01 December Friday
രണ്ട് വോട്ടിന് വേണ്ടി അവിശുദ്ധ കൂട്ടുകെട്ട്

മതേതരത്വം തകര്‍ക്കുന്നവര്‍ക്കെതിരെ ജാഗ്രതവേണം: പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 10, 2016

തിരുവനന്തപുരം> മതവിശ്വാസത്തേയും വിശ്വാസികളേയും റാഞ്ചാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ നീക്കത്തിനെതിരെ ജാഗ്രതവേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം അസഹിഷ്ണുത വളരുകയാണെന്നും അത് മതേതര സങ്കല്‍പ്പത്തിനും ലോകത്തിന് മുന്നില്‍ ഇന്ത്യ കാഴ്ചവെച്ച ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ചിന്താധാരക്കും മങ്ങലേല്‍പ്പിക്കുന്നതുമാണെന്നും പിണറായി പറഞ്ഞു. ഹിന്ദു പാര്‍ലമെന്റ് ജനസഭ സംഘടിപ്പിച്ച ഹിന്ദു സമൂഹവും മതേതര സങ്കല്‍പ്പവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഇവിടെ രണ്ട് സീറ്റിനും നാല് വോട്ടിനുംവേണ്ടി അവിശുദ്ധമായ കൂട്ടുകെട്ടിനാണ് ശ്രമം. ബിജെപിയും കോണ്‍ഗ്രസും അത്തരത്തില്‍ അവിശുദ്ധ സംഖ്യത്തിനാണ് നീങ്ങുന്നത്. കേന്ദ്രത്തിനെതിരായ സംയുക്ത തൊഴിലാളി  സമരത്തില്‍നിന്ന് കേരളത്തില്‍ മാത്രം ബിഎംഎസിനൊപ്പം ഐഎന്‍ടിയുസിയും വിട്ടുനില്‍ക്കുന്നത് അതിന്റെ സൂചനയാണെന്നും പിണറായി പറഞ്ഞു. 

മതേതരസങ്കല്‍പ്പത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സംഘാടകരുടെ ഉറപ്പിലാണ് സെമിനാറിനെത്തിയതെന്നും പിണറായി പറഞ്ഞു. മതവിശ്വാസവും ആചാരങ്ങളും ചിലര്‍ പറയുന്ന പോലെ വേണമെന്നും എതിരഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കുകയില്ലെന്നും പറയുന്നിടത്താണ് അസഹിഷ്ണുത വളരുന്നത്. വൈരുദ്ധ്യങ്ങളില്‍ ഏകത്വം കണ്ടെത്തിയ രാജ്യത്തിപ്പോള്‍ എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളാനാണ് സംഘപരിവാറടക്കമുള്ള സംഘടനകള്‍ ശ്രമിക്കുന്നത്.

ആത്മീയതയെ മുറുകെ പിടിച്ചിരുന്ന മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെ പറഞ്ഞതും അത് ആത്മീയതക്ക് വേണ്ടിയാണെന്നാണ്. അങ്ങനെ രണ്ട് തരം ആത്മീയത ഉണ്ടാകാനിടയില്ലല്ലോ. അപ്പോള്‍ രണ്ടാമത്തെ ആത്മീയതക്ക് എന്തോ കുഴപ്പമുണ്ട്. ആ അത്മീയതയാണ് നരേന്ദ്ര ധബോല്‍ക്കറേയും എംഎം കലബുര്‍ഗിയുേം ഗോവിന്ദ് പന്‍സാരയേയും ഇല്ലാതാക്കിയത്. ക്ഷേത്രത്തിലേക്ക് പോകുന്ന കുട്ടികളെ പിടികൂടി കുറുവടി അഭ്യസിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ വളരുമ്പോള്‍ , അമ്പലങ്ങള്‍ ആയുധപുരകളാകുമ്പോള്‍ വിശ്വാസികളായ രക്ഷിതാക്കള്‍ അതേകുറിച്ചുകൂടി മനസിലാക്കാന്‍ ശ്രമിക്കണം. അത് ഏത് മതവിശ്വാസികള്‍ ആണെങ്കിലും  ജാഗ്രത പാലിക്കണം.

രാജ്യത്ത് രോഹിത് വെമൂലമാരും കനയ്യകുമാരുമാരും ഉയര്‍ന്ന് വരരുതെന്നാണ് ചിലരുടെ ആവശ്യം. ഇത്തരക്കാര്‍ സംവരണത്തിനും എതിരാണ്. സംവരണത്തിന് തങ്ങള്‍ എതിരാണെന്ന് സംഘപരിവാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവരുമായാണ് വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടുന്നത്. ഇവിടെ 19ാാം നൂറ്റാണ്ടുമുതല്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ് കേരള സമൂഹത്തെ ഇന്നത്തെ നിലയില്‍ രൂപപെടുത്തിയത്. വാഗ്ഭടാനന്ദനും ശ്രീനാരായണ ഗുരുവും വി ടി ഭട്ടത്തിരിപ്പാടും കുമാരഗുരുവുമെല്ലാം അതിന് ഏറെ പരിശ്രമിച്ചിട്ടുമുണ്ട്. അത്തരം ആശയങ്ങളെ  നിരാകരിക്കാനുള്ള പ്രവണതയാണ് എസ്എന്‍ഡിപിയടക്കമുള്ള സംഘടനകളുടെ നേതൃതത്തിലുളളവരുടെ നീക്കമെന്നും പിണറായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top