26 April Friday

ബിപിസിഎല്‍ ഓഹരി വിൽപ്പന നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020


കൊച്ചി
പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ഓഹരി വിൽപ്പന കേന്ദ്രസർക്കാർ നീട്ടിവച്ചു. ഓഹരികൾ വാങ്ങുന്നതിനുള്ള താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് രണ്ടിൽ നിന്ന്‌ ജൂൺ 13വരെ ആക്കി. പ്രാഥമിക വിവര മെമ്മോറാണ്ടത്തെ (പിഐഎം) കുറിച്ചുള്ള സംശയങ്ങൾ മെയ് 16 വരെ ഉന്നയിക്കാമെന്നും കേന്ദ്ര ധനവകുപ്പിന്റെ നിക്ഷേപ, പൊതു ആസ്തി പരിപാലനവിഭാഗം (ദീപം) അറിയിച്ചു. ഇതിന്  നിശ്ചയിച്ചിരുന്ന അവസാന തീയതി ഏപ്രിൽ നാലായിരുന്നു. ബിപിസിഎലിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 52.98 ശതമാനം ഓഹരിയാണ് വിൽപ്പനയ്ക്ക് വയ്‌ക്കുന്നത്.

വിൽപ്പനയ്‌ക്കെതിരെ ബിപിസിഎൽ ജീവനക്കാരുടേതടക്കം ശക്തമായ സമരം നടക്കുന്നതിനിടയിലും കേന്ദ്രസർക്കാർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ അഭ്യർഥന കണക്കിലെടുത്തും ലോകത്ത് കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിനാലുമാണ് വിൽപ്പന നടപടി  നീട്ടിവയ്ക്കുന്നതെന്ന് ദീപം പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയായ ബിപിസിഎൽ 60,000 കോടിയോളം രൂപയ്ക്ക്‌  വിൽക്കാനാണ്‌  ലക്ഷ്യമിടുന്നത്.  സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാപാരയുദ്ധം മൂലം ആ​ഗോളവിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ എണ്ണക്കമ്പനികളുടെ ഓഹരികളിൽ നിക്ഷേപകർക്ക് വലിയ താൽപ്പര്യമില്ല. സ്ഥിതി കൂടുതൽ ​ഗുരുതരമായാൽ കുറേക്കൂടി വില കുറച്ച് ബിപിസിഎൽ സ്വന്തമാക്കാമെന്ന് കോർപറേറ്റുകൾ കണക്കുകൂട്ടുന്നുണ്ടാകുമെന്ന് വിപണി വി​ദ​ഗ്ധർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top