25 April Thursday

മുന്നേറ്റമില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍

കെ പി ഉദയഭാനുUpdated: Sunday Feb 11, 2018

കൊച്ചി > കൊപ്രയുടെ താഴ്ന്ന വില കേന്ദ്രം പുതുക്കിനിശ്ചയിച്ചത് വിപണിയില്‍ ചലനമുളവാക്കിയില്ല. കുരുമുളകിന്റെ ലഭ്യത ഉയര്‍ന്നത് ഉല്‍പ്പന്നവിലയെ വീണ്ടും ബാധിച്ചു.  രാജ്യാന്തര റബര്‍ മാര്‍ക്കറ്റിലെ മാന്ദ്യം ഇന്ത്യന്‍ വിപണിയെയും തളര്‍ത്തി. സംസ്ഥാനത്ത് മഞ്ഞലോഹത്തിന്റെ നിരക്ക് കുറഞ്ഞു.

നാളികേര വിളവെടുപ്പിനിടയില്‍ കേന്ദ്രം കൊപ്രയുടെ താങ്ങുവില പുതുക്കിനിശ്ചയിച്ചത് വിപണിയില്‍ കാര്യമായ ചലനമുളവാക്കിയില്ല. മില്ലിങ് കൊപ്രയുടെ താഴ്ന്ന വില 6500 രൂപയില്‍നിന്ന് 7500 ലേക്ക് ഉയര്‍ത്തി. കൊപ്രയുടെ വിപണിവില 12,780 രൂപയില്‍ നീങ്ങവേ മാര്‍ക്കറ്റ് നിരക്കിനെക്കാള്‍ ക്വിന്റലിന് 5280 രൂപ താഴെയാണ് കേന്ദ്രം വില നിശ്ചയിച്ചത്. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. മാസത്തിന്റെ രണ്ടാം പകുതിയില്‍ തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അതേസമയം വന്‍കിട മില്ലുകള്‍ മുഖ്യവിപണികളിലേക്കുള്ള എണ്ണനീക്കം കുറച്ചു. എന്നാല്‍ ചെറുകിട വിപണികളില്‍ വില്‍പ്പന പ്രതീക്ഷിച്ചപോലെ ഉയരുന്നില്ലെന്നാണ് വിവരം. ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണയുടെ ഉയര്‍ന്നവിലതന്നെയാണ് വില്‍പ്പന ചുരുങ്ങാന്‍ ഇടയാക്കുന്നത്. ഗ്രാമീണമേഖലകളിലെ കൊപ്രക്കളങ്ങള്‍ സജീവമാണ്. ചെറുകിട കര്‍ഷകരും കൊപ്ര ഉല്‍പ്പാദിപ്പിക്കാന്‍ ഉത്സാഹിക്കുന്നുണ്ട്. കൊച്ചിയില്‍— വെളിച്ചെണ്ണ 19,000 രൂപയില്‍ തുടരുന്നു.

കുരുമുളകിന് പിന്നിട്ടവാരം ക്വിന്റലിന്—2100 രൂപയുടെ വിലയിടിവ്. ഇടുക്കി, വയനാട്, പത്തനംതിട്ട, കൊല്ലം ഭാഗങ്ങളില്‍ വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ വ്യവസായികള്‍ ഇറക്കുമതി ചരക്ക് വില്‍പ്പനയ്ക്കെത്തിച്ചത് വിലത്തകര്‍ച്ചയുടെ ആക്കംകൂട്ടി. ഇതിനിടയില്‍ വെയര്‍ഹൌസ് ഗോഡൌണുകളില്‍ സ്റ്റോക്കുണ്ടായിരുന്ന ചരക്കും രംഗത്തിറങ്ങിയെന്നാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍.

ഹൈറേഞ്ച് ചരക്ക് വിലയെ അപേക്ഷിച്ച് അല്‍പ്പം താഴ്ന്നാണ് വയനാടന്‍ മുളകിന്റെ വിപണനം നടന്നത്. എന്നാല്‍ അതിനെക്കാള്‍ താഴ്ത്തി ഇറക്കുമതി ചരക്ക് വിറ്റഴിക്കാന്‍ വ്യവസായികള്‍ നീക്കംനടത്തിയത് വ്യാപാരരംഗത്ത് സമ്മര്‍ദം ഉളവാക്കി. ഇതിനിടയില്‍ ഒലിയോറസിന്‍ വ്യവസായികള്‍ക്ക് യഥേഷ്ടം മുപ്പുകുറഞ്ഞ മുളക് ഇറക്കുമതിക്ക് കേന്ദ്രം അനുമതി നല്‍കിയതും വിപണിയെ ബാധിച്ചു. നേരത്തെ ഇതേ അനുമതിയുടെ മറവിലാണ് മൂപ്പുകൂടിയ ചരക്കും ഇറക്കുമതി നടത്തി ആഭ്യന്തരവിപണി തകര്‍ത്തത്.   

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകുവില ടണ്ണിന് 7100-7400 ഡോളറില്‍നിന്ന് 6675-6925 ലേക്ക് ഇടിഞ്ഞു. നിരക്ക് താഴ്ന്നതല്ലാതെ പുതിയ വിദേശ കച്ചവടങ്ങള്‍ നടന്നതായി സൂചനയില്ല. കയറ്റുമതിക്കാര്‍ ചെറിയ അളവില്‍ ചരക്ക് സംഭരിച്ചു. അതേസമയം വിലയിടിവു കണ്ട് അന്തര്‍സംസ്ഥാന വ്യാപാരികള്‍ രംഗത്തുനിന്ന് അല്‍പ്പം പിന്‍വലിഞ്ഞു. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 39,700 രൂപയിലും ഗാര്‍ബിള്‍ഡ് കുരുമുളക് 41,700 രൂപയിലുമാണ്.

രാജ്യാന്തര റബര്‍വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ വ്യവസായികള്‍ നേട്ടമാക്കി. വിദേശത്ത് റബര്‍വില ഇടിഞ്ഞുവെന്ന കാരണം ഉന്നയിച്ച് ആഭ്യന്തരനിരക്ക് ഇടിച്ച് പിന്നിട്ടവാരവും അവര്‍ ഷീറ്റ് സംഭരിച്ചു.— ടോകോം എക്സ്ചേഞ്ചില്‍ റബറിന് നേരിട്ട തളര്‍ച്ച വിട്ടുമാറിയില്ല. വിദേശവിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ യെന്നിന്റെ നീക്കങ്ങളാണ് ഓപ്പറേറ്റര്‍മാരെ റബറില്‍ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചത്.  നാലാം ഗ്രേഡ് കൊച്ചിയില്‍ 12,350  രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്.—വരണ്ട കാലാവസ്ഥമൂലം സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിങ് നിലച്ചു.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ 22,480 രൂപയില്‍നിന്ന് 22,720ലേക്ക് കയറിയെങ്കിലും പിന്നീട് 22,240 രൂപയായി ഇടിഞ്ഞു. ഒരു ഗ്രാമിന്റെ വില 2780 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top