26 April Friday

മാര്‍ജിന്‍ മണി കണ്ടെത്താന്‍ വായ്പയും

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2016

വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുമ്പോള്‍ ഉപയോക്താവ് നിശ്ചിത ശതമാനം മാര്‍ജിന്‍തുക നല്‍കേണ്ടതുണ്ട്. ഈ തുക കണ്ടെത്തുക എന്നത് വിഷമകരമായ കടമ്പയാണ്. മാര്‍ജിന്‍ തുകയ്ക്ക് ആവശ്യമായ പണം കൈയിലില്ലെങ്കില്‍ മറ്റ് വായ്പാമാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. വായ്പയുടെ ആവശ്യം എത്രകാലത്തേക്കെന്നും പലിശനിരക്ക്എത്രയെന്നും കണക്കാക്കി വേണം ഇതു തെരഞ്ഞെടുക്കാന്‍. കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകള്‍ക്ക് നമ്മുടെ കൈവശമുള്ള ആസ്തികള്‍ ഉപയോഗിക്കാവുന്നതാണ്.

ആസ്തി പണയപ്പെടുത്തി എടുക്കുന്ന വായ്പകളില്‍ ഏറ്റവും പ്രിയം സ്വര്‍ണപ്പണയ വായ്പയ്ക്കാണ്്. ചില പൊതുമേഖലാ ബാങ്കുകള്‍ ഭൂനികുതി അടച്ചതിന്റെ രസീത് മാത്രം രേഖയായി സ്വീകരിച്ച് കാര്‍ഷികവായ്പയിനത്തില്‍ നല്‍കുന്ന സ്വര്‍ണവായ്പയ്ക്ക് ഈടാക്കുന്നത് 5–6 ശതമാനം പലിശ മാത്രമാണ്.
ഏതൊക്കെ ആസ്തികള്‍ പണയപ്പെടുത്തിയാലാണ് വായ്പ ലഭിക്കുന്നതെന്ന കാര്യത്തില്‍ ബോധവല്‍ക്കരണം പരിമിതമാണ്. ഉദാഹരണത്തിന് നമ്മുടെ കൈവശമുള്ള ആസ്തി വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ വാടകയിനത്തിലുള്ള വരുമാനം വായ്പ ലഭിക്കാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വീടോ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളോ ഏതെങ്കിലും അംഗീകൃത കമ്പനിക്കോ സ്ഥാപനത്തിനോ വാടകയ്ക്കു നല്‍കുകയും ഇതിലൂടെ സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കമ്പനിയുമായുള്ള വാടകക്കരാറിന്റെ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാക്കാവുന്നതാണ്.

കിട്ടാനുള്ള ഭാവിവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഇത്തരത്തില്‍ വായ്പ നല്‍കുന്നത്. വാടകയിനത്തില്‍ കിട്ടാനുള്ള വരുമാനത്തിന്റെ 60–85 ശതമാനംവരെ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുണ്ട്. ആസ്തിയുടെ വിപണിമൂല്യത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ വായ്പയായി ലഭിക്കുകയുമില്ല. വാടകക്കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് വായ്പ അടച്ചുതീര്‍ക്കണം. കൈവശമുള്ള ഓഹരികള്‍ പണയപ്പെടുത്തി വായ്പയെടുക്കാന്‍ സാധിക്കുമെങ്കിലും എല്ലാ ഓഹരികളും ബാങ്കുകള്‍ ഈടായി സ്വീകരിക്കാറില്ല. ഉദാഹരണത്തിന് എസ്ബിഐ ബിഎസ്ഇ 100ല്‍ ഉള്‍പ്പെട്ട ഓഹരികള്‍ മാത്രമാണ് ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നത്.

താഴ്ന്ന പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ പണയപ്പെടുത്തിയുള്ള വായ്പ. പണത്തിനുള്ള ഹ്രസ്വകാല ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമാണ് ഇത്തരം പോളിസികള്‍. കൈവശമുള്ള പോളിസിരേഖയുമായി കമ്പനിയെ സമീപിക്കുകയാണെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വായ്പ നല്‍കുന്ന സേവനമാണ് എല്‍ഐസിപോലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നത്. എല്‍ഐസി സാധാരണയായി ഒമ്പതു ശതമാനം പലിശയാണ് ഇത്തരം വായ്പകള്‍ക്കായി ഈടാക്കുന്നത്. സാധാരണ നിലയില്‍ എന്‍ഡോവ്മെന്റ് പോളിസികളാണ് ഈടുവച്ച് വായ്പയെടുക്കാവുന്നത്.

ബാങ്കുകളും ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നുണ്ട്. ബാങ്കുകള്‍ ഇത്തരം വായ്പയ്ക്ക് ഈടാക്കുന്ന പലിശ 12 മുതല്‍ 16 ശതമാനംവരെയാണ്. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍വികാസ് പത്ര, ബോണ്ടുകള്‍ തുടങ്ങിയവയും വായ്പയ്ക്കായി പണയപ്പെടുത്താവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top