലയിലും മുരടിപ്പ് ബാധിച്ചിരിക്കുന്നതിനാല്‍ മുതല്‍മുടക്കും വായ്പയും കുറഞ്ഞുവരുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി തുടരുന്നത്. അതിനു പിന്നാലെയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച് രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങളാകെ മരവിപ്പിച്ചത്. 2016-17 വര്‍ഷത്തില്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനം ആറുശതമാനത്തോളമായി കുറയുമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ സമ്മതിച്ചുകഴിഞ്ഞു.
സ്വകാര്യ മുതല്‍മുടക്കിലെ പിന്നോട്ടി, കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കാനുള്ള കോടിക്കണക്കിന് രൂപ കിട്ടാക്കടമായതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി, അടിസ്ഥാന ഘടകമേഖലകളിലെല്ലാം നേരിടുന്ന പ്രതിസന്ധി, മുതല്‍മുടക്കില്ലായ്മ, ഐടി മേഖലയിലടക്കം സംഭവിച്ച രൂക്ഷമായ തൊഴിലില്ലായ്മ, കൂട്ടപിരിച്ചുവിടല്‍, നോട്ട്നിരോധം, അനൌപചാരിക സാമ്പത്തികമേഖലകളില്‍ വരുത്തിവച്ച ഉല്‍പ്പാദന-തൊഴില്‍തകര്‍ച്ച തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളാല്‍ സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണ്. ഈ സ്ഥിതി മറികടക്കാന്‍ കേവലം പണനയ (മോണിറ്ററി പോളിസി) നടപടികള്‍കൊണ്ട് ഒന്നുമാവില്ലെന്ന് ആര്‍ബിഐ ഇപ്പോള്‍ പറയാതെപറയുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങളായി നേരിടുന്ന സാഹചര്യത്തിന്റെ തുടര്‍ച്ചതന്നെയാണിത്. പിന്നിട്ട സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജിഡിപി (മൊത്തം ആഭ്യന്തരോല്‍പ്പാദനം) ആറുശതമാനമായി കുറയുമെന്ന കണക്കുകള്‍ക്കൊപ്പംതന്നെ അതിനു മുന്നേയുള്ള എല്ലാ പാദത്തിലും സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളും പിന്നോട്ടു പോവുകയായിരുന്നുവെന്നും കാണേണ്ടതുണ്ട്. പിന്നിട്ട സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ നിര്‍മാണമേഖല ഒട്ടും വളര്‍ന്നില്ലെന്നു മാത്രമല്ല, വലിയ പിന്നോട്ടടി നേരിടുകയാണുണ്ടായത്- 3.7 ശതമാനം ന്യൂനവളര്‍ച്ച. വ്യവസായ മേഖല കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഓരോ പാദത്തിലും പിന്നോട്ടായിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുപ്രകാരംതന്നെ  വ്യവസായമേഖലയുടെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനത്തോളം മാത്രം. സേവനമേഖലയായിരുന്നു സാമ്പത്തികവളര്‍ച്ചാനിരക്കില്‍ പലപ്പോഴും മുന്നില്‍നിന്നത്.  അതും തുടര്‍ച്ചയായി കുറഞ്ഞുവരുന്ന പ്രവണതയാണ് 2016-17 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ 8.2 ശതമാനമായിരുന്ന സേവനമേഖലയിലെ വളര്‍ച്ചാ നിരക്ക് തുടര്‍ന്ന് 7.4, 6.4, 5.7 എന്നിങ്ങനെ കുറയുകയായിരുന്നു. ഖനനം, ഉല്‍പ്പന്ന നിര്‍മാണ വ്യവസായം എന്നിവയിലും  തകര്‍ച്ച തന്നെ. വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലും തകര്‍ച്ച തുടരുന്നു. നോട്ട്പ്രതിസന്ധിയുടെ നേരിട്ടുള്ള പ്രത്യാഘാതമായി ഇതിനെ കണക്കാക്കാം. ഈയൊരു സാഹചര്യത്തിലാണ് രക്ഷയില്ലെന്നുപറഞ്ഞ് റിസര്‍വ് ബാങ്കും കൈമലര്‍ത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top