26 April Friday

ഔട്ട്പേഷ്യന്റ് ചികിത്സക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ഡോ. എസ് പ്രകാശ്Updated: Sunday Sep 4, 2016

സാധാരണ 24 മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രിയില്‍ കിടക്കാതെ ചികിത്സ നേടുന്ന ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ ചെലവുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചാല്‍ നന്നായിരുന്നുവെന്നു ചിന്തിക്കുന്ന എത്രയോ പേരുണ്ട്. ആശുപത്രികളിലെ ഇന്‍പേഷ്യന്റ് വിഭാഗത്തിനു കീഴില്‍ ചികിത്സനേടാത്ത എല്ലാം ഇങ്ങനെ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷാപരിധിയില്‍നിന്നു മാറ്റിനിര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇതേസമയം ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ ചികിത്സകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ചില പോളിസികള്‍ അടുത്തകാലത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് പല ഒഴിവുകളുമുണ്ട്.

ഇത്തരം പോളിസികള്‍ പൊതുവായി  ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ നോക്കാം. മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ഫീസാണ് ഇതില്‍ ആദ്യത്തേത്. നിശ്ചിത കണ്‍സള്‍ട്ടേഷനുകള്‍ക്ക് ഇതിന്റെ പരിരക്ഷ ലഭിക്കും. ഫാര്‍മസി ചെലവുകളാണ് അടുത്തത്. മരുന്നിന്റെ ചെലവ്, ഇന്‍ജക്ഷനുകള്‍ തുടങ്ങിയവയും ഇതിന്റെ പരിധിയില്‍വരും. ഇതിനും മുന്‍നിശ്ചയിച്ച ചില പരിധികള്‍ ബാധകമാകും. രോഗനിര്‍ണയ പരിശോധനാ ചെലവുകളും ഇതിന്റെ പരിധിയില്‍വരും. ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ ചികിത്സയുടെ ഭാഗമായുള്ള രക്തപരിശോധന, അള്‍ട്രാസൌണ്ട്, എംആര്‍ഐ, എക്സ്റേ തുടങ്ങിയവയ്ക്ക് പരിരക്ഷ ലഭിക്കാറുണ്ട്. പ്രത്യേക ദന്ത പരിശോധനകള്‍, കണ്ണടകള്‍, കോണ്‍ടാക്ട് ലെന്‍സ് എന്നിവയ്ക്കുള്ള ചെലവുള്‍പ്പെടെയുള്ള നേത്രപരിശോധന എന്നിവയെല്ലാം ചില പോളിസികളില്‍ ഒരുപരിധിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പരിരക്ഷയ്ക്ക് ചില നിബന്ധനകള്‍ ഉണ്ടാകാറുണ്ട്. പോളിസിയുടെ ആകെ പരിരക്ഷയുടെ നിശ്ചിതശതമാനമോ  നിശ്ചിത തുകയോ മാത്രമേ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ആകെ നല്‍കുകയുള്ളു. മറ്റൊന്ന്, ഇന്‍പേഷ്യന്റ് വിഭാഗത്തെ അപേക്ഷിച്ച് ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ കൂടുതല്‍ വ്യാപകമായി പ്രയോജനപ്പടുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരിരക്ഷകള്‍ക്ക് കൂടുതല്‍ ചെലവുണ്ടാകും. ഇന്‍പേഷ്യന്റ് വിഭാഗം മാത്രം കൈകാര്യംചെയ്യുന്ന പോളിസികളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിരക്കിലുള്ള ക്ളെയിമുകളാവും ഔട്ട്പേഷ്യന്റ് വിഭാഗംകൂടി ഉള്‍പ്പെടുത്തിയ പോളിസികളില്‍ ഉണ്ടാകുക. ഇതാണ് സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ അപേക്ഷിച്ച് ഔട്ട്പേഷ്യന്റ് വിഭാഗം ഉള്‍പ്പെടുത്തിയ പോളിസികള്‍ക്ക് ചെലവേറാന്‍ കാരണം.

ഈ പ്രശ്നത്തിനൊരു പ്രതിവിധിയുണ്ട്.  ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ ക്യാഷ്ലെസ് രീതിയിലാക്കുകയും ഒരുസംഘം ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും ഫാര്‍മസി യൂണിറ്റുകളുടെയും ഡയഗ്നോസിസ് സെന്ററുകളുടെയും ശൃംഖലവഴി ഔട്ട്പേഷ്യന്റ് ചികിത്സ ലഭ്യമാക്കി അവയുടെ ചെലവു കുറയ്ക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗം. ഇതുവഴി ഔട്ട്പേഷ്യന്റ് ചെലവുകൂടി ലഭ്യമാക്കുന്ന പോളിസികളുടെ പ്രീമിയം കുറയ്ക്കാനാവും.

ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ പരിരക്ഷകള്‍ ആകര്‍ഷകമാക്കാനുള്ള നിരവധി നടപടികള്‍ കമ്പനികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഉപയോഗിക്കപ്പെടാതെപോകുന്ന ഔട്ട്പേഷ്യന്റ്  ആനുകൂല്യങ്ങള്‍ അടുത്തവര്‍ഷത്തേക്കു നീട്ടിക്കൊടുക്കുന്ന രീതി പലരും ആവിഷ്കരിച്ചിട്ടുണ്ട്. ആദായനികുതിനിയമത്തിന്റെ 80ഡി വകുപ്പുപ്രകാരമുള്ള ആനുകൂല്യങ്ങളും ഈ പോളിസികളെ ആകര്‍ഷകമാക്കുന്നുണ്ട്.

ലേഖകന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top