19 March Tuesday

വായ്പ: ശ്രദ്ധിക്കാനേറെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2016

വീട്, വിദ്യാഭ്യാസം, വാഹനം, ബിസിനസ് ഇങ്ങനെ എന്തിനും ഏതിനും വായ്പയെടുക്കാതെ  ഇക്കാലത്ത് മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ വായ്പയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് അവയൊരുക്കുന്ന കെണിയില്‍പ്പെടാതിരിക്കാന്‍ സഹായിക്കും. വായ്പകള്‍ രണ്ടുതരമുണ്ട്. ജാമ്യം ആവശ്യമുള്ളതും ജാമ്യം ആവശ്യമില്ലാത്തതും. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്ക് ജാമ്യം ആവശ്യമില്ലാത്തതുകൊണ്ടുതന്നെ പലിശനിരക്കുകള്‍ ഉയര്‍ന്നതാകും.

വ്യക്തിയുടെ വരുമാനവും തിരിച്ചടയ്ക്കല്‍ശേഷിയും കണക്കാക്കിയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയും വ്യക്തിഗത വായ്പയുടെ അളവും നിശ്ചയിക്കുന്നത്. ഇവ രണ്ടും സംഘടിപ്പിക്കാന്‍ എളുപ്പവുമാണ്. പക്ഷെ ഇവയില്‍ ഒട്ടേറെ ചാര്‍ജുകള്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. അതുകൊണ്ടുതന്നെ അവയോരോന്നും ശ്രദ്ധിക്കേണ്ടതും ചോദിച്ചു ബോധ്യപ്പെടേണ്ടതുമാണ്.

താരതമ്യേന ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവരുന്നതിനാല്‍ ഈ കടങ്ങള്‍ ആദ്യം ഒഴിവാക്കാന്‍ ശ്രമിക്കണം. മിനിമം ബാലന്‍സ് മാത്രം അടച്ച് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കാര്‍ഡിലൂടെ പണം പിന്‍വലിക്കുന്ന പ്രവണതയും ഒഴിവാക്കണം.

ഈടു നല്‍കിയാല്‍ മാത്രം ലഭിക്കുന്ന രണ്ടു പ്രധാന വായ്പകളാണ് ഗാര്‍ഹികവായ്പയും വാഹനവായ്പയും. ഇടത്തരം വരുമാനക്കാര്‍ക്ക് ഒഴിവാക്കാന്‍പറ്റാത്തതാണ് ഗാര്‍ഹിക വായ്പകള്‍. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇത്തരം വായ്പകള്‍ സുരക്ഷിതമാണ്. പലിശനിരക്കു കുറവാകും. തിരിച്ചടവ് കൂടുതലും.  ആസ്തി ഉണ്ടാക്കുന്നതിനാല്‍ ഗാര്‍ഹികവായ്പകള്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് പ്രയോജനപ്പെടുത്താം.

ഇത്തരം വായ്പയ്ക്ക് പലിശയിനത്തിലും മുതലിന്റെ തിരിച്ചടവിലും  പ്രത്യേകം നികുതി ആനുകൂല്യം ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് വരുമാനവും തിരിച്ചടവും ഒത്തുപോകണം എന്നുമാത്രം. എന്നാല്‍ വാഹനം വാങ്ങുന്നതിനായി വായ്പയെടുക്കുമ്പോള്‍ പലിശയിനത്തില്‍ മാത്രമല്ല, വാഹനത്തിന്റെ മൂല്യശോഷണവും കണക്കിലെടുക്കേണ്ടതുണ്ട്. പലിശനിരക്ക് താരതമ്യേന കുറവാകുമെങ്കിലും വാഹനത്തിന്റെ തേയ്മാനവും മറ്റും കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് കൂടും.

ഏറ്റവും ഉയര്‍ന്ന പലിശയോ ചെലവോ ഉള്ള കടങ്ങള്‍ ആദ്യം തിരിച്ചടയ്ക്കണം. നിക്ഷേപത്തെക്കുറിച്ചുപോലും ചിന്തിക്കേണ്ടത് ഇത്തരം ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ അടച്ചുതീര്‍ത്തശേഷമാവണം. ക്രെഡിറ്റ് കാര്‍ഡുകളുടെയും വ്യക്തിഗത വായ്പകളുടെയും പിടിയിലകപ്പെടാതെ നോക്കണം. കാരണം, നമ്മുടെ വരുമാനത്തിന്റെ തോതു നിര്‍ണയിക്കുന്നത് നമ്മളല്ല. അതില്‍ നമുക്കാവശ്യമായ സ്വാധീനം ചെലുത്താനാവില്ല. എന്നാല്‍ നമ്മുടെ ചെലവിന്റെ തോത് നമുക്ക് നിയന്ത്രിക്കാനാകും. ചുരുക്കിപ്പറഞ്ഞാല്‍ വരുമാനത്തിന്റെയും ചെലവിന്റെയും ധാരണയില്‍ കെട്ടിപ്പടുക്കുന്നതാകണം കടങ്ങളും നിക്ഷേപങ്ങളും.  ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനംവരെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് മാറ്റിവയ്ക്കാവുന്നതാണ്. ഇവിടെ വരുമാനത്തിന്റെ തോതും ജീവിതനിലവാരവും സാമ്പത്തികാവസ്ഥയും ഓരോരുത്തര്‍ക്കും വ്യത്യസ്തമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top