26 April Friday
പെപ്പർ ക്രിയേറ്റീവ് ഏജൻസി ഓഫ് ദി ഇയർ

പരസ്യങ്ങളുടെ രസതന്ത്രമൊരുക്കി പോപ്കോൺ ക്രിയേറ്റീവ്സ്

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018

 കർഷക പരസ്യങ്ങളിലൂടെയും മാർക്കറ്റിങ‌് മെറ്റീരിയലുകളിലൂടെയും കേരളത്തിലെ പരസ്യവ്യവസായമേഖലയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയാണ് കൊച്ചിയിലെ പോപ്കോൺ ക്രിയേറ്റീവ്സ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഡ്വർടൈസിങ‌്് ക്രിയേറ്റീവ് അവാർഡ് വേദികളിലൊന്നായ പെപ്പർ ക്രിയേറ്റീവ് അവാർഡ്സിൽ ഏജൻസി ഓഫ് ദി ഇയർ ബഹുമതിയും ഇവർ സ്വന്തമാക്കി. ദേശാഭിമാനിക്കുവേണ്ടി തയ്യാറാക്കിയ പരസ്യങ്ങൾ ഉൾപ്പെടെയാണ‌് പോപ‌്കോണിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ജൈവകൃഷി പ്രോത്സാഹനത്തിനായി ദേശാഭിമാനി നടത്തിയ  ‘കേരളം വിളയട്ടെ’ എന്ന പരസ്യക്യാമ്പയിനുകൾ ഉൾപ്പെടെ ഇതിൽപ്പെടുന്നു.

ഒറ്റനോട്ടത്തിൽ രസിപ്പിക്കുന്നതും ഗൗരവമായ വിഷയങ്ങൾപോലും ലളിതമായി പറഞ്ഞുഫലിപ്പിക്കുന്നതുമാണ്‌പോപ്കോണിനെ വ്യത്യസ‌്തമാക്കുന്നത്‌.  ആ രസതന്ത്രം ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്‌മയാണ്‌.വർഷങ്ങളായി പരസ്യരംഗത്തുള്ള ജെയ്സൺ ആന്റണി, രതീഷ് മേനോൻ, സി എ സനിൽ എന്നിവരാണ് പോപ്കോൺ ക്രിയേറ്റീവ്സിന‌് തുടക്കമിട്ടത‌്. 2016ൽ പ്രവർത്തനം ആരംഭിച്ച പോപ്കോൺ ഇതിനകംതന്നെ പരസ്യമേഖലയിൽ വേറിട്ട ശബ്ദമായിക്കഴിഞ്ഞു. “ഓരോ പരസ്യവും ഒരു കഥ പറയുകയാണ‌്. ഒരു ഉൽപ്പന്നമോ ,സ്ഥാപനമോ, സേവനമോ ഒക്കെയാകാം അത്. ആ കഥ എങ്ങനെ വ്യത്യസ‌്തമായി പറയാം എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്”− ജെയ്സൺ ആന്റണി പറയുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള, ദേശീയതലത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ജെയ്സണാണ് പോപ്കോണിന്റെ ക്രിയേറ്റീവ്വിഭാഗത്തെ നയിക്കുന്നത്. മികച്ച വിഷ്വലൈസർ ആയ രതീഷ് മേനോൻ പോപ്കോണിന്റെ ബിസിന‌സ‌് വികസനമാണ‌് കൈകാര്യം ചെയ്യുന്നത‌്. “വളരെയധികം മത്സരമുള്ള പരസ്യമേഖലയിൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ വ്യത്യസ‌്ത ആശയങ്ങൾ വേണം.

നിരവധി മുൻനിര കമ്പനികളിൽ പ്രവർത്തനപരിചയമുള്ള സനിൽ  ജെയ്സണൊപ്പം ക്രിയേറ്റീവ് വിഭാഗത്തിലുണ്ട്‌.  “സ്വതന്ത്രമായി, ഞങ്ങളുടെ ഇഷ്ടാനുസരണം ജോലിചെയ്യാൻപറ്റിയ ഒരു ഇടം . അതായിരുന്നു പോപ്കോൺ ആരംഭിക്കാൻ  പ്രേരിപ്പിച്ചത്‌.ആശയങ്ങളെ മനോഹരമായി അവതരിപ്പിക്കാനാകണം. അതിനാണ് ഓരോ ദിവസവും പരിശ്രമിക്കുന്നത്”− സനിൽ പറയുന്നു.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘‘വിളയുന്ന കേരളത്തിനായി’’ എന്ന ദേശാഭിമാനിയുടെ പരസ്യഉദ്യമത്തെ ഞങ്ങൾ ഏറെ ആവേശത്തോടെയാണ് സമീപിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ  ഒരു കൃഷിയിടത്തിന്റെ ചിത്രവും വച്ചുള്ള സാധാരണ ആശയം മതിയായിരുന്നില്ല.  അങ്ങനെയാണ‌് വിപണിലെത്തുന്ന  പച്ചക്കറികളിലെ വിഷാംശത്തെ എടുത്തുകാട്ടുന്ന ക്യാമ്പയിനുമായി ഞങ്ങളെത്തിയത്‌.  ആ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതേ പദ്ധതിയുടെ അടുത്ത സീസൺ ആയപ്പോഴേക്കും ജൈവകൃഷിരംഗത്ത് കേരളം ഏറെ മുന്നോട്ടുവന്നിരുന്നു. ഇത് വിപ്ലവകരമായ മാറ്റമാണല്ലോ എന്ന ചിന്തയിൽനിന്നാണ് വിപ്ലവത്തെ ധ്വനിപ്പിക്കുന്ന ദൃശ്യവും വരികളുമായി പുതിയ പരസ്യങ്ങൾ നൽകിയത്‌. അതിനും നല്ല സ്വീകരണമാണ‌് ലഭിക്കുന്നതെന്ന‌് ജെയ്സൺ കൂട്ടിച്ചേർത്തു.
പെപ്പറിനു പുറമെ ബിഗ്ബാങ‌്, മാഡീസ്, ഫോക്സ്ഗ്ലൗവ് തുടങ്ങി നിരവധി ദേശീയ അവാർഡ് മേളകളിൽ ഈ പരസ്യങ്ങൾ അവാർഡുകൾ നേടിയിട്ടുണ്ട‌്. ഇതിനു പുറമെ ദേശാഭിമാനിക്കുവേണ്ടി പോപ്കോൺ ഒരുക്കിയ ജനശ്രദ്ധ പിടിച്ചുപറ്റിയ പരസ്യചിത്രത്തിനും ഈ വർഷത്തെ പെപ്പർ മേളയിൽ അവാർഡ് ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top