20 April Saturday

കുട്ടികളുടെ പേരില്‍ സേവിങ്സ് അക്കൌണ്ട് തുടങ്ങാം

കെ അരവിന്ദ്Updated: Sunday Nov 5, 2017

കുട്ടികളുടെ ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക് നേടിയ വേളകളിലുമൊക്കെ അവര്‍ക്ക് മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി പണം നല്‍കുന്നത് സാധാരണമാണ്. പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്ന കാലമൊക്കെ കഴിഞ്ഞു. കുട്ടികള്‍ക്കായി സേവിങ്സ് അക്കൌണ്ടുകള്‍ ആരംഭിച്ച് അതില്‍ പണം നിക്ഷേപിക്കുന്നതാണിപ്പോള്‍ പ്രവണത. കുട്ടികള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിനുപകരം അക്കൌണ്ടുകളില്‍ നിക്ഷേപിക്കുകയുമാകാം.


വിവിധ ബാങ്കുകളില്‍ ചൈല്‍ഡ് സേവിങ്സ് അക്കൌണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൌകര്യമുണ്ട്. ചില ബാങ്കുകളില്‍ ഒരുദിവ സം മാത്രം പ്രായമായ കുട്ടിയുടെ പേരില്‍പ്പോലും അക്കൌണ്ട് ആരംഭിക്കാം.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ദീര്‍ഘകാലയളവില്‍ അവരുടെ പണം വളരുന്നത് നേരിട്ടറിയുന്നതിനും ഇത്ത രം അക്കൌണ്ടുകള്‍ സഹായകമാണ്. ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുള്ള ചെലവുകളെക്കുറിച്ചും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കാനാകും. ഇതെല്ലാം സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യ ത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് കുട്ടികളെ സഹായിക്കും.
എല്ലാ മാസവും കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ്മണി അവരുടെ പേരിലുള്ള അക്കൌണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയാകും. ബാങ്ക് അക്കൌണ്ട് ഇടപാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ മാത്രമല്ല, അക്കൌണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കുന്നതെങ്ങനെയെന്നും  കുട്ടിക്ക് അറിയാനാകും. ഡെബിറ്റ് കാര്‍ഡ്വഴി പിന്‍വലിക്കുകയും ചെലവാക്കുകയും ചെയ്യുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നതിലൂടെ കുട്ടികളുടെ ധനവിനിയോഗം നിയന്ത്രിക്കാം. ഇത്തരത്തില്‍ ഓരോ ദിവസവും, ഓരോ മാസവും ചെലവിടുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്താവുന്നതാണ്.

അക്കൌണ്ട് എങ്ങനെതുടങ്ങാം:


  ചൈല്‍ഡ് സേവിങ്സ് അക്കൌണ്ടുകള്‍ ആരംഭിക്കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്. ഇത്തരം അക്കൌണ്ടുകള്‍ക്ക് മിനിമം ബാലന്‍സ്, പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക എന്നിവയുടെ കാര്യത്തില്‍ സാധാരണ എസ്ബി അക്കൌണ്ടുകളില്‍നിന്ന് വ്യത്യസ്തമായ വ്യവസ്ഥകളാണുള്ളത്. മിക്ക ബാങ്കിലും രക്ഷിതാവിന് സ്വന്തം പേരില്‍ അക്കൌണ്ടുണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ പേരില്‍ അക്കൌണ്ട്തുറക്കാനാകൂ.
അക്കൌണ്ട് ആരംഭിക്കുന്നതിന് കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖയും രക്ഷിതാവിനെ സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതുണ്ട്.

മിനിമം ബാലന്‍സ്:


പുതുതലമുറ ബാങ്കുകളാണ് പ്രധാനമായും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന വയ്ക്കുന്നത്. ഉദാഹരണത്തിന് കോട്ടക്ക് മഹീന്ദ്ര ബാങ്കില്‍ കുട്ടികള്‍ക്കായി സേവിങ്സ് അക്കൌണ്ട് ആരംഭിക്കണമെങ്കില്‍ 5000 രൂപ മിനിമം ബാലന്‍സ് ഉണ്ടാകണം.  എന്നാല്‍ കുട്ടിയുടെ പേരില്‍ അച്ഛന്‍ മൂന്നുവര്‍ഷത്തെ റെക്കറിങ് ഡെപ്പോസിറ്റ് ആരംഭിക്കുകയാണെങ്കില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന ബാധകമല്ല. പ്രതിമാസം കുറഞ്ഞത് 2000 രൂപ റെക്കറിങ് നിക്ഷേപത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

ഐസിഐസിഐ ബാങ്കില്‍ കുട്ടികള്‍ക്കായുള്ള സേവിങ്സ് അക്കൌണ്ടില്‍ 2500 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണം. മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കണമെങ്കില്‍ കുട്ടിയുടെ പേരില്‍ കുറഞ്ഞത് 1.25 ലക്ഷം രൂപയുടെ മൂല്യമുള്ള റെക്കറിങ് നിക്ഷേപമോ സ്ഥിരനിക്ഷേപമോ ഉണ്ടാകണം.
യെസ് ബാങ്കിലും കുട്ടികള്‍ക്കായുള്ള സേവിങ്സ് അക്കൌണ്ടില്‍ 2500 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണം. മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കണമെങ്കില്‍    25,000 രൂപയുടെ സ്ഥിരനിക്ഷേപം കുട്ടിയുടെ പേരിലുണ്ടാകണം.

അതേസമയം പൊതുമേഖലാ ബാങ്കുകള്‍ക്കും പഴയതലമുറ ബാങ്കുകള്‍ക്കും മിനിമം ബാലന്‍സ് സംബന്ധിച്ച് കര്‍ക്കശമായ നിബന്ധനകളില്ല. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള അക്കൌണ്ടില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമല്ല.  ഫെഡറല്‍ ബാങ്കില്‍ 1000 രൂപ മാത്രമേ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടതുള്ളൂ.

തുക പിന്‍വലിക്കുന്നതിനുള്ള പരിധി:

മിക്ക ബാങ്കും ഇത്തരം അക്കൌണ്ടുകള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനും ഷോപ്പിങ് നടത്തുന്നതിനുമുള്ള പരിധികള്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ, പ്രതിവര്‍ഷഅടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്ക് നിശ്ചയിക്കാവുന്നതാണ്.

മിക്ക ബാങ്കും എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് എസ്ബിഐയുടെ കുട്ടികള്‍ക്കുള്ള അക്കൌണ്ടില്‍ പ്രതിദിന ഇടപാടിനുള്ള പരിധി 5000 രൂപയും മൊബൈല്‍ ബാങ്കിങ്ങില്‍ പരിധി 2000 രൂപയുമാണ്.
 
അക്കൌണ്ടുകള്‍ പലതരം:

10 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും     10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൌണ്ടുകള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് നിശ്ചിതപ്രായം കഴിഞ്ഞാല്‍ അക്കൌണ്ട് അപ്ഗ്രേഡ് ചെയ്യാം. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്ക് 18 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കായി യങ് സ്റ്റാര്‍ എന്ന പേരിലും 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി സ്മാര്‍ട്ട് സ്റ്റാര്‍ എന്ന പേരിലുമാണ് അക്കൌണ്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടിക്ക് 10 വയസ്സായാല്‍ യങ് സ്റ്റാറില്‍നിന്ന് സ്മാര്‍ട്ട് സ്റ്റാറിലേക്ക് അക്കൌണ്ട് മാറ്റാം. സ്മാര്‍ട്ട് സ്റ്റാര്‍ അക്കൌണ്ടില്‍ ഡെബിറ്റ്കാര്‍ഡ് ഇടപാട് പരിധി പ്രതിവര്‍ഷം 50,000 രൂപയാണ്. ഇത് രക്ഷിതാവിന്റെ അനുവാദത്തോടെ രണ്ടു ലക്ഷം രൂപവരെയായി ഉയര്‍ത്താം.
 
പരമാവധി ബാലന്‍സ്:

എസ്ബിഐ അക്കൌണ്ടില്‍ നിലനിര്‍ത്താവുന്ന പരമാവധി ബാലന്‍സ് അഞ്ചുലക്ഷം രൂപയാണ്. ബാങ്ക് ഓഫ് ബറോഡയില്‍ 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പരമാവധി നിലനിര്‍ത്താവുന്നത് ഒരുലക്ഷം രൂപയുടെ ബാലന്‍സാണ്. അതില്‍ കൂടുതല്‍ തുക ബാലന്‍സായി നിലനിര്‍ത്തണമെങ്കില്‍ കുട്ടിയും രക്ഷിതാവും ചേര്‍ന്നുള്ള ജോയിന്റ് അക്കൌണ്ട് ആവശ്യമാണ്.

രക്ഷിതാവിന്റെ ചുമതല:


മിക്ക ബാങ്കും ഇത്തരം അക്കൌണ്ടുകളില്‍ പ്രത്യേക പാസ്ബുക്കും ചെക്ക്ബുക്കും നല്‍കുന്നുണ്ട്. ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം മിക്ക ബാങ്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അക്കൌണ്ടിനെ നെറ്റ്ബാങ്കിങ്ങുമായി ബന്ധിപ്പിക്കുകയും അതുവഴി കുട്ടികളുടെ അക്കൌണ്ട് ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ എവിടെയൊക്കെ, എത്രയൊക്കെ പണം ചെലവഴിച്ചുവെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാനാവും. തന്റെ അനുവാദമില്ലാതെ കുട്ടി തുടര്‍ന്ന് ഇടപാടുകള്‍ നടത്തേണ്ട എന്നാണെങ്കില്‍ രക്ഷിതാവിന് ബാങ്കിന്റെ കസ്റ്റമര്‍കെയറുമായി ബന്ധപ്പെട്ട് കാര്‍ഡ് ലോക്ക് ചെയ്യാന്‍ സാധിക്കും.

പരിധികള്‍ക്കു വിധേയമായി അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് എല്ലാ സ്വാതന്ത്യ്രവും ഉണ്ടെങ്കിലും നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രക്ഷിതാവിന്റെ അക്കൌണ്ടായാകും ഇത് കണക്കാക്കുന്നത്. കുട്ടി സ്വന്തം കഴിവുപയോഗിച്ച് പണം സമ്പാദിക്കുന്നതുവരെ അക്കൌണ്ടിലെ നിക്ഷേപത്തിലുള്ള പലിശ രക്ഷിതാവിന്റെ പേരിലാകും കണക്കാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top