25 April Thursday

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ വരുമാനവഴികള്‍

കെ ദിലീപ്Updated: Sunday Jul 3, 2016

നിക്ഷേപതീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ആ നിക്ഷേപത്തിന്റെ വരുമാന, നഷ്ട സാധ്യതകളാണ്. നിക്ഷേപത്തിലെ വരുമാനവും നഷ്ടസാധ്യതയും അനുസരിച്ച് വിവിധങ്ങളായ നിക്ഷേപപദ്ധതികള്‍ മ്യൂച്വല്‍ ഫണ്ടിലുണ്ട്. ഇവയില്‍ സേവിങ്സ് ബാങ്ക് നിക്ഷേപവുമായി എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍കഴിയുന്ന ഒരു നിക്ഷേപമാണ് ലിക്വിഡ് ഫണ്ടുകള്‍.  സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍നിന്ന് ഉടനടി പണം പിന്‍വലിക്കാനാകുമ്പോള്‍ ലിക്വിഡ് ഫണ്ടുകള്‍ കാശാക്കി മാറ്റാന്‍ ഒരുദിവസം വേണം. നിക്ഷേപിക്കുമ്പോഴോ നിക്ഷേപം പിന്‍വലിക്കുമ്പോഴോ ഒരുവിധ ചാര്‍ജും ലിക്വിഡ് ഫണ്ടുകളില്‍ ഇല്ല.  മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍  ഏറ്റവും സുരക്ഷിതമായ  നിക്ഷേപപദ്ധതിയുമാണിത്.

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ പലിശ നിരക്കുകള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന വരുമാനനഷ്ടം ബാധിക്കാത്ത വിഭാഗമെന്ന നിലയിലാണ് ഇവയെ പരിഗണിക്കുന്നത്. ബാങ്കില്‍ നാലുമുതല്‍ അഞ്ച് ശതമാനംവരെ വാര്‍ഷികപലിശ ലഭിക്കുമ്പോള്‍ ലിക്വിഡ് ഫണ്ടുകളില്‍ ഏഴുമുതല്‍ എട്ടുശതമാനംവരെയാണ് വാര്‍ഷിക വരുമാനവളര്‍ച്ച. മൂന്നുമുതല്‍ ആറു മാസംവരെ കാലാവധിയുള്ള പേപ്പറുകളിലും മണിമാര്‍ക്കറ്റിലുമാണ് ലിക്വിഡ് ഫണ്ടുകള്‍ പ്രധാനമായും നിക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവുംകുറഞ്ഞ നിക്ഷേപദൈര്‍ഘ്യം ഉള്ളവര്‍ക്ക് എപ്പോഴും നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്.

സിസ്റ്റമാറ്റിക് നിക്ഷേപം ലിക്വിഡ് ഫണ്ടുകളിലൂടെ
ഒറ്റതവണ ഒരുമിച്ച് ഓഹരിയില്‍  ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നഷ്ടം ഒഴിവാക്കി പലതവണ പല വിലകളില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കുമ്പോള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും മെച്ചപ്പെട്ട വരുമാനവളര്‍ച്ച എന്ന ആശയമാണ് സിസ്റ്റമാറ്റിക് അഥവാ ക്രമാനുഗത നിക്ഷേപംകൊണ്ട് അര്‍ഥമാക്കുന്നത്. 2014ല്‍ ഈ രീതയില്‍ പ്രതിമാസം 1000 കോടി രൂപയുടെ നിക്ഷേപം നടന്നത് 2016ല്‍ 3000 കോടി രൂപയായി. ഓഹരിവിപണിയില്‍ കനത്ത ചാഞ്ചാട്ടം പതിവായതോടെയാണ് നിക്ഷേപകര്‍ ഇടപാടുകള്‍ ഇത്തരത്തിലാക്കിയത്. ഓരോ മാസവും ഒന്നരലക്ഷത്തോളം പുതിയ സിസ്റ്റമാറ്റിക് നിക്ഷേപങ്ങളും സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പദ്ധതികളുമാണ് രാജ്യത്ത് രജിസ്റ്റര്‍ചെയ്യുന്നത്.

ബാങ്ക് അക്കൌണ്ടില്‍നിന്ന് നിശ്ചിത തുക ഓരോ ആഴ്ചയും അല്ലെങ്കില്‍ ഓരോ മാസവും ഏതെങ്കിലും മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലേക്ക് കൃത്യമായി പ്രത്യേക കാലയളവിലേക്ക് നിക്ഷേപിക്കുന്നതാണ് സിസ്റ്റമാറ്റിക് നിക്ഷേപം. ഇവിടെ കൃത്യമായ ഇടവേളകളില്‍ പല വിലകളില്‍ നിക്ഷേപം സാധ്യമാവുന്നു.

എന്നാല്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ളാനില്‍ ഒരു മ്യൂച്വല്‍ ഫണ്ട് പദ്ധതിയില്‍നിന്നുമാണ് നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ മറ്റൊരു പദ്ധതിയിലേക്ക് മാറ്റുന്നത്. ഇവിടെ പ്രധാന നിക്ഷേപം നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുകളിലോ, ഹ്രസ്വകാല കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മറ്റ് പദ്ധതികളിലോ ആകും. പുനര്‍വിന്യാസം നടക്കുന്നത്  ഓഹരികളില്‍ നിക്ഷേപിക്കുന്ന പദ്ധതികളിലേക്കും. മൂന്നുമാസത്തിലൊരിക്കല്‍, എല്ലാ മാസവും, എല്ലാ ആഴ്ചയും എന്നിങ്ങനെ ഏതുതരത്തിലുള്ള നിക്ഷേപം വേണമെങ്കിലും  തെരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ 10 ലക്ഷം രൂപ 250 വ്യാപാരദിനംകൊണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നിരിക്കട്ടെ. ഒരുദിവസം 4000 രൂപവച്ച് നിക്ഷേപിക്കാനുള്ള നിര്‍ദേശമാണ് കൊടുക്കുന്നതെങ്കില്‍ 50 വ്യാപാരദിനംകൊണ്ട് മുഴുവന്‍ തുകയും നിക്ഷേപിച്ചുകഴിയും. 

ഈ 10 ലക്ഷം രൂപ ഒരുമിച്ച് ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കണമെന്നില്ല. മാസം ഒരുലക്ഷം രൂപവച്ച് നിക്ഷേപിച്ചാല്‍ മതി. 10 ലക്ഷം ആവുന്നതുവരെ എപ്പോള്‍ വേണമെങ്കിലും സൌകര്യത്തിനനുസരിച്ച് ഇങ്ങനെ ചെയ്യാം. അവസാനം ലിക്വിഡ് ഫണ്ട് കാലിയാകുമ്പോള്‍ എസ്ടിപി  അവസാനിക്കുകയും ചെയ്യും. ഇവിടെ ഏതെങ്കിലുമൊരു അവസരത്തില്‍ ലിക്വിഡ് ഫണ്ടില്‍ ആവശ്യത്തിന് യൂണിറ്റുകള്‍ ഇല്ലെങ്കിലും പിഴയൊന്നും കൊടുക്കേണ്ട. എസ്ഐപിയുടെ കാര്യത്തിലാണെങ്കില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപത്തിന് വേണ്ടത്ര പണം ഇല്ലെങ്കില്‍ ചെക്ക് മടങ്ങുന്നതിന്  കാരണമാകുകയും അതിന്  പിഴ ഒടുക്കേണ്ടിയും വരും.

വരുമാനനികുതിദായകര്‍ ലിക്വിഡ് ഫണ്ടുകളിലെ വരുമാന വളര്‍ച്ചയ്ക്ക് ഹ്രസ്വകാല, ദീര്‍ഘകാല നികുതി കൊടുക്കേണ്ടിവരും എന്നതൊഴിച്ചാല്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ളാന്‍ എപ്പോഴും നിക്ഷേപകര്‍ക്ക് അനുയോജ്യംതന്നെയാണ്. സേവിങ്സ് ബാങ്കുമായി താരതമ്യംചെയ്യുമ്പോഴുള്ള ഉയര്‍ന്ന വരുമാനവളര്‍ച്ചയും മേല്‍പ്പറഞ്ഞ സൌകര്യങ്ങളും രണ്ട് പദ്ധതികളില്‍നിന്നുമുള്ള വരുമാനവുമായി ചേര്‍ത്തുനോക്കുമ്പോള്‍ താരതമ്യേന ഉയര്‍ന്ന വരുമാനം ലഭിക്കുന്നു എന്നതും സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ളാനിന്റെ പ്രത്യേകതയാണ്. ഇവിടെ പ്രധാനം മികച്ച പദ്ധതികളുടെ ശ്രദ്ധാപൂര്‍വമായ തെരഞ്ഞെടുപ്പാണ്. ഇതിന് ഒരു നിക്ഷേപ വിദഗ്ധന്റെ സേവനം തേടുന്നതും നല്ലതാണ്.

ജിയോജിത് ബിഎന്‍പി പാരിബ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top