20 April Saturday

ബാങ്കിങ്ങില്‍ ഡിജിറ്റല്‍ തരംഗം

കെ എ ബാബുUpdated: Sunday Jan 3, 2016

പൂര്‍ണമായും ഡിജിറ്റലാക്കപ്പെട്ട കാലത്തേക്കാണ് നാമിപ്പോള്‍ ചുവടുവയ്ക്കുന്നത്. 2019 ആകുമ്പോള്‍ 65 കോടി ഇന്ത്യക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണും 1.8 കോടി ഇന്ത്യക്കാര്‍ക്ക് ടാബ്ലെറ്റും ഉണ്ടാകും. 54 ശതമാനം വളര്‍ച്ചാനിരക്കോടെ സ്മാര്‍ട്ട് ഫോണുകള്‍ അത്ഭുതകരമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. നിലവില്‍ 10 ശതമാനം ബാങ്കിങ് ഇടപാടും ഇലക്ട്രോണിക്കായാണ് നടക്കുന്നത്. വളരെ വേഗം ഇത് വര്‍ധിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രീപെയ്ഡ് ഉപകരണങ്ങള്‍ 109 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിച്ചു.  വിവിധ തലങ്ങളിലുള്ള പുതിയ ബാങ്കുകളുടെ കടന്നുവരവ് ഡിജിറ്റല്‍ സേവനത്തിനുള്ള അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്കിങ് ഇടപാടുകളുടെ ഏതെങ്കിലും ഒരുഭാഗം മാത്രം ഇലക്ട്രോണിക് രീതിയിലേക്കു മാറ്റുന്നതിനു പകരം ബാങ്കിങ്ങിലെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചും പരസ്പരം ബന്ധിച്ചും മുന്നേറ്റത്തിനൊരുങ്ങുകയാണ് ബാങ്കുകള്‍. ഇടപാടുകാര്‍ക്ക് സൌകര്യപ്രദവുംസമാനതകളില്ലാത്ത അനുഭവവുമാണ് ഇതു നല്‍കുന്നത്.  ഡിജിറ്റല്‍ രീതികളെ ബാങ്കിങ് ബിസിനസിന്റെ ഭാഗമായല്ല, മറിച്ച് ബാങ്കിങ് ബിസിനസായിത്തന്നെയാണ് കാണുന്നത്.

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതുമയേറിയ സങ്കേതിക സംവിധാനങ്ങളുടെ പ്രവാഹത്തിനാണ് ഇപ്പോള്‍ ബാങ്കിങ് വ്യവസായം സാക്ഷ്യംവഹിക്കുന്നത്.  ബാങ്കിങ്ങിനെ ഒരനുഭവമാക്കുക എന്നതുകൂടി ഈ ഡിജിറ്റല്‍ യാത്രയുടെ ഉദ്ദേശ്യമാണ്. സ്വയം അക്കൌണ്ട് തുറക്കാന്‍ അവസരമൊരുക്കുന്ന ഫെഡ്ബുക്ക് സെല്‍ഫി, ഫെഡറല്‍ ബാങ്കിന്റെ ഈ ദിശയിലെ  മുന്നേറ്റമാണെന്ന് ചൂണ്ടിക്കാട്ടാനാകും.

മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത്, ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്കാന്‍ചെയ്ത്, ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഫെഡറല്‍ ബാങ്കില്‍ സേവിങ്സ് അക്കൌണ്ട് തുറക്കാന്‍ മൊബൈല്‍ അപ്ളിക്കേഷനിലൂടെ സാധിക്കും. അക്കൌണ്ട് തുറന്നുകഴിഞ്ഞാലുടന്‍ പ്രസ്തുത അപ്ളിക്കേഷന്‍ ഡിജിറ്റല്‍ പാസ്ബുക്ക് ആയി മാറും. ഏതാണ്ട് ഒന്നരലക്ഷം ഡൌണ്‍ലോഡുകളിലൂടെ ബാങ്കിങ്രംഗത്ത് ഈ അപ്ളിക്കേഷന്‍ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പിലൂടെ ബാങ്ക് വിപ്ളവകരമായ മാറ്റത്തിനാണ് തുടക്കംകുറിച്ചത്്.
മൊബൈല്‍ ബാങ്കിങ്–വേഗം, ലാളിത്യം

പണം കൈമാറല്‍, മൊബൈല്‍ റീചാര്‍ജ്, ചെക്ക്ബുക്കിനുള്ള അപേക്ഷ, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ബാങ്കിങ്, ഇടപാടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യമായിക്കഴിഞ്ഞു. മൊബൈല്‍ ബാങ്കിങ് സേവനം ഉപയോഗിക്കുന്ന ഇടപാടുകാരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പോയവര്‍ഷം ഇടപാടുകള്‍ അഞ്ചിരട്ടിയായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ ഇതു പതിന്മടങ്ങാകും.

നെറ്റ്ബാങ്കിങ്ങിനും വലിയൊരിടം

പണം കൈമാറല്‍, ഐഎംപിഎസ്, മൊബൈല്‍/ഡിടിഎച്ച് റീചാര്‍ജ്, ടേം നിക്ഷേപങ്ങള്‍ക്കും റെക്കറിങ് നിക്ഷേപങ്ങള്‍ക്കും തുടക്കംകുറിക്കല്‍, ടേം നിക്ഷേപങ്ങളില്‍ വായ്പ, നികുതി അടയ്ക്കല്‍, ബില്‍തുക അടയ്ക്കല്‍ തുടങ്ങിയവയും ഒട്ടേറെ മൂല്യവര്‍ധിത സേവനങ്ങളും നെറ്റ്ബാങ്കിങ്ങിലൂടെ ബാങ്കുകള്‍ നല്‍കുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ബാങ്കിങ് ഇടപാടുകളില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം അവസാനത്തോടെ ഇടപാടുകളില്‍ 10 മുതല്‍ 15 ശതമാനംവരെ നെറ്റ്ബാങ്കിങ്ങിലൂടെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യക്തികള്‍ തമ്മില്‍ അപ്പപ്പോള്‍ തുക കൈമാറുന്നതിനും ഇ–കൊമേഴ്സ് പോര്‍ട്ടലുകളില്‍ പണമടയ്ക്കുന്നതിനും സ്കാന്‍ ആന്‍ഡ് പേ പോലുള്ള സൌകര്യങ്ങളും ലഭ്യമാണ്്. പരമ്പരാഗതരീതിയിലുള്ള പണമടയ്ക്കലിനെക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

മിസ്ഡ് കോള്‍, എസ്എംഎസ് സേവനങ്ങള്‍

ഡിജിറ്റല്‍സൌകര്യങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഇടപാടുകാര്‍ക്കു മാത്രമായി ഒതുക്കുന്നില്ല ബാങ്കുകള്‍. സാധാരണ മൊബൈല്‍ ഫോണുകള്‍ കൈവശമുള്ള ഇടപാടുകാര്‍ക്കും ഡിജിറ്റല്‍സൌകര്യങ്ങള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ ടോപ് അപ്പിനായി ബാങ്കുകള്‍ മിസ്ഡ്കോള്‍ സേവനം അവതരിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് അറിയാനും ലഘു സ്റ്റേറ്റ്മെന്റിനും മിസ്ഡ്കോള്‍ സൌകര്യം ഉപയോഗിക്കാം. തുക കൈമാറ്റംപോലുള്ളവ വൈകാതെ ഇതിനോടു കൂട്ടിച്ചേര്‍ക്കും. തുക കൈമാറല്‍, മൊബൈല്‍ റീചാര്‍ജ്, ബാലന്‍സ് അറിയല്‍, ലഘു സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, വിവിധ അന്വേഷണങ്ങളിലുള്ള സ്ഥിതി അറിയല്‍, നഷ്ടപ്പെട്ട ഡെബിറ്റ് കാര്‍ഡുകള്‍ ബ്ളോക്ക്ചെയ്യല്‍ തുടങ്ങിയവയ്ക്കെല്ലാം എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.

എടിഎംവഴിയുള്ള കൂടുതല്‍ സേവനങ്ങള്‍

പണം പിന്‍വലിക്കലും ബാലന്‍സ് അറിയലും ലഘു സ്റ്റേറ്റ്മെന്റുമൊന്നുമല്ലാതെ ഇപ്പോള്‍ എടിഎമ്മുകള്‍വഴി വേറെയും ഒട്ടേറെ സേവനങ്ങള്‍ ലഭ്യമാണ്. ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍നമ്പര്‍ സൃഷ്ടിക്കാനും മാറ്റാനും എടിഎമ്മിലൂടെ സാധിക്കും. അതുകൊണ്ടുതന്നെ അച്ചടിച്ച പിന്‍നമ്പറുകള്‍ തപാലില്‍ വരുന്നതു കാത്തിരിക്കുന്നതിലൂടെയുള്ള താമസവും അസൌകര്യവും ഒഴിവാക്കാം. മൊബൈല്‍ റീചാര്‍ജ്, സ്വന്തം അക്കൌണ്ടുകളിലേക്കുള്ള പണം മാറ്റം, കാര്‍ഡില്‍നിന്ന് കാര്‍ഡിലേക്കുള്ള പണം മാറ്റം, കാള്‍ബാക്ക് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ എടിഎമ്മിലൂടെ ലഭ്യമാണ്.
സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാകുമ്പോഴും ഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
ലേഖകന്‍ ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും ഡിജിറ്റല്‍ ബാങ്കിങ്വിഭാഗം മേധാവിയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top