24 April Wednesday

ആര്‍ബിഐ മുഖ്യപലിശ നിരക്ക് മാറ്റിയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2017

മുംബൈ > നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണാവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ നിലനിര്‍ത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നേതൃത്വം നല്‍കുന്ന ആറംഗ പണാവലോകനകമ്മിറ്റിയാണ് പലിശ നിരക്ക് മാറ്റില്ലാതെ നിലനിര്‍ത്തിയത്. അതേസമയം ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം സര്‍ക്കാര്‍ ഏജന്‍സികളിറക്കുന്ന കടപ്പത്രങ്ങളില്‍ ഈടായി സൂക്ഷിക്കുന്ന  സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം അര ശതമാനം കുറച്ച്  20 ശതമാനമാക്കി.

റിപ്പോ നിരക്ക് പുനര്‍നിശ്ചയിക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രധാനമായി പരിഗണിക്കുന്ന ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍  മാസത്തില്‍ 2.99 എന്ന താഴ്ന്ന നിലയിലായിരുന്നതിനാല്‍ പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും കേന്ദ്ര ബാങ്ക് നിരക്കില്‍ മാറ്റം വരുത്താതിരുന്നത് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ്.  മണ്‍സൂണിന്റെ ആരംഭം പ്രതീക്ഷയ്ക്കൊത്തു ഉയര്‍ന്നതായിരുന്നെങ്കിലും മഴയുടെ പുരോഗതി എങ്ങനെയെന്ന വിലയിരുത്തല്‍ സാധ്യമല്ലാത്തതിനാലും ജൂലൈ ഒന്നിന് ചരക്കു സേവന നികുതി  പ്രാബല്യത്തില്‍ വരുന്നതോടെ ഉണ്ടാകുന്ന പ്രത്യാഘാതം എങ്ങനെയെന്ന വ്യക്തത ഇല്ലാത്തതിനാലുമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഇതിനുമുമ്പ് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചത് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top