19 March Tuesday

വായ്പകള്‍ വാരിക്കുഴി ആകാതിരിക്കാന്‍

കെ കെ ജയകുമാര്‍Updated: Sunday Jun 11, 2017

എന്തുവന്നാലുമെന്താ വായ്പ ഉണ്ടല്ലോ എന്ന മട്ടിലാണ് നമ്മുടെയെല്ലാം ജീവിതം. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ നമുക്ക് ഒരു മടിയുമില്ല. പണം ഒരു പ്രശ്നമല്ല. കൈയില്‍ പണമില്ലെങ്കില്‍ വായ്പയെടുക്കും. ഭൂരിഭാഗം മലയാളികളും ഏറെക്കുറെ സ്ഥിരവരുമാനം ഉള്ളവരായതിനാല്‍ ബാങ്കുകളില്‍നിന്ന് വായ്പയും പെട്ടെന്ന് കിട്ടും. വ്യക്തിഗതവായ്പ, സ്വര്‍ണവായ്പ, കാര്‍ വായ്പ... ഇവയിലേതെങ്കിലും ഇല്ലാത്ത ഒരു മലയാളിയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒന്നിലേറെ വായ്പ ഇല്ലാത്തവരും ചുരുക്കമാണ്.

പലര്‍ക്കും അറിയില്ല തങ്ങള്‍ കടക്കെണിയിലേക്കാണ് നടന്നടുക്കുന്നതെന്ന്. മാസവരുമാനത്തിന്റെ പകുതിയില്‍ കൂടുതല്‍ പ്രതിമാസം വായ്പാ തിരിച്ചടവിനായി പോകുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട നിങ്ങള്‍ കടക്കെണിയില്‍തന്നെ. തിരിച്ചടവ് നിങ്ങള്‍ മുടങ്ങാതെ നടത്തുന്നുണ്ടെങ്കില്‍പ്പോലും ധനകാര്യസ്ഥാപനങ്ങള്‍ നിങ്ങളെ ഒരു സാമ്പത്തികരോഗിയായിട്ടേ കാണൂ. അത്യാവശ്യത്തിന് പുതിയൊരു വായ്പയ്ക്കായി ചെന്നാല്‍ അവര്‍ നിങ്ങളുടെ അപേക്ഷ തള്ളും.

കിട്ടുന്ന ശമ്പളത്തിന്റെ ഗണ്യമായ പങ്ക് വായ്പാ തിരിച്ചടവിനായി പോകുകയാണെങ്കില്‍ സംശയിക്കേണ്ട നിങ്ങള്‍ കടക്കെണിയില്‍തന്നെ. എന്തെങ്കിലും ഒരു സാമ്പത്തികാവശ്യം പെട്ടെന്ന് വന്നാല്‍ ഉറപ്പായും നിങ്ങളുടെ ഈ തിരിച്ചടവെല്ലാം മുടങ്ങും. മാത്രമല്ല, ഒരിക്കല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് അതിന്റെ കുടിശ്ശികതീര്‍ത്ത്് പഴയ അവസ്ഥയിലെത്താന്‍ കഴിഞ്ഞെന്നും വരില്ല. നിങ്ങള്‍ ഇത്തരത്തിലുള്ള ആളാണെങ്കില്‍ വായ്പകള്‍ ക്രമീകരിച്ച് കടക്കെണിയില്‍നിന്ന് പുറത്തുകടക്കാന്‍ ഇപ്പോഴേ ശ്രമിക്കുക.

വായ്പകളുടെ പട്ടിക  ഉണ്ടാക്കുക. വായ്പാ തുകയും ഇനി തിരിച്ചടയ്ക്കാനുള്ള തുകയും പലിശനിരക്കും അവശേഷിക്കുന്ന കാലാവധിയും കണക്കാക്കുക. വായ്പകളെല്ലാം തിരിച്ചടച്ച് ഒഴിവാക്കേണ്ടതില്ല. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് വരുമാനത്തിന്റെ 25 ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിങ്ങള്‍ ആദായനികുതി നല്‍കുന്ന ആളാണെങ്കില്‍ നികുതിയിളവുള്ള വായ്പകളൊന്നും അടച്ചുതീര്‍ക്കേണ്ട. അത് തുടരുക.

പലിശനിരക്ക് ഏറ്റവും കൂടിയ വായ്പകള്‍ ആദ്യം ഒഴിവാക്കണം. ക്രെഡിറ്റ് കാര്‍ഡ് വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയവ ഉദാഹരണം. ഇതില്‍ നിങ്ങള്‍ പ്രതിവര്‍ഷം നല്‍കുന്ന പലിശനിരക്കിനെക്കാള്‍ കുറഞ്ഞ രീതിയില്‍ ലാഭം തരുന്ന നിക്ഷേപങ്ങള്‍ ഏതാണെന്ന് കണക്കാക്കുക. ഉദാഹരണമായി ഫിക്സഡ് ഡെപ്പോസിറ്റില്‍നിന്ന് കഴിഞ്ഞ ഏതാനും മാസം മുമ്പുവരെ കിട്ടിയിരുന്നത് എട്ടു ശതമാനം വാര്‍ഷിക പലിശയാണ്. അത്തരമൊരു നിക്ഷേപത്തില്‍ പണം സൂക്ഷിച്ച് 14 ശതമാനം പലിശ ഈടാക്കുന്ന വ്യക്തിഗതവായ്പ തുടരണോ. ഇതേപോലെ ഓരോ നിക്ഷേപവും വിലയിരുത്തി കൂടിയ പലിശനിരക്കുള്ള വായ്പകള്‍ അവസാനിപ്പിക്കുക. ക്രെഡിറ്റ് കാര്‍ഡ് വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയ പലിശനിരക്ക് കൂടിയ വായ്പകള്‍ കഴിയുന്നത്ര വേഗം അടച്ചുതീര്‍ക്കണം. തിരിച്ചടവു മുടങ്ങിയാല്‍ ഇത്തരം വായ്പകളുടെ പിഴ വളരെ കൂടിയ നിരക്കിലാകും.

വായ്പ അടച്ചുതീര്‍ക്കാന്‍ നിക്ഷേപങ്ങളൊന്നും ഇല്ലെങ്കില്‍ പലിശ കൂടിയ വായ്പകള്‍ തീര്‍ക്കാനായി പലിശ കുറഞ്ഞ പുതിയ വായ്പയെടുക്കുന്നതില്‍ തെറ്റില്ല. വീടു പുതുക്കിപ്പണിയുന്നതിനുള്ള വായ്പ, ഈട് നല്‍കി ലഭിക്കുന്ന വായ്പ തുടങ്ങിയവ കുറഞ്ഞ പലിശയുള്ള വായ്പകളാണ്. താരതമ്യേന കൂടിയ തിരിച്ചടവു കാലയളവും ഇത്തരം വായ്പകള്‍ക്ക് ലഭിക്കും.

ഒരിക്കല്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍ അതില്‍നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. ചിലന്തിവലപോലെയാണ്. പുറത്തുകടക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുരുക്കിലാകും. അതുകൊണ്ട് കഴിയുന്നത്ര വായ്പകള്‍ കുറയ്ക്കുക. വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചടവുവരുന്ന രീതിയില്‍ വായ്പകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top