20 April Saturday

ടൈകോണ്‍ കേരള സംരംഭക സമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017


കൊച്ചി > ടൈകോണ്‍ കേരള സംഘടിപ്പിക്കുന്ന സംരംഭക സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. യുവസംരംഭകരെ വളര്‍ത്താനും, സംസ്ഥാനത്തിന് അനുയോജ്യമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്ന  ടൈകോണ്‍ കേരള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സി(ടൈ) ന്റെ കേരള ഘടകമായ ടൈ കേരളയാണ് സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഡോ. ശശി തരൂര്‍  എംപി ഉദ്ഘാടനംചെയ്യും. ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍  ഡോ. ആസാദ് മൂപ്പന്‍, ടൈ കേരള പ്രസിഡന്റ്  രാജേഷ് നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ്  എം എസ് എ കുമാര്‍, വൈസ് പ്രസിഡന്റ് അജിത് മൂപ്പന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

യുവസംരംഭകര്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളും, ആശയങ്ങളും, നിക്ഷേപകര്‍ക്കും ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനും, പരിചയസമ്പന്നരായ മെന്‍ഡര്‍മാരുടെയും, സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായം തേടാനും അവസരം ഒരുക്കുന്ന ക്രൌഡ് ഫണ്ടിങ് ആണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സംരംഭങ്ങളുടെ പരാജയസാധ്യതകള്‍ അവതരിപ്പിക്കാനും, പഠിപ്പിക്കാനും, വിലയിരുത്താനും, പരിഹരിക്കാനുമായി ഫെയിലിയര്‍ ലാബുകള്‍ സമ്മേളനത്തോടനുബന്ധിച്ചുണ്ടാകും. പരാജയപ്പെട്ട ബിസിനസുകള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, പിന്‍വലിക്കേണ്ടിവന്ന ഉല്‍പ്പന്നങ്ങളും, സര്‍വീസുകളും തുടങ്ങി  ഒട്ടനവധി  കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകും. നൂതന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ഇവിടെയുണ്ടാകും. ഫോണ്‍: 0484 4015752, 95441 00099.

ടൂറിസം രംഗത്ത് കേരള മാതൃക, ലൈഫ് സയന്‍സ്, ബയോടെക്നോളജി, മെഡിക്കല്‍ശൃംഖല വ്യവസായങ്ങള്‍, ഹരിതോര്‍ജം, കൃഷി, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലെ സംരംഭക സാധ്യതകളും സാമൂഹ്യസംരംഭം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസവും സംരംഭകത്വവും, മെന്‍ഡര്‍, മൈ സ്റ്റോറി തുടങ്ങിയ സെഷനുകളും രണ്ടുദിവസമായി നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

സംസ്ഥാന വ്യവസായ, വിവരസാങ്കേതിക വകുപ്പ്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, കെഎസ്ഐഡിസി എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top