26 April Friday

ആഹ്ളാദിക്കാനൊന്നുമില്ലാതെ ആദായനികുതി

ജോണ്‍ ലൂക്കോസ്Updated: Monday Mar 7, 2016

അധികാരത്തില്‍ വന്നാല്‍ ആദായനികുതി വരുമാനപരിധി അഞ്ചുലക്ഷമാക്കുമെന്ന് വാഗ്ദാനംനല്‍കിയ മോദി സര്‍ക്കാര്‍ ഈ ബജറ്റിലും പരിധി ഉയര്‍ത്താതെ സാധാരണ നികുതിദായകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. നികുതിവിധേയമല്ലാത്ത വരുമാനം രണ്ടുലക്ഷം രൂപയില്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ട് രണ്ടരലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ വരുമാനമുളളവരുടെ നികുതി ബാധ്യതയായ 25,000 രൂപയില്‍ 5000 രൂപ കിഴിവു നല്‍കുക മാത്രമാണ് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നേരത്തെ ഇത് 2000 രൂപയായിരുന്നു.രണ്ടര ലക്ഷം രൂപ വരെ ആദായനികുതി നല്‍കേണ്ടെങ്കില്‍ രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ 10 ശതമാനമായ 25,000 രൂപയാണ് നികുതി നല്‍കേണ്ടത്. 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടക്ക് വരുമാനമുള്ളവര്‍ 20 ശതമാനമാനം നികുതി നല്‍കണം. 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് 30 ശതമാനം നികുതിയാണ് ഈടാക്കുന്നത്.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട്ടുവാടക ഇനത്തില്‍ നല്‍കിയിരുന്ന പ്രതിമാസ കിഴിവ് 2000 രൂപയില്‍നിന്ന് 5000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. തൊഴിലുടമയില്‍നിന്നു വീട്ടുവാടക അലവന്‍സ് ലഭിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം. പുതുതായി വാങ്ങുന്ന 50 ലക്ഷത്തില്‍ത്താഴെ വിലയുള്ള വീടിന് 35 ലക്ഷം രൂപവരെ വായ്പ എടുക്കുന്നവര്‍ക്ക് പലിശ ഇനത്തില്‍ 50,000 രൂപയുടെ അധിക കിഴിവ് ഈ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 2 ലക്ഷം രൂപ വരെയായിരുന്നു കിഴിവിനുള്ള അര്‍ഹത.

സാമൂഹ്യസുരക്ഷയുടെ ഭാഗമായ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുകയുടെ 60 ശതമാനത്തിനു നികുതി ബാധകമാക്കി ജീവനക്കാരുടെ ഇടയില്‍ വമ്പിച്ച രോഷം വരുത്തിവച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നുമുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് ഇതു ബാധകമായിട്ടുള്ളത്. സാധാരണ നികുതിദായകര്‍ക്ക് നാമമാത്രമായ ഇളവു നല്‍കുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് ധനമന്ത്രി ബജറ്റിലൂടെ സ്വീകരിച്ചിട്ടുള്ളത്. അഞ്ചുകോടി രൂപവരെ വരുമാനമുള്ള കോര്‍പറേറ്റുകളുടെ നികുതി 29 ശതമാനമായി കുറച്ചപ്പോള്‍ പുതിയ ഉല്‍പ്പാദന സംരംഭകര്‍ക്ക് നികുതിനിരക്ക് 25 ശതമാനമായി താഴ്ത്തി. അടുത്ത ഏപ്രില്‍മുതല്‍ 2019 മാര്‍ച്ച്വരെയുള്ള കാലയളവില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നുവര്‍ഷം ലാഭത്തിന്മേല്‍ പൂര്‍ണ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് കമീഷന്‍, ലോട്ടറി ടിക്കറ്റ് കമീഷന്‍, മറ്റു കമീഷനുകള്‍, ബ്രോക്കറേജ് എന്നിവയ്ക്ക് സ്രോതസ്സില്‍ നികുതി പിടിക്കാനുള്ള നിരക്ക് 10 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഒരുകോടിയില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള നികുതിദായകരുടെ സര്‍ച്ചാര്‍ജ് നികുതിയുടെ പന്ത്രണ്ടു ശതമാനത്തില്‍നിന്നു 15 ശതമാനമായി വര്‍ധിപ്പിച്ചു.

ഒരുകോടി രൂപവരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് തങ്ങളുടെ വിറ്റുവരവിന്റെ 8 ശതമാനം വരുമാനമായി കണക്കാക്കി നികുതി നല്‍കുന്നതിനുള്ള അവകാശം നിലവില്‍ നിയമത്തിലുണ്ട്. ഇവര്‍ക്ക് കണക്കുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തമില്ല. ഈ ബജറ്റില്‍ പ്രസ്തുത വിറ്റുവരവിന്റെ പരിധി ഒരുകോടിയില്‍നിന്നു രണ്ടുകോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറുകിട പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് പങ്കാളികളുടെ ശമ്പളവും മൂലധനത്തി ന്മേല്‍ 12 ശതമാനം കിഴിവും ലഭിക്കുമായിരുന്നത് ഈ ബജറ്റില്‍ എടുത്തുകളഞ്ഞ് വന്‍ പ്രഹരമാണ് ചെറുകിട വ്യാപാരപങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് ഏല്‍പ്പിച്ചിട്ടുള്ളത്. അതായത് ഇനി ഇത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ വിറ്റുവരവിന്റെ 8 ശതമാനം വരുമാനമായി കണക്കാക്കി അതിന്റെ 30 ശതമാനം നികുതി ഒടുക്കേണ്ടിവരും. അല്ലെങ്കില്‍ കണക്കുകള്‍ സൂക്ഷിച്ച് അവ ഓഡിറ്റ്ചെയ്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. മുന്‍കൂര്‍ ആദായനികുതി അടയ്ക്കേണ്ടവര്‍ ഇനി ജൂണ്‍ 15, സെപ്തംബര്‍ 15, ഡിസംബര്‍ 15, മാര്‍ച്ച് 15 എന്നീ തീയതികള്‍ക്കുമുമ്പ് മുന്‍കൂര്‍ നികുതി ഗഡുക്കള്‍ അടയ്ക്കേണ്ടതാണ്.

പത്തുലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ വാങ്ങുമ്പോഴും രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ വിലയ്ക്ക് സാധാനങ്ങളും സേവനങ്ങളും വാങ്ങുമ്പോഴും ഒരുശതമാനം നികുതി ഒടുക്കേണ്ടതായിവരും. ഇത്തരം ക്രയവിക്രയങ്ങള്‍ക്ക് പാന്‍നമ്പര്‍ നല്‍കുന്നതുമൂലം ആദായനികുതി വകുപ്പിന് പ്രസ്തുത ക്രയവിക്രയങ്ങളെക്കുറിച്ചുള്ള അറിവു ലഭിക്കാന്‍കൂടിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നിട്ടുള്ളത്.

സേവനനികുതി വര്‍ധനയ്ക്ക് കടിഞ്ഞാണിടണം
ഇന്ത്യയില്‍ വിലക്കയറ്റത്തിനു വളരെയധികം ആക്കംകൂട്ടിയ ഒരു നികുതിമേഖലയാണ് സേവനനികുതി. വരുമാന വ്യത്യാസമില്ലാതെ സാധാരണക്കാരനും സമ്പന്നനും ഒരു പോലെ ഈ നികുതി നല്‍കാന്‍ ബാധ്യസ്ഥനാണ്.എന്തിനും ഏതിനും സേവനനികുതി നല്‍കണമെന്ന സാഹചര്യം വന്നപ്പോള്‍ ഈ പരോക്ഷനികുതി ജനങ്ങളുടെമേല്‍ വന്‍ സാമ്പത്തികദുരിതമാണ് സമ്മാനിച്ചത്. 12.36 ശതമാനത്തില്‍നിന്നു കഴിഞ്ഞ ഏപ്രിലിലാണ് 14 ശതമാനമാക്കി ഉയര്‍ത്തിയത്. വീണ്ടും നവംബറില്‍ അത് 14.5 ശതമാനമാക്കിയിരുന്നു.

ഇക്കൊല്ലം ജൂണ്‍മുതല്‍ അര ശതമാനം കൃഷി കല്യാണ്‍ സെസ്കൂടി ചേര്‍ത്ത് 15 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കോര്‍പറേറ്റ് നികുതികള്‍ കുറച്ചുകൊണ്ടുവന്ന് അതിന്റെ ഭാരം സാധാരണക്കാരുടെ തോളില്‍ കയറ്റിവയ്ക്കുന്നതാണ് സേവനനികുതി സമ്പ്രദായം. ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടില്ലെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ത്തന്നെ അത് ഘട്ടംഘട്ടമായി ഉയര്‍ത്തി 24 ശതമാനംവരെ കൊണ്ടുവരാനുള്ള സാധ്യതകളുണ്ട്.
 

ലേഖകന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top