20 April Saturday

ഇനി 10 തരം ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകൾ

കെ അരവിന്ദ്Updated: Monday May 7, 2018

 സെബി (സെക്യൂരിറ്റീസ് ആൻഡ‌് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യുടെ പുതിയ ചട്ടം അനുസരിച്ച് പല മ്യൂച്വൽ ഫണ്ടുകളുടെയും പേര് മാറുകയും ചില ഫണ്ടുകൾ ലയിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് നിലവിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്ന നിക്ഷേപകരുടെ ചോദ്യത്തിനാണ് വഴിവ‌യ‌്ക്കുന്നത‌്.

സെബിയുടെ നിർദേശം അനുസരിച്ച് ഒരു ഫണ്ട്ഹൗസിന് ഒരേപോലുള്ള ഒന്നിലധികം ഫണ്ടുകൾ പാടില്ല. അതിനാൽ പല ഫണ്ട്ഹൗസുകളും ഒരേപോലുള്ള ഫണ്ടുകളെ പരസ്പരം ലയിപ്പിക്കുകയാണ്. അതുപോലെ ഫണ്ടുകളെ ഓരോ വിഭാഗത്തിലും പെടുത്തേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് സെബി നിർദേശം നൽകിയിട്ടുണ്ട്. ഇതുമൂലമാണ് പല ഫണ്ടുകളുടെയും പേര് മാറുന്നത്. പേരു മാറിയിട്ടുള്ള ഫണ്ടുകളുടെ പട്ടിക അതത് ഫണ്ട്ഹൗസുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 300 മുതൽ 400 വരെ ഫണ്ടുകളുടെ പേര് ഈ വിധം മാറിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബർ ആറിന് സെബി പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് 10 തരം ഇക്വിറ്റി ഫണ്ടുകൾ മാത്രമേ പാടുള്ളൂ. നേരത്തെയുണ്ടായിരുന്ന ചില വിഭാഗങ്ങളെ നിലനിർത്തിയും പുതുതായി ചില വിഭാഗങ്ങളെ ഉൾപ്പെടുത്തിയുമാണ് സെബി ഫണ്ടുകളുടെ പുനർവർഗീകരണം നടത്തിയിരിക്കുന്നത്.

താഴെപറയുന്നവയാണ് സെബിയുടെ പട്ടികയിലെ 10 വിഭാഗങ്ങൾ:
 മൾട്ടികാപ് ഫണ്ടുകൾ: ലാർജ് കാപ്, മിഡ് കാപ്, സ്‌മോൾ കാപ് എന്നീ വിവിധ വിഭാഗങ്ങളിലെ ഓഹരികളിൽ ഈഫണ്ടുകൾക്ക് നിക്ഷേപിക്കാം. ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 65 ശതമാനമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കണം.

ലാർജ്കാപ് ഫണ്ടുകൾ: ഇത്തരം ഫണ്ടുകളുടെ മൊത്തം ആസ്തിയുടെ 80 ശതമാനമെങ്കിലും ലാർജ്കാപ് ഓഹരികളിൽ നിക്ഷേപിക്കണം. വൻകിട കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ മിഡ്കാപ്, സ്മോൾകാപ് ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ഇവക്ക്‌ റിസ്ക് കുറവാണ്. റിട്ടേണും മിതമാകും.

ലാർജ് ആൻഡ‌് മിഡ്കാപ് ഫണ്ടുകൾ: ഇത് പുതുതായി സെബി ഏർപ്പെടുത്തിയ വിഭാഗമാണ്. ഇത്തരം ഫണ്ടുകൾ വൻകിട , ഇടത്തരം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്.ഈഫണ്ടുകൾ ആസ്തിയുടെ കുറഞ്ഞത് 35 ശതമാനം വീതംവൻകിട ഓഹരികളിലും ഇടത്തരം ഓഹരികളിലും നിക്ഷേപിക്കണം.

മിഡ്കാപ് ഫണ്ടുകൾ: മിഡ്കാപ് ഓഹരികളിലാണ് ഇത്തരം ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ആസ്തിയുടെ 65 ശതമാനമെങ്കിലും ഇടത്തരം ഓഹരികളിൽ നിക്ഷേപിക്കണം. ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ മിഡ്കാപ് ഫണ്ടുകൾക്ക് ലാർജ്കാപ് ഫണ്ടുകളെക്കാൾ റിസ്ക് കൂടുതലാണ്. കൂടുതൽ ഉയർന്ന നേട്ടം ഇത്തരം ഫണ്ടുകൾ നൽകാറുണ്ട്.
സ്മോൾകാപ് ഫണ്ടുകൾ: സ്മോൾകാപ് ഓഹരികളിലാണ് ഇത്തരം ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ആസ്തിയുടെ 65 ശതമാനമെങ്കിലും ചെറുകിട ഓഹരികളിൽ നിക്ഷേപിക്കണം. ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ സ്മോൾകാപ് ഫണ്ടുകൾക്ക് ലാർ ജ്കാപ് ഫണ്ടുകളെക്കാളും മിഡ്കാപ് ഫണ്ടുകളെക്കാളും റിസ്ക് കൂടുതലാണ്. അനുകൂല സാഹചര്യങ്ങളിൽ അസാധാരണമായ നേട്ടമാണ് ഇത്തരം ഫണ്ടുകൾ നൽകുന്നത്.

ഡിവിഡന്റ് യീൽഡ് ഫണ്ടുകൾ: ഇത് പുതുതായി സെബി ഏർപ്പെടുത്തിയ വിഭാഗമാണ്. സ്ഥിരമായി ലാഭവീതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്.
വാല്യു ഫണ്ടുകളും കോൺട്രാ ഫണ്ടുകളും: ചെലവുകുറഞ്ഞ നിലയിലാണെന്ന് ഫണ്ട് മാനേജർമാർ കരുതുന്ന ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് വാല്യു ഫണ്ടുകൾ. ഇത്തരം ഫണ്ടുകൾ മൊത്തം ആസ്തിയുടെ 65 ശതമാനമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കണം.

നിലവിൽ ഓഹരിവിപണി വലിയ പ്രാധാന്യം കൽപ്പിക്കാത്ത മേഖലകളിലോ ഓഹരികളിലോ ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്ന രീതി പിന്തുടരുന്നവയാണ് കോൺട്രാ ഫ ണ്ടുകൾ. ഇത്തരം ഫണ്ടുകൾ ആസ്തിയുടെ 65 ശതമാനമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കണം.

 ഫോക്കസ്ഡ് ഫണ്ടുകൾ: ഇത്തരം ഫണ്ടുകൾ പരമാവധി 30 ഓഹരികളിൽ നിക്ഷേപിക്കണം. ഏതെങ്കിലും മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചാകും ഫോക്കസ്ഡ് ഫണ്ടുകളുടെ നിക്ഷേപം. പോർട്ട‌്ഫോളിയോയിലെ ഓഹരികളുടെ എണ്ണം മുപ്പതിൽ കവിയാൻപാടില്ല.

സെക്ടർ/തീമാറ്റിക് ഫണ്ടുകൾ: ഏതെങ്കിലും പ്രത്യേക തീമിലോ സെക്ടറിലോ ഊന്നിയാകും ഇത്തരം ഫണ്ടുകളുടെ നിക്ഷേപം. ഇവ മൊത്തം ആസ്തിയുടെ 80 ശതമാനമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കണം.ഈ ഫണ്ടുകളുടെ റിസ്ക് ഉയർന്നതാകും.

ഓഹരി അധിഷ്ഠിത സേവിങ‌്സ് സ്കീമുകൾ (ഇഎൽഎസ്എസ്): ഓഹരി അധിഷ്ഠിത സേവിങ‌്സ് സ്കീമുകളുടെ നിർബന്ധിത നിക്ഷേപ കാലയളവ് മൂന്നുവർഷമാണ്. അതായത് നിക്ഷേപം നടത്തി മൂന്നുവർഷം തികയുന്നതിനുമുമ്പ് ഈ സ്കീമുകളുടെ യൂണിറ്റുകൾ വിൽക്കാനാകില്ല. ആദായനികുതി നിയമം 80 സി പ്രകാരം നികുതി ഇളവ് നേടിയെടുക്കാൻ സാധിക്കുന്ന പദ്ധതികളായതിനാലാണ് നിർബന്ധിത നിക്ഷേപ കാലയളവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഹരി അധിഷ്ഠിത സേവിങ‌്സ് സ്കീമുകൾ ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 80 ശതമാനമെങ്കിലും ഓഹരികളിൽ നിക്ഷേപിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top