04 October Wednesday

വിദേശ പഠനത്തിനൊരുങ്ങുമ്പോള്‍

പി ജി സുജUpdated: Sunday May 8, 2016

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ വിദ്യാഭ്യാസമേളകള്‍ നടത്തുന്നതിനുള്ള തിരക്കിലാണിപ്പോള്‍. ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നെല്ലാം ഇത്തരം ഗ്രൂപ്പുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വായ്പയുള്‍പ്പെടെയുള്ള സൌകര്യങ്ങളെല്ലാം വാഗ്ദാനംചെയ്താണ് അവര്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. വിദേശത്തുപോയി പഠിച്ച് അവിടെത്തന്നെ മികച്ച ജോലി നേടിയെടുക്കുന്നതിന് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍പ്പോലുമുള്ള താല്‍പ്പര്യമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വിദേശത്ത് മികച്ചരീതിയില്‍ പഠനം നടത്തുന്നതിന് ഇപ്പോള്‍ ധാരാളം അവസരങ്ങള്‍  ഉണ്ട്. ഇവിടെ പഠനം പൂര്‍ത്തിയാക്കിയതാണെങ്കില്‍പ്പോലും വിദേശനിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് വിദേശത്ത് ഉന്നതപഠനത്തിനുള്ള അവസരവും ഇപ്പോള്‍ ലഭ്യമാണ്. ആ രാജ്യത്തുതന്നെ ജോലി നേടുന്നതിനും നിശ്ചിത അനുഭവസമ്പത്ത് നേടിയശേഷം മറ്റേതെങ്കിലും രാജ്യത്തേക്കു പോകാനും ഇത് സൌകര്യമൊരുക്കും. പക്ഷെ, ഇതിനെല്ലാം മനസ്സിരുത്തിയുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അല്ലെങ്കില്‍ പലതരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകാനുള്ള സാധ്യതയുണ്ട്.

വിദേശത്ത് ജോലിനേടാന്‍ ആഗ്രഹിക്കുന്ന പലരും തയ്യാറെടുപ്പുകള്‍ നടത്തുന്നവരാണെങ്കിലും കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ ലക്ഷ്യത്തോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കും.  വിദേശപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിക്ക് തനിക്ക് എന്താണു വേണ്ടത്, ഏതു കോഴ്സിനു ചേരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്വയം കൃത്യമായൊരു ധാരണ ആവശ്യമാണ്. കോഴ്സ് ഏതാണെങ്കിലും കുഴപ്പമില്ല, വിദേശത്തുപോയി പഠിച്ചാല്‍ മതി എന്ന ഒഴുക്കന്‍ മനോഭാവം നല്ലതല്ല. സ്വന്തം കഴിവ് മനസ്സിലാക്കി താന്‍ എന്തായിത്തീരണമെന്ന് സ്വയം തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. നേഴ്സിങ്, ബിസിനസ് മാനേജ്മെന്റ്, എന്‍ജിനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോഴ്സുകള്‍ക്കാണ് വിദേശപഠനരംഗത്ത് കൂടുതല്‍ ആവശ്യക്കാരുള്ളത്.

വിദേശ യൂണിവേഴ്സിറ്റികളെയും കോഴ്സുകളെയുംകുറിച്ച് ഇന്റര്‍നെറ്റില്‍ വിപുലമായ വിവരങ്ങള്‍ ലഭ്യമാണ്. അവ മനസ്സിലാക്കിയശേഷം സല്‍പ്പേരുള്ള ഒരു ഏജന്‍സിയുടെ അടുത്തുചെന്ന് സ്വന്തം ആവശ്യങ്ങള്‍ അറിയിക്കുക. പോകാന്‍ ഉദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി, അവിടത്തെ പ്രസ്തുത കോഴ്സ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവിടെ പഠിച്ച പൂര്‍വവിദ്യാര്‍ഥികളുടെയും അവിടെ ബന്ധുക്കളാരെങ്കിലും ഉണ്ടെങ്കില്‍ അവരിലൂടെയും കൂടുതല്‍ അറിയുക. 

പഠനകാലാവധി എത്രയാണെന്ന് അറിയുന്നത് പഠനച്ചെലവ് ഗണ്യമായി കുറയ്ക്കും. പക്ഷെ, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചെലവുകുറയ്ക്കുന്നതിനായി കോഴ്സിന്റെ ഗുണമേന്മ കുറയ്ക്കാന്‍ പാടില്ല. മികച്ച ഹ്രസ്വകാല കോഴ്സുണ്ടെങ്കില്‍ നന്നാകും. കോഴ്സ് ഫീ മാത്രമാകരുത് പരിഗണനയ്ക്കെടുക്കുന്നത്. ജോലി കിട്ടിയാല്‍ നിസ്സാരമായി ഈ ചെലവ് താങ്ങാനാകുന്നതേയുള്ളു.
പോകാനുദ്ദേശിക്കുന്ന രാജ്യത്തെ നിയമങ്ങളും അതിന്റെ സ്ഥിരതയും പരിശോധിക്കണം. ഉദാഹരണത്തിന് ഇംഗ്ളണ്ടില്‍ നല്ല കോഴ്സുകളുണ്ടെങ്കിലും അവിടത്തെ നിയമങ്ങളും ചട്ടങ്ങളും ഇടയ്ക്കിടെ മാറുന്നതിനാല്‍ അവിടെ തുടര്‍ന്നുനില്‍ക്കുന്നത് ബുദ്ധിമുട്ടാകും. ഉന്നതപഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങളാണ് മനസ്സിലുള്ളതെങ്കില്‍ അമേരിക്കയില്‍ അതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്. മറ്റൊന്നുള്ളത് പോകാനുദ്ദേശിക്കുന്ന രാജ്യത്തെ കറന്‍സിയും ഇന്ത്യന്‍ രൂപയും എപ്പോഴും മൂല്യവ്യത്യാസം ഉണ്ടാകുന്നതാണോ എന്ന് പരിശോധിക്കണം. പാര്‍ട്ട്ടൈം ജോലി ചെയ്യാനുള്ള സാധ്യതയും അറിഞ്ഞിരിക്കുക. കോഴ്സ് പൂര്‍ത്തിയാക്കിയാലുള്ള ജോലിസാധ്യതയും മുന്‍കൂട്ടി അറിഞ്ഞുവയ്ക്കുക.

ഭാഷാപ്രാവീണ്യത്തിനുള്ള ഐഇഎല്‍ടിഎസ് പരീക്ഷയില്‍ 6.5 സ്കോറെങ്കിലും കരസ്ഥമാക്കിയവര്‍ക്ക് കടമ്പകള്‍ വേഗത്തില്‍ കടക്കാനാകും. അതുകൊണ്ട് ഇത്തരം പരീക്ഷകള്‍ ആദ്യംതന്നെ ഗൌരവത്തോടെ സമീപിക്കുക. വിദേശ യൂണിവേഴ്സിറ്റികളും ഇത്തരത്തിലുള്ള കോഴ്സുകളില്‍ പരിശീലനം നല്‍കാറുണ്ട്.സ്കോളര്‍ഷിപ് ലഭിക്കുന്നത് സാമ്പത്തികഭാരം കുറയ്ക്കാന്‍ സഹായകമാണെങ്കിലും അതു മാത്രം മാനദണ്ഡമാക്കേണ്ടതില്ല. കാരണം ചില യൂണിവേഴ്സിറ്റികളെങ്കിലും കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഫീസ് പെരുപ്പിച്ചുകാട്ടി സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം നല്‍കാറുണ്ട്. വിദേശത്തു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് അവ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. അതോടൊപ്പംതന്നെ വിദേശപഠനത്തിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന് നേരത്തെ നിശ്ചയിക്കണം. അവസാനം പണത്തിന് ഓടിനടന്നാല്‍ ചിലപ്പോള്‍ കിട്ടിയെന്നുവരില്ല. സാമ്പത്തികമായും ശാരീരികയായും മാനസികമായും വിദേശപഠനത്തിന് ഒരുങ്ങേണ്ടതുണ്ട്.

സാധാരണ സെപ്തംബര്‍, മെയിലാണ് വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നടക്കുക. അതിനും മൂന്നാലു മാസംമുമ്പ് ഇവിടത്തെ അണിയറ നടപടി ആരംഭിക്കാറുണ്ട്. ഓരോ രാജ്യത്തെയും എംബസിയുടെ ചെക്ക്ലിസ്റ്റ് അനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. മികച്ചൊരു ഏജന്‍സി ഇത്തരം തയ്യാറെടപ്പുകള്‍ നിങ്ങള്‍ക്കുവേണ്ടി നടത്തും. അതുകൊണ്ട്  വിസ തള്ളിക്കളയാനുള്ള സാധ്യത കുറയുകയും ചെയ്യും. എത്ര നന്നായി തയ്യാറെടുത്താലും എംബസിയിലെ ഉദ്യോഗസ്ഥന് വേണമെങ്കില്‍ വിസ നിരസിക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസത്തോടെയുള്ള പ്രകടനമാണ് ഇവിടെ നിര്‍ണായകമാകുന്ന ഘടകം.

വിദേശ കോഴ്സുകള്‍ക്ക് സാധാരണ 10 ലക്ഷം രൂപമുതല്‍ ചെലവു പ്രതീക്ഷിക്കാം. ഓസ്ട്രേലിയയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഫീസ് 15 ലക്ഷത്തിനു മുകളില്‍പ്പോകാം. കോഴ്സിന്റെ ദൈര്‍ഘ്യവും ഇവിടെ ശ്രദ്ധിക്കണം. ന്യൂസിലന്‍ഡ് വളരെ ചെറിയ രാജ്യമായതിനാല്‍ അവസരങ്ങളും കുറവാണ്. എല്ലാവര്‍ക്കും പോകാന്‍ താല്‍പ്പര്യം അമേരിക്കയാണെങ്കിലും ഏറ്റവും കൂടുതല്‍ വിസ നിരസിക്കുന്നതും അമേരിക്കയാണ്. യുകെയില്‍ നല്ല കോഴ്സുകളും കോളേജുകളും ധാരാളം ഉണ്ടെങ്കിലും നിയമങ്ങളും ചട്ടങ്ങളും എപ്പോഴും മാറുന്നതിനാല്‍ സ്ഥിരതയില്ല. പഠനശേഷം അവിടെ തുടരാനുള്ള അനുവാദം ഇപ്പോഴില്ല. അയര്‍ലന്‍ഡ് കൂടുതല്‍ ജനപ്രിയമായൊരു ഡെസ്റ്റിനേഷനാണ്. അവിടെ പഠനം പൂര്‍ത്തിയാക്കിയാല്‍ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി എവിടേക്കും പോകാനാകും എന്ന പ്രത്യേകതയുമുണ്ട്. പഠനശേഷം ഒരുവര്‍ഷം അവിടെ തുടരാനുമാകും. ജര്‍മനിയില്‍ നല്ല കോഴ്സുകളും യൂണിവേഴ്സിറ്റികളുമുണ്ട്. എന്നാല്‍ അവിടേക്കുള്ള പ്രവേശനം എളുപ്പമല്ല. പഠിക്കാന്‍ താരതമ്യേന ചെലവുകുറവും സ്കോളര്‍ഷിപ്പുകളുമൊക്കെ ജര്‍മനിയില്‍ ലഭ്യമാണ്. മികച്ച വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ജോലികിട്ടാനും എളുപ്പമാണ്. ഹോസ്പിറ്റാലിറ്റി സംബന്ധമായ കോഴ്സുകള്‍ക്ക് സിംഗപ്പുരില്‍ മികച്ച പരിശീലനം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top