03 October Tuesday

നിക്ഷേപം കുട്ടികള്‍ക്കായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

പുതിയൊരു അധ്യയനവര്‍ഷംകൂടി തുടങ്ങി. കുട്ടികളുടെ പഠനാവശ്യങ്ങള്‍, അവരുടെ മറ്റു കഴിവുകള്‍ വളര്‍ത്താനുള്ള പരിശീലനങ്ങള്‍, അവരുടെ പ്രിയപ്പെട്ട ആഘോഷങ്ങള്‍, കൂട്ടുകാരുമൊത്തുള്ള വിനോദങ്ങള്‍, ഉപരിപഠനം, വിവാഹം... ഇങ്ങിനെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ അവര്‍ക്കായി നിറവേറ്റാനുള്ള ഉത്തരവാദിത്തം വര്‍ധിക്കുകയാണ്.

മുന്‍കാലങ്ങളിലേതുപോലെ അതെല്ലാം സമയമാകുമ്പോള്‍ അതിന്റെ മുറയ്ക്ക് നടന്നുകൊള്ളും എന്ന് ലാഘവത്തോടെ പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. കാരണം  പണപ്പെരുപ്പവും ജീവിതച്ചെലവും ഇന്ന് കുത്തനെ ഉയരുകയാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ചെലവിലെ വര്‍ധന വരുംവര്‍ഷങ്ങളിലും തുടരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സമ്പാദ്യം സമാഹരിക്കുന്നതിന് കൃത്യമായ നിക്ഷേപങ്ങള്‍ വേണം. സമയത്തിനൊപ്പം വളരുന്ന രീതിയില്‍.

ഇപ്പോള്‍ 4 ലക്ഷം രൂപ മുടക്കിയാല്‍ പഠിക്കാനാകുന്ന കോഴ്സ് 10 വര്‍ഷം കഴിഞ്ഞ് പഠിക്കണമെങ്കില്‍ ഇന്നത്തെ പണപ്പെരുപ്പത്തോതനുസരിച്ച് 20 ലക്ഷം രൂപ വേണ്ടിവരും. അതുകൊണ്ട് ഇപ്പോള്‍ കരുതിയില്ലെങ്കില്‍ കാര്യങ്ങള്‍ സമയമാകുമ്പോള്‍ അതിന്റെ മുറപോലെ നടക്കുമെന്നു കരുതുന്നത് മണ്ടത്തരമാണ്. പണ്ടൊക്കെ വാര്‍ഷിക സ്കൂള്‍ ഇനത്തില്‍ മാത്രമായിരുന്നു കുട്ടികള്‍ക്കായി നീക്കിവയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, കുട്ടികളില്‍ നാം മത്സരക്ഷമത വളര്‍ത്തിയതോടെ കൂടുതല്‍ തിളങ്ങാന്‍ പഠനത്തിനൊപ്പം മറ്റു മേഖലകളിലും അവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്.

എത്രയും നേരത്തെ, കുട്ടികളുടെ ചെറുപ്രായത്തില്‍ത്തന്നെ അവരുടെ പേരില്‍ ക്രമമായി നിക്ഷേപം നടത്തിയാല്‍ മാത്രമേ മേല്‍പ്പറഞ്ഞതെല്ലാം ഒരുപരിധിവരെയെങ്കിലും അല്ലലില്ലാതെ നടത്താനാകു. പണപ്പെരുപ്പത്തിന്റെ നിരക്കുകൂടി കണക്കിലെടുത്തു വേണം കുട്ടികള്‍ക്കുള്ള നിക്ഷേപതീരുമാനങ്ങളിലെത്താന്‍.

എത്ര തുക നിക്ഷേപിക്കണമെന്നു നിശ്ചയിച്ചാല്‍ അത് എങ്ങിനെ, എവിടെയെല്ലാം നിക്ഷേപിക്കണമെന്നതിനെക്കുറിച്ചും  ധാരണയിലെത്തണം. കുട്ടികള്‍ക്കായി നിക്ഷേപിക്കുമ്പോള്‍ കഴിയുന്നത്ര ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കണമെന്നു മാത്രമല്ല, അത്രവേഗത്തില്‍ പണമാക്കി മാറ്റാന്‍കഴിയാത്ത മേഖലകള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ പെട്ടെന്നൊരു ആവശ്യം വന്നാല്‍ അവ പിന്‍വലിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യാം. കുട്ടികള്‍ക്കായി നിക്ഷേപിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍, റെക്കറിങ് നിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍, പബ്ളിക് പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കാം. കുട്ടികള്‍ക്കുള്ള നിക്ഷേപങ്ങള്‍ ഒരിടത്തുതന്നെ നിക്ഷേപിക്കുന്നതിനുപകരം വിവിധ മേഖലകളിലായി നിക്ഷേപിക്കുന്നതാണ് നല്ലത്.

സമ്പാദ്യശീലം  കുട്ടികളിലും

അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന അണുകുടുംബത്തിനു ലഭിക്കുന്ന വരുമാനം കൃത്യമായും സൂക്ഷ്മമായും ഉപയോഗിച്ചില്ലെങ്കില്‍ ജീവിക്കാന്‍കഴിയാത്ത അവസ്ഥയാണിന്ന്. ഇതിനിടെ മാതാപിതാക്കള്‍ മക്കളെ പണം കാര്യക്ഷമമായി കൈകാര്യംചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. എത്ര കഷ്ടപ്പെട്ടും മക്കളുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുന്നവരാകും ഏറെയും. എത്ര കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നതെന്നും അത് പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എങ്ങിനെയെന്നും മക്കളെ മനസ്സിലാക്കിക്കൊടുക്കുന്നത് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് അവരെ സഹായിക്കും.

മാതാപിതാക്കളുടെ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് മക്കള്‍ അവരുടെ ചെലവാക്കല്‍ രീതികള്‍ അനുകരിക്കാനാണ് കൂടുതല്‍ ശ്രമിക്കുക. അവരുടെ സമ്പാദ്യം എങ്ങിനെയൊക്കെയാണെന്നത് മക്കളെ സാധാരണമട്ടില്‍ സ്വാധീനിക്കില്ല.
മിക്ക മാതാപിതാക്കളും മക്കളുടെ ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപമായി ആദ്യം തെരഞ്ഞെടുക്കുക ബാങ്ക് നിക്ഷേപമാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയ്ക്ക് അതുകഴിഞ്ഞാണ് സ്ഥാനം. ഇന്‍ഷുറന്‍സ് പദ്ധതികള്‍ തൊട്ടടുത്തു നില്‍ക്കുന്നു. മക്കള്‍ക്കായി റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലും നിക്ഷേപിക്കുന്നവരും ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top