08 May Wednesday

ഓഹരിവിപണിയില്‍ കരുതലോടെ നിക്ഷേപിക്കാം

പി ജി സുജUpdated: Sunday Apr 3, 2016

ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്ത ചാഞ്ചാട്ടങ്ങളുടെ വേളയാണിപ്പോള്‍. ഇത്തരം അവസരങ്ങളില്‍ വിപണിയില്‍നിന്ന് മാറിനില്‍ക്കാനുള്ള പ്രവണതയാണ് ഓഹരിനിക്ഷേപത്തില്‍ താല്‍പ്പര്യമുള്ളവരില്‍പ്പോലും പലപ്പോഴും കാണാറുള്ളത്.

എന്നാല്‍, മികച്ച ഓഹരികള്‍പോലും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍  ലഭിക്കുന്ന ഈ അവസരം പാഴാക്കിക്കളയുന്നതില്‍ അര്‍ഥമില്ല. ബാങ്കിങ് പോലെയുള്ള മേഖലകളില്‍  ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണിപ്പോള്‍.

ഓഹരിവിപണിയിലെ ഉയര്‍ച്ച–താഴ്ചകള്‍ കനത്ത ആഘാതമേല്‍പ്പിക്കാത്തവിധത്തില്‍ നിക്ഷേപം നടത്തുന്നതിന് ഘട്ടംഘട്ടമായി നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പദ്ധതി  ലഭ്യമാണ.് പല നല്ല കമ്പനികളുടെയും ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ ലഭിക്കും. അതുകൊണ്ടുതന്നെ നല്ല കമ്പനികളെ കണ്ടെത്തി മാസംതോറുമെന്ന നിലയില്‍ നിക്ഷേപം നടത്തുന്നത് നന്നായിരിക്കും.

ഓഹരിവിപണിയുടെ ഇപ്പോഴത്തെ നില എന്താണെന്നു നോക്കി മെനക്കെടാതെ കമ്പനിയുടെ പ്രകടനംമാത്രം കണക്കിലെടുക്കുകയാണ് അഭികാമ്യം. 10 വര്‍ഷമെങ്കിലും ഓഹരിനിക്ഷേപം തുടരുകയാണെങ്കില്‍ മൂന്നുനാലിരട്ടി നേട്ടമെങ്കിലും സ്വാഭാവികമായി ലഭിക്കും. അതേസമയം ഏറ്റവും നഷ്ടവും നേട്ടവും ലഭിക്കുന്ന മേഖലയാണിതെന്ന യാഥാര്‍ഥ്യബോധം കൈവിടാതെവേണം ഓഹരിനിക്ഷേപത്തിനൊരുങ്ങാന്‍.
പലരും വിപണിയിലെ ഊഹാപോഹങ്ങള്‍ക്കു പിറകെ പോയി നഷ്ടം വരുത്തിവയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഒരു നിക്ഷേപം നടത്തുന്നു എന്ന ചിന്താഗതിക്കുപകരം നിക്ഷേപം നടത്തുന്ന കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാവുകയാണ് താന്‍ എന്ന മനോഭാവത്തോടെവേണം ഈ രംഗത്തേക്ക് കടന്നുചെല്ലാന്‍.ബിസിനസ് അതിന്റെ പ്രത്യേക വളര്‍ച്ചഘട്ടം പൂര്‍ത്തിയാക്കുന്നതു വരെയെങ്കിലും ക്ഷമയോടെ കാത്തിരിക്കുകയുംവേണം.

കമ്പനിയുടെ മാനേജ്മെന്റ്, ഉല്‍പ്പന്നത്തെ കാത്തിരിക്കുന്ന സാധ്യതകള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കമ്പനിക്കുണ്ടായ സാമ്പത്തികമുന്നേറ്റം– ഈ പ്ളസ് പോയിന്റുകളുള്ള കമ്പനിയുടെ ഓഹരിമൂല്യം താരതമ്യേന കുറഞ്ഞ നിലയില്‍ ലഭ്യമാണോ തുടങ്ങിയ ഘടകങ്ങള്‍ നിക്ഷേപത്തിനിറങ്ങുംമുമ്പ് നിര്‍ബന്ധമായും മനസ്സിലാക്കുകയുംവേണം. 
ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പണത്തിന് അത്യാവശ്യം വരികയാണെങ്കില്‍ നിക്ഷേപലക്ഷ്യം പൂര്‍ത്തിയാക്കും മുമ്പുതന്നെ അത് വിറ്റുകളയുന്നതൊഴിവാക്കാന്‍വേണ്ടി ഓഹരികള്‍ പണയംവയ്ക്കാനുള്ള അവസരമുണ്ട്. ഓഹരിവിപണിയില്‍ കടുത്ത ചാഞ്ചാട്ടം ഉള്ളതിനാല്‍ ഓഹരികളുടെ ശരിയായ മൂല്യ നിര്‍ണയം അസാധ്യമാകുമെന്നതിനാല്‍ ബാങ്കുകളും മറ്റും ഓഹരി ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്നതില്‍ തല്‍പ്പരരല്ല. എന്നാല്‍, മികച്ച റിസ്ക് മാനേജ്മെന്റ് സിസ്റ്റം പിന്തുടരുന്ന ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഇതിനുള്ള സൌകര്യമൊരുക്കുന്നുണ്ട്.

ഓഹരിവിപണി ഇടിയുമ്പോള്‍ അടിസ്ഥാനപരമായി മികച്ച കമ്പനികളുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിനും പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ കൈവശമുള്ള മികച്ച ഓഹരികള്‍ വിറ്റുകളയുന്നതൊഴിവാക്കാനുമൊക്കെ ഓഹരികള്‍ പണയം വയ്ക്കാനാകും. ഏത് ബ്രോക്കിങ് സ്ഥാപനത്തിലുള്ളവര്‍ക്കും ഇത്തരത്തില്‍ വായ്പ ലഭ്യമാക്കുന്ന സ്ഥാപനത്തില്‍ ഒരു അക്കൌണ്ട് ആരംഭിച്ചാല്‍ അവിടെ ഓഹരി പണയംവയ്ക്കാനാകും.  മുന്‍നിര ബ്ളൂചിപ്പ് ഓഹരികള്‍ പണയംവയ്ക്കുമ്പോള്‍ 80 ശതമാനം വരെ വായ്പ ലഭിക്കാറുണ്ട്. പണയകാലഘട്ടത്തില്‍ ചാഞ്ചാട്ടമുണ്ടായി വില വീണ്ടും കുറയുകയാണെങ്കില്‍ പണമടച്ച് മാര്‍ജിന്‍ ടോപ്അപ് ചെയ്യേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top