24 April Wednesday

ഓഹരിനിക്ഷേപത്തിന് ദീര്‍ഘകാല മൂലധനനേട്ട നികുതി

കെ അരവിന്ദ്Updated: Sunday Feb 11, 2018

ഹരികളില്‍നിന്നും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നുമുള്ള ദീര്‍ഘകാല മൂലധനനേട്ടത്തിന് നികുതിചുമത്തുന്ന ഏര്‍പ്പാട് ഏകദേശം ഒന്നരപ്പതിറ്റാണ്ടിനുശേഷം ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെറ്റ്ലി തിരിച്ചുകൊണ്ടുവന്നു. വിപണിയുടെ കുതിപ്പിനെത്തുടര്‍ന്ന് ഓഹരിനിക്ഷേപത്തില്‍നിന്നുമുള്ള നിക്ഷേപകരുടെ നേട്ടം ഉയര്‍ന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തില്‍ നേട്ടത്തിന് നികുതി നല്‍കാന്‍ നിക്ഷേപകരെ ബാധ്യസ്ഥരാക്കിയിരിക്കുകയാണ് സുപ്രധാനമായ നിര്‍ദേശത്തിലൂടെ അരുണ്‍ ജെറ്റ്ലി.

ഓഹരികളും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ഫണ്ട് യൂണിറ്റുകളും ഒരുവര്‍ഷം കൈവശംവച്ചശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരുലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ 10 ശതമാനം നികുതി നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. നേട്ടം ഒരുലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ നികുതി ബാധകമല്ല.

2018 ജനുവരി 31 വരെ ഓഹരികളോ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളോ വിറ്റ് ലഭിച്ച ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ലെന്ന് വ്യവസ്ഥചെയ്തിരുന്നു. അതായത് ഫെബ്രുവരിമുതലാണ് ദീര്‍ഘകാല മൂലധനനേട്ട നികുതി പ്രാബല്യത്തില്‍വന്നത്.

ഹ്രസ്വകാല മൂലധനനേട്ട നികുതിസംബന്ധിച്ച വ്യവസ്ഥ നിലവിലുള്ളതുപോലെ തുടരും. ഓഹരികളോ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളോ ഒരുവര്‍ഷത്തില്‍ താഴെ കൈവശം വച്ചശേഷം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടത്തിന് 15 ശതമാനം നികുതി നല്‍കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ.

2018 ജനുവരി 31ന് മുമ്പുള്ള നിക്ഷേപത്തിന് അന്ന് രേഖപ്പെടുത്തിയ കൂടിയ തുകയോ വാങ്ങിയ തുകയോ ഏതാണോ കൂടുതല്‍ അതിന്മേലുള്ള നേട്ടത്തിനാകണം നികുതി കണക്കാക്കേണ്ടത്. ഉദാഹരണത്തിന് 2017 ആഗസ്തില്‍ വാങ്ങിയ ഓഹരിയുടെ വില 100 രൂപയും 2018 ജനുവരി 31ലെ കൂടിയ വില 120 രൂപയും ആണെന്നിരിക്കട്ടെ. ഒരുവര്‍ഷം കഴിഞ്ഞ് ഓഹരി 150 രൂപയ്ക്ക് വിറ്റാലും ജനുവരി 31ലെ കൂടിയ വിലയുമായുള്ള വ്യത്യാസം കണക്കാക്കിയാണ് നികുതി നല്‍കേണ്ടത്. അതായത് 150ല്‍നിന്ന് 120 രൂപ കിഴിച്ച് കിട്ടുന്ന 30 രൂപയാണ് നികുതി.

ഗ്രോത്ത്പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഉചിതം
ദീര്‍ഘകാല മൂലധനനേട്ട നികുതി ഒഴിവാക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ളാനുകള്‍ തെരഞ്ഞെടുക്കുന്നത് ഉചിതമാകില്ല. മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ളാനുകള്‍ക്ക് 10 ശതമാനം ലാഭവിഹിത വിതരണ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിവിഡന്റ് പ്ളാനുകള്‍ ഇടയ്ക്കിടെ ലാഭവിഹിതം നല്‍കുന്നതിനാല്‍ നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് ഗ്രോത്ത് പ്ളാനുകളെക്കാള്‍ നേട്ടം കുറവാകും. അത്തരത്തില്‍ നികുതി ലാഭിക്കുന്നത് ഒഴിവാക്കാന്‍വേണ്ടിയാണ് 10 ശതമാനം ലാഭവിഹിത വിതരണനികുതി ഏര്‍പ്പെടുത്തിയത്.

പത്തു ശതമാനം ലാഭവിഹിത വിതരണനികുതി എന്നത് ഇക്വിറ്റി ഫണ്ടുകള്‍ എല്ലാ നിക്ഷേപകര്‍ക്കും നല്‍കുന്ന ലാഭവിഹിതത്തിന് ബാധകമാണ്. ഫണ്ട് ഹൌസുകളാകും തങ്ങള്‍ വിതരണംചെയ്യുന്ന ലാഭവിഹിതത്തിന് നികുതി നല്‍കേണ്ടത്. സ്വാഭാവികമായും ഈ നികുതി കിഴിച്ചശേഷമുള്ള ലാഭമേ നിക്ഷേപകര്‍ക്ക് ലഭിക്കുകയുള്ളൂ.

ഗ്രോത്ത് പ്ളാനുകളില്‍ നേട്ടം ഒരുലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. അതേസമയം ഡിവിഡന്റ് പ്ളാനുകളില്‍ ഫലത്തില്‍ ഓരോ തവണ ലാഭം കിട്ടുമ്പോഴും നിക്ഷേപകന്‍ പരോക്ഷമായി നികുതി നല്‍കേണ്ടിവരും. അതിനാല്‍ ഡിവിഡന്റ് പ്ളാനുകള്‍ക്ക് പകരം ഗ്രോത്ത് പ്ളാനുകള്‍ തെരഞ്ഞെടുത്തു നിക്ഷേപിക്കുന്നതാകും ഉചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top