26 April Friday

20 ലക്ഷം രൂപവരെ പലിശരഹിത വായ്പ നേടാം

അഡ്വ. ബി പ്രസന്നകുമാര്‍Updated: Sunday Jan 10, 2016

ഒരു സംരംഭം ആരംഭിക്കുന്നതിന് പൂര്‍ണമായും പലിശരഹിത സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് കേരള സംസ്ഥാന സംരംഭക വികസന മിഷന്‍. യുവാക്കളുടെ സംരംഭകസ്വപ്നം സംസ്ഥാനത്തിന്റെ വികസന സാക്ഷാല്‍ക്കാരമാക്കി മാറ്റാന്‍ ഈ മിഷന്‍ ഉപകരിക്കും. ആഭ്യന്തരവളര്‍ച്ച, സമഗ്രവികസനം, വ്യാവസായിക മുന്നേറ്റം, ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച, സ്വയംപര്യാപ്തത, വൈദഗ്ധ്യ വികസനം, പ്രാദേശിക തൊഴില്‍ലഭ്യത, സംരംഭകത്വ വര്‍ധനവ്, വാണിജ്യ സംസ്കാര വികസനം, സാമൂഹിക ഐക്യം, സര്‍വോപരി വിദ്യാസമ്പന്നരായ യുവതിയുവാക്കള്‍ക്കിടയില്‍ പുതുസംരംഭങ്ങള്‍ ആരംഭിക്കാനുള്ള പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുക എന്നിവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

2011–12 സാമ്പത്തികവര്‍ഷംമുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍വഴി ഈ പദ്ധതി നടപ്പാക്കുന്നു. നല്ല ആശയങ്ങളുള്ള തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരുടെ ഉന്നമനത്തിനും, അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ലളിതമായ ജാമ്യവ്യവസ്ഥകളിലൂടെ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാനപങ്ങളിലൂടെയും സാമ്പത്തികസഹായം നല്‍കുകയാണ് ഈ മിഷനിലൂടെ ലക്ഷ്യമിടുന്നത്.

പതിനെട്ടുമുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. വിധവകള്‍ക്ക് 45 വയസ്സുവരെയാകാം. +2/വൊക്കേഷണല്‍ കോഴ്സ് പാസാകണം. സ്ഥിരംജോലിയില്ലാത്ത പുതുസംരംഭകരാകണം. വായ്പ നല്‍കുന്നത് കെഎഫ്സിയും മറ്റു ബാങ്കുകളുമാണ്. പദ്ധതി അടങ്കലിന്റെ 90% വരെ വായ്പ ലഭിക്കും. മാര്‍ജിനായി 10% മാത്രം സംരംഭകര്‍ എടുത്താല്‍ മതി. ഒരു സംരംഭകന് ഏഴു ലക്ഷം എന്ന കണക്കില്‍ ഗ്രൂപ്പിന് പരമാവധി 20 ലക്ഷം രൂപവരെ ലഭിക്കും. രണ്ടുമുതല്‍ അഞ്ചുവരെ സംരംഭകര്‍ ഗ്രൂപ്പായി ചേര്‍ന്നാണ് സംരംഭം തുടങ്ങേണ്ടത്. ടെക്നോക്രാറ്റിന് 15 ലക്ഷം രൂപവരെ ധനസഹായം ഭിക്കും. ടെക്നോക്രാറ്റെന്നാല്‍– എന്‍ജിനിയറിങ് ബിരുദധാരികള്‍, മൂന്നുവര്‍ഷത്തെ എന്‍ജിനിയറിങ് ഡിപ്ളോമയുള്ളവര്‍, മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വൈദ്യശാസ്ത്രരംഗത്തെ സമസ്തവിഭാഗം ഡോക്ടര്‍ക്കും,

അവരവര്‍ക്ക് പ്രാവീണ്യമുള്ള പ്രവര്‍ത്തനമേഖലയില്‍ സംരംഭം തുടങ്ങാന്‍ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുകള്‍, കോസ്റ്റ് മാനേജ്മെന്റ് അക്കൌണ്ടന്റുകള്‍, എംബിഎ ബിരുദധാരികള്‍ എന്നിവര്‍ക്ക് ആനുകൂല്യം ലഭിക്കും. വായ്പയുടെ തിരിച്ചടവു കാലാവധി അഞ്ചുവര്‍ഷംവരെ. തിരിച്ചടവിന് ഒരുവര്‍ഷം മൊറട്ടോറിയം നല്‍കും.
സംരംഭം തുടങ്ങാനായി രണ്ടാഴ്ചത്തെ സംരംഭകത്വ വികസന പരിശീലനം നല്‍കും. ജില്ലാ വ്യവസായകേന്ദ്രത്തില്‍ രജിസ്റ്റര്‍ചെയ്യാവുന്ന സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നല്ല കാര്‍ഷികാധിഷ്ഠിത പദ്ധതികള്‍ക്ക് വായ്പ നല്‍കും.

നിര്‍മാണമേഖലയിലെ സംരംഭങ്ങള്‍ക്ക് യൂണിറ്റ് ആരംഭിച്ചശേഷം വ്യവസായവകുപ്പില്‍നിന്ന് പരമാവധി 30% വരെ നിക്ഷേപ പിന്തുണ പദ്ധതിയനുസരിച്ച് സ്ഥിരം മൂലധനത്തിന് സബ്സിഡിയും ലഭിക്കും. വിവരങ്ങള്‍ www.kfc.org ല്‍നിന്നു ലഭിക്കും.

മുന്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top