30 September Saturday

വായ്പാ സ്കോര്‍ എങ്ങനെയറിയാം

പി ജി സുജUpdated: Sunday Nov 5, 2017

വിവിധ വായ്പകളുടെ പലിശനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉദാഹരണത്തിന് ഭാവനവായ്പയുടെ വാര്‍ഷികപലിശ 8.30 ശതമാനമായി കഴിഞ്ഞദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  പുനര്‍നിശ്ചിയിച്ചിട്ടുണ്ട്. അതായത്, വരുംദിവസങ്ങളില്‍ പലിശയെടുക്കാനുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്. കാരണം ഏതൊരു വ്യക്തിയെ സംബന്ധിച്ചും ബാങ്ക്വായ്പ ഇന്ന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷെ വായ്പ അനുവദിക്കുംമുമ്പ് എല്ലാ ബാങ്കും വ്യക്തിയുടെ വായ്പാക്ഷമത എത്രയാണെന്ന്  പരിശോധിച്ചശേഷം മാത്രമേ ഇപ്പോള്‍ വായ്പ അനുവദിക്കുകയുള്ളു.അതിനാല്‍ വായ്പാ സ്കോര്‍ എന്താണെന്നും വായ്പാലഭ്യത ഉറപ്പാക്കാന്‍ എത്ര സ്കോര്‍ വേണമെന്നും ഉള്ള മാര്‍ക്ക് എങ്ങനെ മെച്ചപ്പെടുത്താമെന്ന്മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
 
എന്താണ് ക്രെഡിറ്റ് സ്കോര്‍?

നിങ്ങളുടെ വായ്പാചരിത്രത്തിന്റെ അതുവരെയുള്ള രൂപരേഖ വ്യക്തമാക്കുന്ന ഒരു മൂന്നക്ക സംഖ്യയാണിത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളാണ് ഈ സ്കോര്‍ ഇടുന്നത്. ഇന്ത്യയില്‍ പല ഏജന്‍സിയും ഈ സേവനം ലഭ്യമാക്കുന്നുണ്ട്.  എന്നാല്‍ ക്രെഡിറ്റ്  ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ നല്‍കുന്ന റേറ്റിങ്ങാണ് പൊതുവെ  ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും അംഗീകരിച്ചിട്ടുള്ളത്. സിബില്‍ എന്ന ചുരുക്കപ്പേരില്‍ ഇത് അറിയപ്പെടുന്നു. 

വായ്പാ സ്കോര്‍ തയ്യാറാക്കുന്നതെങ്ങനെ?

എടുത്ത വായ്പകളുടെ വിവരങ്ങളെല്ലാം ഏകീകരിച്ചുള്ള വിശകലനറിപ്പോര്‍ട്ട് റേറ്റിങ് ഏജന്‍സി ആദ്യം തയ്യാറാക്കും. അതാണ് വായ്പാ റിപ്പോര്‍ട്ട്. അതിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് വായ്പ നല്‍കിയാല്‍ അത് ബാങ്കിനെ സംബന്ധിച്ച് എത്രത്തോളം സുരക്ഷിതമാകുമെന്നു വിലയിരുത്തി ഏജന്‍സി നിങ്ങള്‍ക്ക് ഒരു മാര്‍ക്ക് നല്‍കുന്നു. അതാണ് ക്രെഡിറ്റ് സ്കോര്‍. അന്നുവരെ വിവിധ ബാങ്കുകളില്‍നിന്ന് നിങ്ങളെടുത്ത എല്ലാ വായ്പകളുടെയും പൂര്‍ണവിവരം റിപ്പോര്‍ട്ടിലുണ്ടാകും. 
 
വായ്പ കിട്ടാന്‍ എത്ര സ്കോര്‍ വേണം?

വിവിധ ഏജന്‍സികള്‍ പല രീതിയിലാണ് മാര്‍ക്കിടുന്നത്.  സ്കോര്‍ എത്ര ഉയരുന്നുവോ അത്രയും എളുപ്പം വായ്പ കിട്ടും. എല്ലാവരും അംഗീകരിക്കുന്ന സിബില്‍ റേറ്റിങ്ങില്‍ 300 മുതല്‍ 900 വരെയാണ് സ്കോര്‍. സിബില്‍ റേറ്റിങ് 750-800നടുത്തുണ്ടെങ്കില്‍ വായ്പ കിട്ടാന്‍ എളുപ്പമാണ്. 

ക്രെഡിറ്റ് സ്കോര്‍ കുറയുന്നതെങ്ങനെ?

എടുത്ത വായ്പയുടെ തിരിച്ചടവ് കൃത്യമല്ലെങ്കില്‍ അത് സ്കോറിനെ ബാധിക്കും. കൈയില്‍ പണം വരുമ്പോള്‍ വായ്പ അടച്ചുതീര്‍ക്കാമെന്നു കരുതരുത്. സമയത്ത് മാസഗഡു അടച്ചില്ലെങ്കില്‍ നെഗറ്റീവ് മാര്‍ക്കാകും.  നല്‍കിയ ചെക്ക് മടങ്ങിയാലും മാര്‍ക്ക് കുറയും. വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിങ്ങനെ സുരക്ഷിതമല്ലാത്ത വായ്പകള്‍ എടുക്കുന്നവരുടെ റേറ്റിങ് മോശമാകും. ഒരേസമയം പല വായ്പകള്‍ക്ക് അപേക്ഷിക്കുന്നതും ദോഷമാണ്. പല ബാങ്കുകളില്‍ കയറിയിറങ്ങി വായ്പകളെക്കുറിച്ച് അന്വേഷിക്കുന്നതുപോലും പ്രശ്നമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലെ അപാകങ്ങളാണ് മാര്‍ക്കിനെ ബാധിക്കുന്ന വലിയൊരു പ്രശ്നം. കാര്‍ഡില്‍ തിരിച്ചടവുദിവസത്തില്‍ പണം അടയ്ക്കാതിരിക്കുക, കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ന്ന തുക  വായ്പയെടുത്തുകൊണ്ടിരിക്കുക, എടുക്കുന്ന വായ്പ  സമയത്ത് അടയ്ക്കാതിരിക്കുക എന്നിവയെല്ലാം സ്കോര്‍ കുറയ്ക്കും.  
സുഹൃത്തിനോ ബന്ധുവിനോ വേണ്ടി നിങ്ങള്‍ ഗ്യാരന്ററായിനിന്ന് എടുത്ത വായ്പ അവര്‍ അടച്ചില്ലെങ്കിലും നിങ്ങളുടെ സ്കോര്‍ കുറയും. ചുരുക്കത്തില്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് സ്കോറിലും പ്രതിഫലിക്കും.

എങ്ങനെ ഉയര്‍ന്ന സ്കോര്‍ നേടാം?

സാമ്പത്തികനില അനുസരിച്ച് അത്യാവശ്യത്തിനു മാത്രം വായ്പയെടുക്കുക. എടുത്ത വായ്പയുടെ മാസഗഡു മുടക്കംകൂടാതെ കൃത്യദിവസം അടയ്ക്കുക.  വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിങ്ങനെ സുരക്ഷിതമല്ലാത്ത വായ്പകള്‍  ഒഴിവാക്കുക.  കഴിയുന്നതും ഗ്യാരന്ററായി നില്‍ക്കാതിരിക്കുക. നിന്നാല്‍ത്തന്നെ ആ വായ്പ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഒരേസമയം വിവിധ ആവശ്യങ്ങള്‍ക്കായി പല വായ്പകള്‍ എടുക്കണമെങ്കില്‍ അത് കുടുംബാംഗങ്ങളുടെ പേരിലെടുക്കാന്‍ ശ്രമിക്കുക. വായ്പ ക്ളോസ്ചെയ്തുകഴിഞ്ഞാല്‍ ബാങ്കില്‍നിന്ന് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമായും വാങ്ങണം.  വായ്പ അടച്ചു തീര്‍ത്താല്‍ സിബില്‍ റിപ്പോര്‍ട്ട് അപ്ഡേറ്റ്ചെയ്ത് പരിശോധിക്കുന്നതും നല്ലതാണ്.

സിബില്‍ റേറ്റിങ് എങ്ങനെ അറിയാം?

സിബില്‍ വെബ്സൈറ്റില്‍നിന്ന് ( www.cibil.com) നിങ്ങളുടെ സ്കോര്‍ അറിയാം. ഓണ്‍ലൈനായി നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസും അടച്ചാല്‍മതി. 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ഇ-മെയില്‍ വിലാസത്തില്‍ സിബില്‍ സ്കോര്‍ ലഭ്യമാകും. പേര്, ജനനത്തീയതി. വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ വിലാസം, എടുത്ത  വായ്പയുടെ  വിവരങ്ങള്‍ എന്നിവ നല്‍കണം.   അപേക്ഷയുടെ പ്രിന്റെടുത്തു പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ അയച്ചാല്‍ നിങ്ങളുടെ പോസ്റ്റല്‍വിലാസത്തിലും സ്കോര്‍ അറിയിക്കും.

ഓര്‍മിക്കുക, മോശമായ വായ്പാചരിത്രമാണ് നിങ്ങളുടേതെങ്കില്‍ ഉറപ്പായും വായ്പ നിഷേധിക്കും. ഒരിക്കല്‍ സ്കോര്‍ മോശമായാല്‍ വീണ്ടും മെച്ചപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അതിന് സമയമെടുക്കും. അതിനാല്‍  എപ്പോഴും ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് വിദ്യാഭ്യാസ വായ്പയെടുക്കുന്നത് വിദ്യാര്‍ഥിയുടെ പേരിലാണ്. അതുകൊണ്ടുതന്നെ തിരിച്ചടവ് മുടങ്ങിയാല്‍ അത് ആ വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ മോശം മാര്‍ക്കാകും. സ്കോറും കുറയും.  ഭാവിയില്‍ അവര്‍ ഭവനവായ്പ, വാഹനവായ്പ, കാര്‍ഷികവായ്പ, സ്വയംതൊഴില്‍ വായ്പ, ബിസിനസ് വായ്പ, വ്യക്തിഗതവായ്പ എന്നിവയില്‍ ഏതിനെങ്കിലുമായി  ബാങ്കിനെ സമീപിച്ചാല്‍ അതു കിട്ടാന്‍ ബുദ്ധിമുട്ടാകും. ക്രെഡിറ്റ് സ്കോര്‍ മോശമാണെങ്കില്‍ ആ സമയത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന തിരിച്ചടവുശേഷി ഉണ്ടെന്നത് ബാങ്കിന് പലപ്പോഴും പരിഗണിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top