26 April Friday

'ഒരു നികുതി, ഒരു വിപണി' ആര്‍ക്കുവേണ്ടി ?

വി കെ പ്രസാദ്Updated: Sunday Jul 9, 2017

ജിഎസ്ടിയുടെ ആദ്യദിനം ചാനല്‍ചര്‍ച്ചയില്‍, പുതിയ നികുതിവ്യവസ്ഥ എങ്ങനെ ജനാധിപത്യവ്യവസ്ഥയുടെ അടിശിലകളെ ഇളക്കുന്നുവെന്നു പറയാന്‍ ശ്രമിക്കവേ, ചര്‍ച്ചയിലെ മറ്റൊരു പങ്കാളിയുടെ വിമര്‍ശം "ഇനി ഇത്തരം അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് എന്തിന് സമയംകളയുന്നു''വെന്നായിരുന്നു. 'എന്തായാലും വന്നു, അതിനെയിനി നന്നാക്കാന്‍ നോക്കാം' എന്ന് അവതാരകന്റെ കൂട്ടിച്ചേര്‍ക്കലും. നികുതി ഏകീകരണത്തെത്തുടര്‍ന്ന് ഇടിഞ്ഞിറങ്ങാന്‍പോകുന്ന വിലകളെക്കുറിച്ചും 'ഒരേയൊരിന്ത്യ, ഒരൊറ്റ വിപണി' എന്ന മാവേലി നാടു വാണീടും കാലത്തെക്കുറിച്ചുമുള്ള മാനംമുട്ടിനില്‍ക്കുന്ന പ്രതീക്ഷകളായിരുന്നല്ലോ എവിടെയും. അതിനിടയില്‍ ഈ 'വരട്ടുവാദക്കാരുടെ' എതിര്‍വാദങ്ങള്‍ അപ്രസക്തമായി തോന്നിയതില്‍ ആരെയും പഴിച്ചിട്ടു കാര്യമില്ല.

എങ്കിലും ചാനല്‍ചര്‍ച്ചയിലെ പങ്കാളിയുടെ വികലമായ ചരിത്രബോധത്തെക്കുറിച്ച് ഒരുനിമിഷം ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ വാദത്തെ ചരിത്രം സാധൂകരിക്കുന്നില്ലല്ലോ. സാധൂകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് കോളനിയായി തുടരുമായിരുന്നു. എന്തിന്, എല്ലാ വിഭവങ്ങളെയും പിടുങ്ങുന്ന ആഗോളീകരണം വിനാശകാരിയാണെന്നും, ഉള്‍ച്ചേര്‍ന്ന വളര്‍ച്ചയിലേക്ക് തിരിച്ചുപോകണമെന്നുമുള്ള വെളിപാട് ലോകസാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ ഉയരുകയില്ലായിരുന്നു.

ജനങ്ങള്‍ക്കു വേണ്ടാത്തതെന്തും ആത്യന്തികമായി തിരസ്കരിക്കപ്പെടുകതന്നെ ചെയ്യുമെന്നതാണ് ചരിത്രസാക്ഷ്യം.
ജിഎസ്ടിയുടെ എതിര്‍വാദങ്ങളെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലെന്നുള്ളതാണ് വാസ്തവം. ജിഎസ്ടിയുടെ ആത്യന്തിക ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യംതന്നെ പരിശോധിക്കാം. 'ഒരു നികുതി, ഒരു വിപണി' എന്ന മുദ്രാവാക്യം 'മിനിമം ഗവണ്‍മെന്റ്, മാക്സിമം ഗവേണന്‍സ്' എന്ന മോഡിതത്വത്തിന്റെ വകഭേദം മാത്രമാണെന്ന് കാണാന്‍ പാഴൂര്‍പടിപ്പുരയില്‍ പോകേണ്ട കാര്യമില്ല. അത് ഭരണകൂടത്തിന്റെ പിന്‍വാങ്ങല്‍ എന്ന ആഗോളീകരണനയത്തിന്റെ മറ്റൊരു രൂപം മാത്രമാണ്. മൂലധനത്തിന്റെ നിരങ്കുശപ്രവാഹത്തിന് ഭരണകൂടം എപ്പോഴും വിലങ്ങുതടിയാണല്ലോ. സര്‍ക്കാര്‍ കടമ്പകള്‍ എത്ര കുറവാണോ അത്രയും നല്ലത്, സര്‍ക്കാര്‍തന്നെ ഇല്ലെങ്കില്‍ ഏറ്റവും നല്ലത് എന്നാണല്ലോ മില്‍റ്റന്‍ ഫ്രീസ്മാനും വോണ്‍ ഹയാക്കും മുന്നോട്ടുവച്ച ആഗോളീകരണാശയത്തിന്റെ സത്ത. വിപണിയെസംബന്ധിച്ച് നികുതി എന്നാല്‍ ഭരണകൂടത്തിന്റെ ഇടപെടലാണ്. അതിന്റെ കാഠിന്യവും എണ്ണവും എല്ലാം ബാധിക്കുന്നത് മൂലധനത്തിന്റെ ലാഭതാല്‍പ്പര്യങ്ങളെയാണ്. അപ്പോള്‍ ജിഎസ്ടി എന്ന ഏകമുഖ നികുതിയുടെ ആത്യന്തിക ഗുണഭോക്താക്കള്‍ ആരാണെന്ന് പകല്‍പോലെ വ്യക്തം.

മാധ്യവര്‍ഗത്തിന്റെ ഉപഭോഗവാസനകളെ മുന്‍നിര്‍ത്തി, നികുതിക്കടമ്പകള്‍ ജനവിരുദ്ധമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. നികുതി വെട്ടിപ്പും അഴിമതിയും പോലെയുള്ള കാരണങ്ങളും ജിഎസ്ടിയെ ന്യായീകരിക്കാന്‍വേണ്ടി ഉപയോഗിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെതന്നെ ഉല്‍പ്പന്നങ്ങളായ അഴിമതിയും നികുതിവെട്ടിപ്പും തടയാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണ്ടതിനുപകരം, നികുതിഘടനയെത്തന്നെ അഴിച്ചുപണിയുന്ന തന്ത്രം എന്തായാലും ജനങ്ങളെ സഹായിക്കുന്നതിനല്ല. സര്‍ക്കാര്‍ സമാഹരിക്കുന്ന നികുതിയാണ് സാധാരണ മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കുന്നതെന്ന കാര്യവും ഇവിടെ തിരസ്കരിക്കപ്പെടുകയാണ്.

ജിഎസ്ടിയുടെ ഏറ്റവും വലിയ ആപത്ത് അത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തല്‍ക്കാലം ലഭിക്കുന്ന വര്‍ധിച്ച നികുതിവിഹിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ നാളെ സംസ്ഥാനങ്ങളെ കാത്തിരിക്കുന്ന ചതിക്കുഴി കാണാതെപോകരുത്. മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍, പണപ്പെരുപ്പത്തിന്റെ തോതുംകൂടി പരിഗണിച്ചുള്ള സംസ്ഥാനങ്ങളുടെ യഥാര്‍ഥ വരുമാനത്തില്‍ ഇടിവുസംഭവിക്കുമെന്നത് സ്വാഭാവികമാണ്. പക്ഷേ, അന്ന് പുതിയ വരുമാനസ്രോതസ്സിന് സംസ്ഥാനങ്ങള്‍ക്ക് ഒരു മേഖലയും ഉണ്ടാവില്ല; ഒരു നികുതിയും വര്‍ധിപ്പിക്കാനോ പുതുതായി ചുമത്താനോ കഴിയില്ല. ചുരുക്കത്തില്‍ ജിഎസ്ടി കൌണ്‍സിലിന്റെ മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലേക്കാണ് സംസ്ഥാനങ്ങള്‍ നീങ്ങുന്നത്. അതായത് ജിഎസ്ടി കൌണ്‍സിലിന്റെ പ്രവിശ്യകള്‍ മാത്രമായി സംസ്ഥാനങ്ങള്‍ ചുരുങ്ങുമെന്നര്‍ഥം.എന്നാല്‍ കേന്ദ്രഭരണകൂടത്തിന് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. പ്രത്യക്ഷനികുതിയും, ഇറക്കുമതിച്ചുങ്കവും, പലരൂപത്തിലുള്ള സെസ്സുകളും സര്‍ചാര്‍ജുകളുമൊക്കെയായി കേന്ദ്രത്തിന്റെ വിഭവക്കലവറ എന്നും സമൃദ്ധിയില്‍ത്തന്നെ തുടരും.

'ഗുഡ് ആന്‍സ് സിംപിള്‍ ടാക്സ്' എന്നാണല്ലോ ജിഎസ്ടിക്ക് മോഡി നല്‍കിയ നിര്‍വചനം. നികുതി ലളിതവും നല്ലതുമാകണമെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ പരോക്ഷനികുതി ചുമത്തുകയല്ല വേണ്ടത്. ഓരോ വ്യക്തിയുടെയും വരുമാനത്തിനനുസൃതമായി നികുതി ഈടാക്കുമ്പോഴാണ് നികുതി ലളിതവും സുന്ദരവുമാകുന്നത്. ശതകോടീശ്വരനും തെരുവുതെണ്ടിയും അവര്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരേ നികുതി നല്‍കുന്നത് അസുന്ദരവും അനീതിയുമാണ്. അത് ചൂഷണത്തിന്റെ മറുവാക്കാണ്. കോര്‍പറേറ്റ്നികുതി കുറയ്ക്കുകയും, കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവു നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന് നല്ലതും ലളിതവുമായ നികുതിയെക്കുറിച്ചു പറയാന്‍ ഒരര്‍ഹതയുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top