25 April Thursday

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ലളിതമല്ല

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2016

ഓഹരികള്‍ തെരഞ്ഞെടുത്തു നിക്ഷേപിക്കുന്നതിന് വൈദഗ്ധ്യമില്ലാത്ത സാധാരണ നിക്ഷേപകര്‍ ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്നതിലുള്ള റിസ്ക് ഒഴിവാക്കുന്നതിനാണ് മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കുന്നതെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എളുപ്പം തീരുമാനം എടുക്കാവുന്നവിധം ലളിതമല്ല. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ തമ്മില്‍ മത്സരം നടക്കുന്ന മ്യൂച്വല്‍ ഫണ്ട് വിപണിയിലെ ഉല്‍പ്പന്നപ്രളയം നിക്ഷേപകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക സ്വാഭാവികം. ഏതു മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ഉല്‍പ്പന്നം തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകതന്നെ എളുപ്പമല്ല.

ഒരേ വിപണികാലാവസ്ഥയിലും ഫണ്ടുകളുടെ പ്രകടനത്തില്‍ ശക്തമായ അന്തരമാണ് ഉണ്ടാകുന്നത്. അടുത്തിടെ വിപണിയിലെത്തിയ ചില അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ചില ഫണ്ടുകള്‍ വിപണിയെ  വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ വളരെ പ്രമുഖരായ അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഫണ്ടുകള്‍ നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. ഫണ്ടോ കമ്പനിയോ കൈകാര്യംചെയ്യുന്ന ആസ്തി എത്രയെന്നത് ഫണ്ടുകളുടെ പ്രകടനത്തില്‍ മാനദണ്ഡമേയല്ല എന്നാണ് ഇതു കാണിക്കുന്നത്. പുതിയ കമ്പനികളുടെ ഫണ്ടുകള്‍ വളരെ മികച്ച നേട്ടം നിക്ഷേപകര്‍ക്കു നല്‍കുമ്പോള്‍ അത്തരം കമ്പനികളുടെ ഫണ്ടുകള്‍ ആകര്‍ഷകമാകുക സ്വാഭാവികം.

ആസ്തിയുടെ വലുപ്പം എത്രയായാലും അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജ്മെന്റിന്റെ മുന്‍കാല പ്രകടനംകൂടി പരിശോധിക്കുന്നത് നിക്ഷേപയോഗ്യമായ മ്യൂച്വല്‍ ഫണ്ട് കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമായി സ്വീകരിക്കേണ്ടതാണ്. അതുപോലെ ഫണ്ട് മാനേജരുടെ മുന്‍കാല പ്രകടനം ഫണ്ട് തെരഞ്ഞെടുക്കുന്നതിലുള്ള പ്രധാന മാനദണ്ഡമാണ്. ഫണ്ട് മാനേജര്‍മാര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പല ഫണ്ട് ഹൌസുകളിലും ജോലിചെയ്യുന്നത് സാധാരണമായിട്ടുണ്ട്. നല്ല ഫണ്ട് മാനേജര്‍മാരെ “തട്ടിയെടുക്കാന്‍’ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ മത്സരിക്കുന്നതുതന്നെ കാരണം. ചെറിയ ആസ്തിയുള്ള ഫണ്ട് ഹൌസ് ആണെങ്കിലും ദീര്‍ഘകാലത്തേക്ക് മികച്ച ഫണ്ട് മാനേജര്‍മാരെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ആ ഫണ്ട് ഹൌസിന്റെ ഉല്‍പ്പന്നങ്ങള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആശങ്കപ്പെടാനില്ല.

കുറഞ്ഞ ആസ്തിയുള്ള ഫണ്ടുകള്‍ പലപ്പോഴും മികച്ച നേട്ടം നല്‍കുന്നത് ചെറുകിട കമ്പനികളിലെ നിക്ഷേപത്തിലൂടെയാണ്.  ചെറിയ ആസ്തിയുള്ള പല ഫണ്ടുകളും അനലിസ്റ്റുകളുടെ വിശകലനപരിധിയില്‍ വരാറില്ല. റേറ്റിങ്ങില്‍ വരാത്ത ഇത്തരം ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ടെങ്കിലും ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുമുമ്പ് നിക്ഷേപകര്‍ ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top