26 April Friday

ഒരാഴ്ചയില്‍ സ്വര്‍ണത്തിന് ഉയര്‍ന്നത് 640 രൂപ

കെ ബി ഉദയഭാനുUpdated: Sunday Jan 10, 2016

കൊച്ചി > പുതുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ റബര്‍വില ഉയരുമെന്ന മലേഷ്യന്‍ റബര്‍ബോര്‍ഡിന്റെ വിലയിരുത്തല്‍ കാറ്റില്‍ പ്പറത്തി ഷീറ്റ്വില ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചില്‍. ആഭ്യന്തര അന്വേഷണം കുരുമുളകിന് താങ്ങായി. നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ താഴ്ന്നു. സ്വര്‍ണമാര്‍ക്കറ്റില്‍ വന്‍ കുതിച്ചുചാട്ടം.

റബര്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ മലേഷ്യന്‍ റബര്‍ ബോര്‍ഡ് നടത്തിയ പ്രസ്താവന കാറ്റില്‍പ്പറത്തി ഷീറ്റ്വില ആഗോളവിപണിയില്‍ വീണ്ടും ഇടിഞ്ഞു. 2016ന്റെ ആദ്യപകുതിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും റബര്‍മാര്‍ക്കറ്റില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് മലേഷ്യന്‍ ബോര്‍ഡ് വ്യക്തമാക്കിയത്. ഇത് വിലക്കയറ്റത്തിന് വഴിതെളിക്കുമെങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണി വീണ്ടും പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അവര്‍ പ്രവചിച്ചു. പ്രമുഖ ഉല്‍പ്പാദന രാജ്യത്തുനിന്നുള്ള അനുകൂല വാര്‍ത്തകള്‍ക്ക് പക്ഷേ അല്‍പ്പായുസ്സ് മാത്രമേ ലഭിച്ചുള്ളു.  ചൈനീസ് പ്രതിസന്ധിയും ലോകവിപണിയില്‍ ക്രൂഡ് ഓയിലിന് നേരിട്ട വിലത്തകര്‍ച്ചയും റബര്‍മാര്‍ക്കറ്റിനെ ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ഇടിച്ചു.

സംസ്ഥാനത്ത് ആര്‍എസ്എസ് നാലാം ഗ്രേഡിന്റെ വില 10,250 രൂപയില്‍നിന്ന് 9950 ലേക്ക് തകര്‍ന്നു. അഞ്ചാം ഗ്രേഡ് 9500 രൂപയിലാണ്. ആഭ്യന്തരനിരക്ക് ഇടിഞ്ഞിട്ടും ഷീറ്റ് സംഭരിക്കാന്‍ വന്‍കിട കമ്പനികള്‍ ഉത്സാഹിച്ചില്ല. ടാപ്പിങ് നിശ്ചലമായതിനാല്‍ കൊച്ചി, കോട്ടയം വിപണികളിലേക്കുള്ള ഷീറ്റ്വരവ് നാമമാത്രമാണ്. മുഖ്യവിപണികളിലേക്ക് കാര്‍ഷികമേഖലകളില്‍നിന്നുള്ള പുതിയ കുരുമുളകു വരവ് ചുരുങ്ങിയത് വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. ഡിസംബര്‍ അവസാനവാരങ്ങളില്‍ അനുഭവപ്പെട്ട വിലത്തകര്‍ച്ചയാണ് ചരക്ക് പിടിക്കാന്‍ കര്‍ഷകരെയും സ്റ്റോക്കിസ്റ്റുകളെയും നിര്‍ബന്ധിതരാക്കിയത്. രാജ്യാന്തര വിപണിയില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 10,250 ഡോളറിലാണ്.

പുതുവര്‍ഷ ആഘോഷങ്ങള്‍ കഴിഞ്ഞ് വിദേശ വാങ്ങലുകാര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ തിരിച്ചെത്തിയെങ്കിലും പുതിയ കരാറുകള്‍ക്ക്  താല്‍പ്പര്യം കാണിച്ചില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,200 രൂപയിലാണ്. ഗാര്‍ബിള്‍ഡ് കുരുമുളക് വില 65,500 ല്‍നിന്ന് 66,200 ലേക്ക് ഉയര്‍ന്നു.
നാളികേര വിളവെടുപ്പ് ഊര്‍ജിതമായതോടെ ദക്ഷിണേന്ത്യന്‍ വിപണികളില്‍ കൊപ്രയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. മാസാരംഭവേളയായിട്ടും പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം കുറഞ്ഞതും തിരിച്ചടിയായി. കൊച്ചിയില്‍ വെളിച്ചെണ്ണ 9000ല്‍നിന്ന് 8800 രൂപയായി. കൊപ്ര 6010 രൂപയിലാണ് വാരാന്ത്യം. ഇതിനിടയില്‍ വന്‍കിട മില്ലുകാര്‍ സ്റ്റോക്ക് റിലീസിങ്ങില്‍ വരുത്തിയ നിയന്ത്രണം വാരാന്ത്യം വിലത്തകര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചു.

സ്വര്‍ണവിലയില്‍ മുന്നേറ്റം. ആഭരണവിപണികളില്‍ പിന്നിട്ടവാരം പവന് 640 രൂപ വര്‍ധിച്ചു. പവന്‍ 18,840 രൂപയില്‍നിന്ന് 19,520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2355 രൂപയില്‍നിന്ന് 2440 ലേക്ക് ഉയര്‍ന്നു. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1061 ഡോളറില്‍നിന്ന് 1114 വരെ ഉയര്‍ന്നശേഷം വാരാവസാനം 1106 ഡോളറിലാണ്.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top