19 April Friday

നികുതിയിളവും ഇന്‍ഷുറന്‍സും

കെ അരവിന്ദ്Updated: Monday Feb 5, 2018

ആദായനികുതിനിയമം സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് നേടിയെടുക്കുന്നതിന് കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെയാണ്. അഞ്ചുവര്‍ഷം മുമ്പുവരെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതിയിളവ് ലഭിച്ചിരുന്നു. എന്‍ഡോവ്മെന്റ്, മണിബാക്ക്, യൂലിപ് പോളിസികളില്‍നിന്ന് പോളിസി ഉടമയ്ക്ക് നിക്ഷേപ കാലയളവിനുശേഷം ലഭിക്കുന്ന വരുമാനം നേരത്തെ നികുതിവിധേയവുമായിരുന്നില്ല. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

2012-13ല്‍ നിലവില്‍വന്ന ചട്ടം അനുസരിച്ച് എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആദായനികുതിനിയമം സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കില്ല. വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് തുക (സം അഷ്വേര്‍ഡ്)യുടെ 10 ശതമാനത്തിന് മുകളിലാണെങ്കില്‍ നികുതിയിളവ് ലഭ്യമല്ല. ഉദാഹരണത്തിന് ഒരുലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയുള്ള ഒരു പോളിസിയുടെ വാര്‍ഷികപ്രീമിയം 10,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ നികുതിയിളവില്ല. മാത്രവുമല്ല, 2013-14 സാമ്പത്തികവര്‍ഷംമുതല്‍ നിലവില്‍വന്ന ചട്ടം അനുസരിച്ച് ഇത്തരം പോളിസിയില്‍നിന്നുള്ള വരുമാനം നികുതിവിധേയമാകുകയും ചെയ്യും. അതായത്, പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വരുമാനം മറ്റ് വരുമാനത്തില്‍ ഉള്‍പ്പെടുത്തി തന്റെ നികുതിസ്ളാബ് അനുസരിച്ചുള്ള നികുതി നല്‍കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാണ്.

2012 ഏപ്രില്‍ ഒന്നിനുശേഷം എടുത്ത പോളിസികളുടെ കാര്യത്തിലാണ് ഈ നിബന്ധന ബാധകമാകുക. 2012 ഏപ്രില്‍ ഒന്നിനു മുമ്പെടുത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണെങ്കില്‍ ഇന്‍ഷുറന്‍സ് തുക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ അഞ്ചിരട്ടിയില്‍ താഴെയാണെങ്കില്‍ നികുതിയിളവ് ലഭ്യമാകില്ല. വാര്‍ഷികപ്രീമിയം ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനത്തിന് മുകളിലുള്ള പോളിസികളുടെ കാലയളവ് കഴിയുമ്പോള്‍ പോളിസി ഉടമയ്ക്ക് സം അഷ്വേര്‍ഡ് തുക നല്‍കുന്ന ഘട്ടത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി രണ്ടുശതമാനം ടിഡിഎസ് ഈടാക്കണമെന്ന നിബന്ധനയുണ്ട്. ഇതു കഴിഞ്ഞുള്ള നികുതി പോളിസി ഉടമ നല്‍കുകയും വേണം.

തനിക്ക് വേണ്ട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുണ്ടോയെന്നും  മതിയായ റിട്ടേണ്‍ ഈ ഉല്‍പ്പന്നത്തിലൂടെ ലഭിക്കുമോയെന്നും നോക്കാതെ നികുതി ലാഭിക്കുന്നതിന് മാത്രമായി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് സാധാരണമായി കണ്ടുവരുന്ന കാര്യമാണ്. പ്രീമിയത്തിന് ആനുപാതികമായ മിനിമം കവറേജ് ലഭ്യമല്ലാത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നികുതിയിളവുകള്‍ നിഷേധിക്കുന്നതിലൂടെ ഈ പ്രവണതയെ തിരുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്‍ഷുറന്‍സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്: 25,000 രൂപവരെ നികുതി ഒഴിവ.് ലൈഫ് ഇന്‍ഷുറന്‍സിനു പുറമെ ഒരാള്‍ക്ക് അടിസ്ഥാനപരമായി അവശ്യംവേണ്ട മറ്റൊരു കവറേജാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. 80സിക്കു പുറമെയുള്ള നികുതി ഒഴിവ് നേടാമെന്ന മേന്മയുമുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ 25,000 രൂപവരെയുള്ള പ്രീമിയത്തിന് ആദായനികുതിനിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതിയിളവ് നേടാം. മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്കുളള 25,000 രൂപയുടെ പ്രീമിയത്തിനും നികുതിയിളവ് അനുവദനീയമാണ്. ഇങ്ങനെ മൊത്തം 50,000 രൂപയുടെ നികുതിയിളവ് നേടാം. പോളിസി ഉടമ മുതിര്‍ന്ന പൌരനാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ 30,000 രൂപവരെയുള്ള പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും. മാതാപിതാക്കള്‍ മുതിര്‍ന്ന പൌരന്മാരാണെങ്കില്‍ പരമാവധി 55,000 രൂപയാണ് നിലവില്‍ ഈ സെക്ഷന്‍പ്രകാരം നികുതിയിളവ് നേടാനാകുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ്പോലെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിലെ ഓരോ വ്യക്തിക്കുമായി പ്രത്യേക പോളിസി എടുക്കുന്നതിനുപകരം ഫാമിലി ഫ്ളോട്ടര്‍ പോളിസി എടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോളിസിക്കുകീഴില്‍ കുറഞ്ഞ പ്രീമിയത്തില്‍ പരിരക്ഷ നേടാം. ഓരോ വ്യക്തിക്കും ഉയര്‍ന്ന പരിരക്ഷ ഉറപ്പുവരുത്തുന്നതിനും ഫാമിലി ഫ്ളോട്ടര്‍ പോളിസിയാണ് നല്ലത്. അതേസമയം മുതിര്‍ന്ന പൌരന്മാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടിവരും.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top