18 April Thursday

കടം കൈകാര്യം ചെയ്യുമ്പോള്‍

കെ ദിലീപ്Updated: Sunday Feb 7, 2016

കടംവാങ്ങാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കടം വാങ്ങുമ്പോഴും അതു കൈകാര്യംചെയ്യുമ്പോഴും ചില തയ്യാറെടുപ്പുകള്‍ വേണമെന്ന് എത്രപേര്‍ക്കറിയാം?  വരുമാനം, ചെലവ്  ഇവയെ ക്കുറിച്ചൊരു ധാരണയുണ്ടാക്കി അതനുസരിച്ച് കെട്ടിപ്പടുക്കുന്നതാകണം, നമ്മുടെ കടങ്ങളും നിക്ഷേപങ്ങളും. വരുമാനവും തിരിച്ചടയ്ക്കലിനുള്ള പ്രാപ്തിയുംതന്നെയാണ് ഈ അനുപാതത്തിന്റെ അടിസ്ഥാനം.

നിക്ഷേപ നിര്‍വഹണവും കടം കൈകാര്യംചെയ്യലും സാമ്പത്തികാസൂത്രണത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നര്‍ഥം. സമ്പത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ പലരും അറിവുള്ളവരാണെങ്കില്‍പ്പോലും കടം കൈകാര്യംചെയ്യുന്നതില്‍ കാര്യപ്രാപ്തി വളരെ കുറവാണ്. ഇതുണ്ടാക്കുന്ന സാമ്പത്തികനഷ്ടവും അസന്തുലിതാവസ്ഥയും സാമ്പത്തികാസൂത്രണത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ തകിടംമറിക്കുന്നു.

കടം എത്രത്തോളമാകാം ?

കടം കൈകാര്യംചെയ്യാന്‍ പറ്റുന്നിടത്തോളം എന്നാണ് ഉത്തരം. കടം അപകടമാകുന്നത് അതിന്റെ പരിധി ലംഘിക്കപ്പെടുമ്പോഴാണ്. വ്യക്തികളുടെ വരുമാനത്തിനും സമ്പത്തിനും അനുസരിച്ച് ഈ പരിധി വ്യത്യാസപ്പെട്ടിരിക്കും. സാധാരണക്കാരന് ആസ്തിയും സമ്പത്തും ഉണ്ടാക്കിക്കൊടുക്കുന്നതിലും വായ്പകള്‍ വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിലെ മധ്യവര്‍ഗത്തെ സംബന്ധിച്ച് വീടോ, സ്ഥലമോ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഒരു പ്രധാന പോംവഴി വായ്പ സംഘടിപ്പിക്കുകയാണ്.

കടം എന്ന ശീലം

ആഗോളവല്‍കരണം ഉണ്ടാക്കിയെടുത്ത ശീലങ്ങളിലൊന്നാണ് കടമെടുക്കുക എന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് ഇന്ത്യ ഒരു ആഗോള ഗ്രാമമായി മാറിയതിനോടൊപ്പം ഓരോ ഗ്രാമവും ഓരോ കമ്പോളമായി മാറുകയും ചെയ്തു.  ഇന്നത്തെ ലാഭാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയില്‍ പണത്തിന്റെ  ചംക്രമണം അത്യന്താപേക്ഷിതമാണ്. അങ്ങിനെയാണ് ഇവിടെ വായ്പകള്‍ ഉദാരമാകുന്നതും വായ്പകള്‍ക്കുള്ള സാധ്യതകളും സാഹചര്യങ്ങളും വിപുലപ്പെടുന്നതും. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ക്രയവിക്രയ ശീലത്തില്‍ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകൊണ്ട് പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്.

വായ്പയും അവയുടെ സ്വഭാവവും

വായ്പകള്‍ രണ്ടുതരമുണ്ട്. ജാമ്യം ആവശ്യമുള്ളതും ജാമ്യം ആവശ്യമില്ലാത്തതും. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍ എന്നിവക്ക് ജാമ്യം ആവശ്യമില്ലാത്തതുകൊണ്ടുതന്നെ പലിശനിരക്കുകള്‍ ഉയര്‍ന്നതാകും. വ്യക്തിയുടെ വരുമാനവും തിരിച്ചടയ്ക്കല്‍ശേഷിയും കണക്കാക്കിയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയും വ്യക്തിഗത വായ്പയുടെ അളവും നിശ്ചയിക്കുന്നത്. ഇവ രണ്ടും സംഘടിപ്പിക്കാന്‍ എളുപ്പവുമാണ്. പരസ്യത്തില്‍ പറഞ്ഞതു മാത്രമാകില്ല ഇവയുടെ ചാര്‍ജുകള്‍.  ഒട്ടേറെ ചാര്‍ജുകള്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. അതുകൊണ്ടുതന്നെ ശ്രദ്ധിക്കേണ്ടതും ചോദിച്ചറിഞ്ഞു ബോധ്യപ്പെടേണ്ടതുമാണ്. താരതമ്യേന ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവരുന്നതിനാല്‍ ഈ കടങ്ങള്‍ ആദ്യം ഒഴിവാക്കാന്‍ ശ്രമിക്കണം. മിനിമം ബാലന്‍സ് മാത്രം അടച്ച് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കാര്‍ഡിലൂടെ പണം പിന്‍വലിക്കുന്ന പ്രവണതയും ഒഴിവാക്കണം.

ജാമ്യമുണ്ടെങ്കില്‍ മാത്രം കിട്ടുന്ന രണ്ടു പ്രധാന വായ്പകളാണ് ഗാര്‍ഹികവായ്പയും വാഹനവായ്പയും. ഇടത്തരം വരുമാനക്കാര്‍ക്ക് ഒഴിവാക്കാന്‍പറ്റാത്ത ഒന്നാണ് ഗാര്‍ഹികവായ്പകള്‍. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇത്തരം വായ്പകള്‍ സുരക്ഷിതമാണ്. പലിശനിരക്കും കുറവാകും. തിരിച്ചടവ് കൂടുതലാകും. ഒരു ആസ്തി ഉണ്ടാക്കുന്നതിനാല്‍ ഗാര്‍ഹികവായ്പകള്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് പ്രയോജനപ്പെടുത്താം. പലിശയിനത്തിലും മുതലിന്റെ തിരിച്ചടയ്ക്കല്‍ ഇനത്തിലും  പ്രത്യേകം നികുതി ആനുകൂല്യവും ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് വരുമാനവും തിരിച്ചടവും ഒത്തുപോകണം എന്നുമാത്രം. എന്നാല്‍ വാഹനം വാങ്ങുന്നതിനായി വായ്പയെടുക്കുമ്പോള്‍ പലിശയിനത്തില്‍ മാത്രമല്ല, വാഹനത്തിന്റെ മൂല്യശോഷണവും കണക്കിലെടുക്കേണ്ടതുണ്ട്. പലിശനിരക്ക് താരതമ്യേന കുറവാകുമെങ്കിലും വാഹനത്തിന്റെ തേയ്മാനവും മറ്റും കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് കൂടും.

ഏറ്റവും ഉയര്‍ന്ന പലിശയോ ചെലവോ ഉള്ള കടങ്ങള്‍ ആദ്യം തിരിച്ചടക്കണം. നിക്ഷേപത്തെക്കുറിച്ചുപോലും ചിന്തിക്കേണ്ടത് ഇത്തരം ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ അടച്ചുതീര്‍ത്തശേഷമാവണം. ക്രെഡിറ്റ് കാര്‍ഡുകളുടെയും വ്യക്തിഗത വായ്പകളുടെയും പിടിയിലകപ്പെടാതെ നോക്കേണ്ടത് നമ്മള്‍തന്നെയാണ്. കാരണം, നമ്മുടെ വരുമാനത്തിന്റെ തോതു നിര്‍ണയിക്കുന്നത് നമ്മളല്ല. അതില്‍ നമുക്കാവശ്യമായ സ്വാധീനം ചെലുത്താനാവില്ല. എന്നാല്‍ നമ്മുടെ ചെലവിന്റെ തോത് നമുക്ക് നിയന്ത്രിക്കാനാകും. ചുരുക്കിപ്പറഞ്ഞാല്‍ വരുമാനത്തിന്റെയും ചെലവിന്റെയും ധാരണയില്‍ കെട്ടിപ്പടുക്കുന്നതാകണം കടങ്ങളും നിക്ഷേപങ്ങളും.  ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനംവരെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് മാറ്റിവയ്ക്കാവുന്നതാണ്. ഇവിടെ വരുമാനത്തിന്റെ തോതും, ജീവിതനിലവാരവും, സാമ്പത്തികാവസ്ഥയും അനുസരിച്ച് ഓരോ വ്യക്തിക്കും വ്യത്യസ്തമാകും എന്നോര്‍ക്കുക.

വായ്പയിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ

വായ്പയുടെ തിരിച്ചടവ് പല കാരണംകൊണ്ടും മുടങ്ങാനിടയുണ്ട്. ആ സാഹചര്യത്തില്‍ താങ്ങാകുക  ഇന്‍ഷുറന്‍സാകും. ഇതില്‍ അടുത്തകാലത്ത് ശ്രദ്ധയാകര്‍ഷിച്ച ഒരു പദ്ധതിയും ഉണ്ട്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മൂന്നുമാസംവരെ വായ്പയുടെ പ്രതിമാസ തവണ ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്ന ഒരു പദ്ധതിയാണിത്. പ്രധാന പോളിസികളിലെ പ്രീമിയത്തിനോടൊപ്പം അഞ്ചുമുതല്‍ 10 ശതമാനം വരെ അധിക പ്രീമിയം ഈടാക്കിയാണ് ഇത്തരമൊരു സംവിധാനം പോളിസി ഉടമകള്‍ക്ക് നല്‍കുന്നത്. വായ്പാകാലയളവിനുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ ഉണ്ടാകുന്ന ബാധ്യത ഇന്‍ഷുറന്‍സ് കമ്പനികള്‍ അടയ്ക്കുന്ന പദ്ധതികളും ലഭ്യമാണ്. ഇവിടെ ആദ്യതവണകളില്‍ താരതമ്യേന ഉയര്‍ന്ന പ്രീമിയം കൊടുക്കേണ്ടിവരുമെങ്കിലും തിരിച്ചടവ് കാലാവധി കുറയുന്നതിനനുസരിച്ച് പ്രീമിയം തുകയും കുറഞ്ഞുകൊണ്ടിരിക്കും.
ഇതെല്ലാമാണെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ‘കടം വാങ്ങാനുള്ള സാഹചര്യം ഒഴിവാക്കുക. ഇതിന് ശരിയായ രീതിയിലുള്ള സാമ്പത്തികാസൂത്രണംവഴി ജീവിതചെലവുകളും ഒപ്പം ആഗ്രഹങ്ങളും നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ മതി.
 
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി സേവനാവിഭാഗം മേധാവിയാണ് ലേഖകന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top