26 April Friday

സ്ഥലവും കെട്ടിടവും വില്‍ക്കുമ്പോള്‍ ആദായനികുതി ബാധകമോ?

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2017

സ്ഥലവും കെട്ടിടവും വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭത്തിന് ആദായ നികുതി ബാധകമാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ലാഭം നികുതിവിധേയമാണെങ്കിലും ലാഭം കണക്കുകൂട്ടുന്ന രീതിക്കും നികുതിനിരക്കിനും ഇളവുകള്‍ക്കും ആദായനികുതി നിയമത്തില്‍തന്നെ പ്രത്യേക വ്യവസ്ഥകളുണ്ട്്. സ്ഥലവും കെട്ടിടവുമൊക്കെ ഉള്‍പ്പെട്ട ആസ്തികളെ രണ്ടായി തിരിച്ചിട്ടുണ്ട്. ദീര്‍ഘകാല മൂലധന ആസ്തിയും ഹ്രസ്വകാല മൂലധന ആസ്തിയുമാണ് അവ. 2016-17 സാമ്പത്തികവര്‍ഷംവരെ മൂന്നു വര്‍ഷം കൈവശംവച്ചിട്ടുള്ള ആസതികളായിരുന്നു ദീര്‍ഘകാല മൂലധന ആസ്തികളെങ്കില്‍ 2017-18 സാമ്പത്തികവര്‍ഷംമുതല്‍ രണ്ടുവര്‍ഷം കൈവശംവച്ചിട്ടുള്ള ആസ്തികളെയും ദീര്‍ഘകാല മൂലധന ആസ്തികളായി കണക്കാക്കാവുന്നതാണ്്. ഈ കാലയളവില്‍ കുറവുകാലം കൈവശംവച്ചിട്ടുള്ള ആസ്തികളൊക്കെ ഹ്രസ്വകാല മൂലധന ആസ്തികളാണ്.

സാധാരണ നിലയ്ക്ക് വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് ലാഭം എന്നു പറയുന്നതെങ്കിലും ദീര്‍ഘകാല മൂലധന ആസ്തി വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം കണക്കാക്കുന്നതില്‍ വ്യത്യാസമുണ്ട്. ആസ്തിയുടെ വാങ്ങിയ വിലയില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വിലവര്‍ധന സൂചികയുടെ മാറ്റംകൂടി കണക്കിലെടുത്ത് കിട്ടുന്ന സംഖ്യയെ വിറ്റ വിലയില്‍നിന്ന് കുറയ്ക്കുമ്പോഴാണ് ഈ ലാഭത്തെ ദീര്‍ഘകാല മൂലധന ലാഭമെന്നു നിര്‍വചിക്കുന്നത്. ലാഭത്തിന്റെ  20 ശതമാനം നികുതി നല്‍കുകയും വേണം. ഹ്രസ്വകാല മൂലധന ലാഭത്തിന് സാധാരണ നിരക്കിലുള്ള, അതായത് മൊത്തവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിനിരക്കുതന്നെയാണ്.

അതായത് 2.5 ലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ 10 ശതമാനം, അഞ്ചുലക്ഷംമുതല്‍ 10 ലക്ഷംവരെ 20 ശതമാനം, 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. ദീര്‍ഘകാല മൂലധന ആസ്തി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നികുതി ഒഴിവാക്കണമെങ്കില്‍ ചില തരം നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. വിറ്റ ദീര്‍ഘകാല മൂലധന ആസ്തി വീടാണെങ്കില്‍ കിട്ടിയ ലാഭം മറ്റൊരു വീടിനുവേണ്ടി നിക്ഷേപിച്ചാല്‍ നികുതി കൊടുക്കേണ്ടതില്ല. വീടു വില്‍ക്കുന്ന ആളുടെ പേരില്‍ത്തന്നെയാകണം പുതിയ വീട് വാങ്ങേണ്ടത്. പലപ്പോഴും സംഭവിക്കുന്നത് മാതാപിതാക്കളുടെ വീടു വിറ്റ് മക്കളുടെ പേരിലും ഭര്‍ത്താവിന്റെ പേരിലുള്ള വീടു വിറ്റ് ഭാര്യയുടെ പേരിലുമൊക്കെ വാങ്ങാറുണ്ട്. ഇങ്ങനെ വിറ്റയാളിന്റെ പേരിലല്ലാതെ പുതിയതു വാങ്ങിയാല്‍ ഇളവിന് അര്‍ഹതയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പുതിയ വീട് വാങ്ങുകയാണെങ്കില്‍ വീട് വിറ്റ തീയതിക്ക് ഒരുവര്‍ഷം മുമ്പോ വിറ്റശേഷം രണ്ടുവര്‍ഷത്തിനകമോ പുതിയ വീട് വാങ്ങണം. ഇനി പുതിയ വീട് നിര്‍മിക്കുകയാണെങ്കില്‍ വിറ്റ തീയതിക്കു മൂന്നുവര്‍ഷത്തിനുള്ളില്‍ പുതിയ വീട് പൂര്‍ത്തിയാക്കണം.

 വീട് വിറ്റ സാമ്പത്തികവര്‍ഷമോ ആ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിക്കു മുമ്പോ പുതുതായി വീട് വാങ്ങുകയോ പണിയുകയോ ചെയ്തിട്ടില്ലെങ്കില്‍ മൂലധനലാഭം ബാങ്കുകളിലെ മൂലധനലാഭ അക്കൌണ്ട് പദ്ധതിയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഈ നിക്ഷേപത്തില്‍നിന്നു പിന്‍വലിച്ചാണ് പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യേണ്ടത്. ഇത് മൂന്നുവര്‍ഷത്തിനുള്ളില്‍ വില്‍ക്കാനും പാടില്ല.

വീടു വിറ്റ് മൂലധന ലാഭം മറ്റൊരു വീടിനായി ഉപയോഗിച്ച് നികുതി ഒഴിവാക്കുന്നതുപോലെ വീടല്ലാത്ത മറ്റു മൂലധന ആസ്തികള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന മൊത്തം തുക (മൂലധനലാഭം മാത്രമല്ല) മറ്റൊരു വീടിനായി മുകളില്‍പ്പറഞ്ഞ നിബന്ധനകളോടെ നിക്ഷേപിച്ചാല്‍ ആ മൂലധന ലാഭവും നികുതിയില്‍നിന്ന് ഒഴിവാക്കിക്കിട്ടുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top