19 January Wednesday

കൊച്ചി മെട്രോ സ്റ്റേഷനിലെ നിശബ്ദ മുന്നേറ്റമായി തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2017

ഈ മാസം 17ന് ഉദ്ഘാടനത്തിന് അണിഞ്ഞൊരുങ്ങുന്ന കൊച്ചി മെട്രോയാണിപ്പോള്‍ ശ്രദ്ധാകേന്ദ്രം. അതിനൊപ്പംതന്നെ നിര്‍മാണം പൂര്‍ത്തിയായ 12 മെട്രോ സ്റ്റേഷനുകളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ അവ കെട്ടിയുയര്‍ത്താന്‍ പ്രയത്നിച്ച തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സാക്ഷാല്‍കാരത്തിന്റെ നിറവിലാണ്.

 തൃശൂരിനടുത്ത് തിരൂരിലുള്ള ടിഡിഎല്‍ സിസിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സഹകരണ സൊസൈറ്റിയുടെ നേട്ടങ്ങളുടെ തൊപ്പിയില്‍ രാജ്യത്തെ മെട്രോകളുമായി സഹകരിച്ച ആദ്യ സഹകരണ സൊസൈറ്റി എന്ന തൂവലും അങ്ങനെ സ്വന്തമായി. 2015 ഒക്ടോബറില്‍ മെട്രോസ്റ്റേഷനുകളുടെ നിര്‍മാണം ഏറ്റെടുത്തതില്‍പ്പിന്നെ ഒരുദിവസവും ഒഴിവില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സൊസൈറ്റി പ്രസിഡന്റ് ടി ജി സജീവന്‍ പറഞ്ഞു.

 ഗുണമേന്മ, വേഗം, സുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ പറഞ്ഞസമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായത് സൊസൈറ്റിയുടെ കൂട്ടായ്മകൊണ്ടു മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോയ്ക്കുവേണ്ടി ഒരുലക്ഷം ചതുരശ്ര അടിയിലേറെ നിര്‍മാണപ്രവര്‍ത്തനം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 75 കോടി രൂപയാണ് ചെലവ്. 12 സ്റ്റേഷനുകളുടെ നിര്‍മാണമാണ് സൊസൈറ്റി ഏറ്റെടുത്തത്്. ഇതില്‍ ആലുവ കമ്പനിപ്പടിയിലെ ആറു മീറ്റര്‍ ആഴത്തിലെ വെള്ളക്കെട്ടില്‍ കപ്പലിന്റെ ഡെക്ക്പോലെ കെട്ടിപ്പൊക്കിയ സ്റ്റേഷന്‍ നിര്‍മാണമായിരുന്നു ബുദ്ധിമുട്ടേറിയതെന്ന് സജീവ് പറഞ്ഞു. സ്റ്റേഷനുകളോടനുബന്ധിച്ചുള്ള നാല് പാലങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ലിസി സ്റ്റേഷനില്‍ രണ്ടു നിലയായാണ് പാലം നിര്‍മിച്ചിട്ടുള്ളത്. മെട്രോ മാന്‍ ഇ ശ്രീധരന്റെ ജന്മനാടായ പാലക്കാട്ടെ കറുകപുത്തൂര്‍ എല്‍പി സ്കൂള്‍ പുതുക്കിപ്പണിയാന്‍ അവസരം ലഭിച്ചത് സൊസൈറ്റിക്കു ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റിക്ക് കേരളത്തിലെ ആദ്യ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍  പങ്കാളിയാകാന്‍ കഴിഞ്ഞത് സൊസൈറ്റിയുടെ നിര്‍മാണമികവിന്റെ തെളിവാണ്. ഒരുകൂട്ടം എന്‍ജിയര്‍മാരുടെയും തൊഴിലാളികളുടെയും നിര്‍മാണസാമഗ്രികള്‍ വിപണനംചെയ്യുന്നവരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ സൊസൈറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിര്‍മാണമേഖലയിലെ ഇടനിലക്കാരുടെയും വന്‍കിടകരാറുകാരുടെയും ചൂഷണങ്ങള്‍ക്ക് ഒരുപരിധിവരെ മൂക്കുകയറിടാന്‍ സൊസൈറ്റിക്കു കഴിഞ്ഞിട്ടുമുണ്ട്.

 പാലങ്ങള്‍, റോഡുകള്‍,  കെട്ടിടസമുച്ചയങ്ങള്‍, വീടുകള്‍ ഇവയെല്ലാം കുറഞ്ഞ ചെലവില്‍ നിര്‍മിച്ചുനല്‍കുന്ന സൊസൈറ്റിക്ക് കേരളത്തിലെവിടെയും നിര്‍മാണം എറ്റെടുക്കാനുള്ള പിഡബ്ള്യുഡിയുടെ എ ക്ളാസ് ലൈസന്‍സ് ഉണ്ട്്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ജനോപകാരപ്രദമായ ഓട്ടേറെ പദ്ധതികളും സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. 'ഹോം ഫോര്‍ ഹോംലെസ്' എന്ന ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കുന്ന പദ്ധതി, ഉച്ചഭക്ഷണം വിതരണംചെയ്യുന്നതിനുള്ള അക്ഷയപാത്രം പദ്ധതി എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അര്‍ഹരായ നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠനകാലം മുഴുവന്‍ സഹായം നല്‍കി അവരെ സ്വയം പ്രാപ്തരാക്കുന്ന നക്ഷത്രങ്ങളെ കണ്ടെത്താം എന്ന സ്കോളര്‍ഷിപ് പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top