20 April Saturday

സെബിയും നിക്ഷേപകന്റെ പരിരക്ഷയും

കെ ജി സക്കറിയUpdated: Sunday Aug 6, 2017

ബാങ്ക് നിക്ഷേപങ്ങളില്‍നിന്നുള്ള ആദായം പഴയപോലെ ആകര്‍ഷകമല്ലാതായത് കൂടുതല്‍ നിക്ഷേപകരെ ഓഹരിവിപണിയിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന അധികവരുമാന സാധ്യതയും, ഓഹരികളിലെ മുന്നേറ്റവും ഇതിന് കാരണമാണ്. വിപണിയിലെ കുതിപ്പും കിതപ്പും വ്യക്തമായി മനസ്സിലാക്കുന്ന നിക്ഷേപകന് മാത്രമേ ഓഹരിവിപണിയില്‍ ഫലപ്രദമായി ഇടപെട്ട് ലാഭം നേടാനാകൂ. സാധാരണക്കാരായ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പല കാരണംകൊണ്ട് ഓഹരിവിപണിയെക്കുറിച്ച് അറിവുണ്ടാകില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപമേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച പ്രൊഫഷണല്‍ സാമ്പത്തിക ഉപദേശകരുടെ സേവനം  നിക്ഷേപകന് സ്വീകരിക്കാം. വിദഗ്ധനായ ഒരാളുടെ ഉപദേശം നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഗുണകരമാകും.

ഓഹരിവിപണിയില്‍ ചാഞ്ചാട്ടം സ്വാഭാവികമാണ്. വിപണിയുടെ കയറ്റിറക്കങ്ങള്‍ നിക്ഷേപകന് ലാഭവും നഷ്ടവും നല്‍കാം.  ഇവിടെ ഉയരുന്ന ചോദ്യമുണ്ട്. നിക്ഷേപകന് എന്ത് പരിരക്ഷയാണ് ഓഹരിവിപണിയില്‍ ലഭിക്കുക? അല്ലെങ്കില്‍ വിപണിയില്‍ നിക്ഷേപകന്റെ താല്‍പ്പര്യം ഏതുരീതിയിലാണ് സംരക്ഷിക്കപ്പെടുക? ഒരു അംഗീകൃത ബാങ്കില്‍ പണം നിക്ഷേപിക്കുന്ന ഒരാള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരം വിവിധതരത്തിലുള്ള നിയമപരിരക്ഷകളുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും നിയമപരമായ പരിരക്ഷകള്‍ ഓഹരിവിപണിയിലെ നിക്ഷേപകനും ലഭിക്കുമോ?  ഓഹരിവിപണിയില്‍ നിക്ഷേപകന് കൃത്യമായ പരിരക്ഷ ഉണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും തുടക്കക്കാരായ നിക്ഷേപകരും നിലവില്‍ ഇടപാട് നടത്തുന്നവരുമെല്ലാം ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും വേണം.

സെബി’എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്കാണ് ഓഹരിവിപണിയുടെ നിയന്ത്രണാധികാരം. ഓഹരിവിപണിയിലുണ്ടാകാവുന്ന അനാശ്യാസ്യപ്രവണതകള്‍ തടയാനുള്ള എല്ലാവിധ സംവിധാനങ്ങളും‘സെബിക്കുകീഴിലുണ്ട്. അതുപോലെതന്നെ ഓഹരിവിപണിയിലെ നിക്ഷേപകന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനും അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തട്ടിപ്പുകളില്‍നിന്ന് നിക്ഷേപകരെ മോചിതരാക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും ‘സെബി’ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകന്റെ സംരക്ഷണം സെബിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ്. ‘
ഇതനുസരിച്ച് നിക്ഷേപകന് എന്തെല്ലാം പരിരക്ഷയാണ് ലഭിക്കുകയെന്ന് നോക്കാം.

വിപണിയിലെ തട്ടിപ്പുകള്‍ക്ക് തടയിടാനായി സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകളും ആശാസ്യമല്ലാത്ത രീതിയിലുള്ള ഇടപാടുകള്‍ തടയുന്നതിനുള്ള സംവിധാനങ്ങളും സെബിരൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ‘ഭാഗമായി നിക്ഷേപകര്‍ക്കുവേണ്ടി ബോധവല്‍കരണ പരിപാടികളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകരുടെ ഏതുതരത്തിലുള്ള പരാതിയിലും പരിഹാരം കാണുന്നതിനായി ഓണ്‍ലൈനായി പരാതി പരിഹാര സെല്ലിന് സെബി രൂപംനല്‍കിയിട്ടുണ്ട്. www.scores.gov.in   എന്ന വെബ്സൈറ്റിലൂടെ നിക്ഷേപകര്‍ക്ക് ഓഹരിവിപണിയില്‍ രജിസ്റ്റര്‍ചെയ്ത കമ്പനികളെക്കുറിച്ചോ, ഓഹരിബ്രോക്കര്‍മാരെ സംബന്ധിച്ചോ, സ്റ്റോക് എക്സ്ചേഞ്ചുകള്‍, ഡെപ്പോസിറ്ററി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെ സംബന്ധിച്ചോ പരാതി ഉന്നയിക്കാം. ഇത്തരം പരാതികളില്‍‘സെബി’ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കും. നിക്ഷേപകനെ നേരിട്ടുബാധിക്കുന്ന ഓഹരിവിപണിയിലെ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണയം നടത്തി നിക്ഷേപകന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തുന്നതും സെബി’യുടെ പ്രധാന കടമയാണ്.

എക്സ്ചേഞ്ചുകളില്‍ അംഗങ്ങളായ ഓഹരി ബ്രോക്കര്‍മാര്‍ ഇടപാടുകാര്‍ക്ക് നല്‍കാനുള്ള പണം വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് സംവിധാനംവഴി സെബി’തീര്‍പ്പുകല്‍പ്പിക്കും.

ഓഹരി അപേക്ഷാ പണം, ഡിവിഡന്റുകള്‍, കാലാവധി പൂര്‍ത്തിയായ നിക്ഷപം, പലിശ, കടപ്പത്രങ്ങള്‍ തുടങ്ങി ഏഴു വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപകന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത പണം ഒരുമിച്ച് ഒരു പൂളിലേക്ക് മാറ്റുന്നതാണ് ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട്. ഡിവിഡന്റുകളും പലിശയും മറ്റും കൈപ്പറ്റാന്‍ സാധിക്കാതിരുന്ന നിക്ഷേപകര്‍ക്ക് ഈ ഫണ്ട്വഴി ഇതിനു സാധിക്കും. നിക്ഷേപകര്‍ക്ക് അനുഗ്രഹമാണിത്.
ഓഹരി ബ്രോക്കര്‍മാര്‍, ട്രാന്‍സ്ഫര്‍ ഏജന്റ്മാര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍, മര്‍ച്ചന്റ് ബാങ്കുകള്‍ എന്നിവയെ രജിസ്റ്റര്‍ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‘സെബിയാണ്. നിക്ഷേപകര്‍, ഇടപാടുകാര്‍, വിദേശ നിക്ഷേപകര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, സ്വയം നിയന്ത്രിത കമ്പനികള്‍ എന്നിവയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും  ചെയ്യുക, സ്റ്റോക് എക്സ്ചേഞ്ചുകള്‍, സാമ്പത്തിക സേവനദാതാക്കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്യുക എന്നിവയെല്ലാം‘സെബിയുടെ ഉത്തരവാദിത്തമാണ്. നിക്ഷേപകരുടെ ക്ഷേമത്തിനും  സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് ‘സെബി’ ഇതെല്ലാം നടപ്പാക്കുന്നത്.

ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കംപ്ളയന്‍സ് ഓഫീസറാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top