04 December Saturday
സ്വര്‍ണവില ഉയര്‍ന്ന നിലയില്‍

റബര്‍ തിരിച്ചുവരവിനൊരുങ്ങുന്നു

കെ ബി ഉദയഭാനുUpdated: Monday Mar 7, 2016

കൊച്ചി> ആഭ്യന്തര–വിദേശവിപണികളില്‍ റബര്‍ തിരിച്ചുവരവ് നടത്തി. ചരക്കുക്ഷാമം രുക്ഷമായതിനാല്‍ ഷീറ്റിനായി വ്യവസായികള്‍ മത്സരിച്ചു. ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളകുവില വാരാന്ത്യം ഉയര്‍ന്നു. രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെട്ടതും പ്രദേശിക ഡിമാന്‍ഡിന്റെ അഭാവവും വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയായി. രാജ്യന്തരവിപണിയില്‍ പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലേയ്ക്ക് സ്വര്‍ണം പ്രവേശിച്ചു.

രാജ്യാന്തര വിപണിയില്‍ റബര്‍വില കുതിച്ചുകയറി. ക്രൂഡ്ഓയില്‍ വിലയിലുണ്ടായ മുന്നേറ്റം നിക്ഷേപകരെ റബറിലേക്ക് ആകര്‍ഷിച്ചു. ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍വില ഉയര്‍ന്നത് ഏഷ്യയിലെ ഇതര വിപണികളിലും ചലനമുളവാക്കി. സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകള്‍ക്ക് ഒപ്പം ഇന്ത്യയിലും അവധിനിരക്കുകള്‍ കയറി. ഇതിനിടയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മുഖ്യ ഉല്‍പ്പാദനരാജ്യങ്ങളിലും ഷീറ്റ്വില മെച്ചപ്പെട്ടു.

കൊച്ചി, കോട്ടയം മലബാര്‍ വിപണികള്‍ കേന്ദ്രീകരിച്ച് ഷീറ്റ് സംഭരിക്കാന്‍ ടയര്‍വ്യവസായികള്‍ ഉത്സാഹിച്ചതോടെ  ആര്‍എസ്എസ് നാലാംഗ്രേഡ് റബര്‍വില 9600ല്‍ നിന്ന് 10,000 രൂപയായി. അഞ്ചാം ഗ്രേഡ് 9500ല്‍നിന്ന് 9900ലേയ്ക്കു കയറി. അതേ സമയം, ലാറ്റക്സ്ക്ഷാമം രൂക്ഷമെങ്കിലും ഉത്തരേന്ത്യന്‍ വ്യവസായികള്‍ 7500ല്‍ കൂടിയ വിലയ്ക്ക് ചരക്ക് എടുക്കാന്‍ തയ്യാറായില്ല. വരള്‍ച്ചമൂലം റബര്‍ ടാപ്പിങ് പൂര്‍ണമായി സ്തംഭിച്ചു. 

ആഭ്യന്തര ആവശ്യം ഉയര്‍ന്നതോടെ കൊച്ചിയില്‍ കുരുമുളകുവില ഉയര്‍ന്നു. വാരാന്ത്യം ഗാര്‍ബിള്‍ഡ് കുരുമുളക് 65,300ലും അണ്‍ ഗാര്‍ബിള്‍ഡ് 62,300ലുമാണ്. ശിവരാത്രി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന അളവില്‍ ചരക്ക് ശേഖരിച്ചു. വാരാവസാനം രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെട്ട സാഹചര്യത്തില്‍ കയറ്റുമതിസാധ്യതകളും തെളിയുന്നുണ്ട്. ആഗോളവിപണിയില്‍ ഇന്ത്യന്‍ നിരക്ക് ടണ്ണിന് 9700 ഡോളറാണ്.

കുംഭച്ചൂടില്‍ മൂത്തുവിളഞ്ഞ ജാതിക്ക മധ്യകേരളത്തില്‍നിന്ന് ഉയര്‍ന്ന അളവില്‍ വില്‍പ്പനയ്ക്ക് എത്തി. കറിമസാല വ്യവസായികളും ഔഷധനിര്‍മാതാക്കളും പുതിയ ചരക്ക് ശേഖരിച്ചു. അറബ് രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ ചരക്ക് സംഭരിച്ചു.— ജാതിക്ക തൊണ്ടന്‍ കിലോ 180–200, തൊണ്ടില്ലാത്തത് 380–400, ജാതിപത്രി 600–925 രൂപ.

പ്രാദേശികതലത്തില്‍ വെളിച്ചെണ്ണവില്‍പ്പന ഉയരാഞ്ഞത് ഓയില്‍ മില്ലുകാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ 8700ല്‍നിന്ന് 8500 രൂപയായി. കൊപ്രവില 5950ല്‍നിന്ന് 5755ലേയ്ക്ക് ഇടിഞ്ഞു. നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യത കനത്തു. രൂപയുടെ വിനിമയനിരക്കിലുണ്ടായ തിരിച്ചുവരവ് വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിച്ചെലവ് കുറച്ചത് പാചകഎണ്ണ വിലയെ ബാധിച്ചു.

കേരളത്തില്‍ സ്വര്‍ണവില ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഭരണവിപണികളില്‍ പവന്‍ 21,280 രൂപയില്‍നിന്ന് 21,480 രൂപയായി. ഒരു ഗ്രാമിന്റെ വില 2685 രൂപ. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1221 ഡോളറില്‍നിന്ന് 1280 വരെ ഉയര്‍ന്നശേഷം 1259 ഡോളറില്‍ ക്ളോസിങ് നടന്നു.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top