പോയവര്‍ഷം ഉല്‍പ്പന്നവിപണിയുടെ പ്രകടനം നിരാശാജനകമായിരുന്നു. മിക്ക ഉല്‍പ്പന്നങ്ങളും രാജ്യാന്തരവിപണിയെപ്പോലെ തന്നെ ആഭ്യന്തര വിപണിയിലും കനത്ത വില്‍പ്പനസമ്മര്‍ദം നേരിട്ടു. ഇതില്‍ ഏറ്റവും പ്രധാനം അസംസ്കൃത വിലയാണ്. 2014ല്‍ ഒരു ബാരലിന് 100 ഡോളര്‍ നിരക്കിലായിരുന്ന എണ്ണവില ഇപ്പോള്‍ ബാരലിന് ഏകദേശം 35 ഡോളര്‍ നിരക്കിലാണ്. അതിന്റെ പ്രധാനകാരണം അമേരിക്ക ഷെയ്ല്‍ ഗ്യാസിന്റെ ഉല്‍പ്പാദനം കൂടിയതുമൂലം കൂടുതല്‍ എണ്ണ വിപണിയിലേക്കു വന്നതും, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പ്പാദനം പുനരാരംഭിച്ചതും ഒപ്പെക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കില്ലെന്ന നിലപാടെടുത്തതും പ്രധാന ഉപഭോക്തൃരാജ്യങ്ങളില്‍നിന്നും ആവശ്യം കുറഞ്ഞതുമാണ്. 2015ല്‍ ബാരലിന് 33.98 ഡോളറാണ് ഏറ്റവും കുറഞ്ഞ വില.
എണ്ണയ്ക്കുപുറമെ സ്വര്‍ണം, വെള്ളി വിലയിലും കനത്ത വില്‍പ്പനയാണ് ഉണ്ടായത്. അതിനുള്ള പ്രധാന കാരണം അമേരിക്ക അവരുടെ പലിശനിരക്ക് കൂട്ടിയേക്കുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു. ഇതിന്റെകൂടെത്തന്നെ ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്നുള്ള ആവശ്യം പരിമിതമായതും വിലകളെ സ്വാധീനിച്ചു. വിദേശവിപണിയില്‍ ഔണ്‍സിന് ഏകദേശം 1045 ഡോളര്‍വരെ സ്വര്‍ണവില താഴ്ന്നു. എന്നാല്‍ പോയവര്‍ഷം ഏറ്റവും ഉയര്‍ന്ന നിലവാരമായി രേഖപ്പെടുത്തിയത് ഔണ്‍സിന് 1306 ഡോളറാണ്. അതുപോലെ ഇന്ത്യന്‍ വിപണിയില്‍ രൂപ 24,450–28,500 നിലവാരത്തിലായിരുന്നു 2015ല്‍ വ്യാപാരം നടന്നത്. വെള്ളി വിലയിലും കനത്ത സമ്മര്‍ദംതന്നെയാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ ആവശ്യകതയാണ് ഇതിനു പ്രധാന കാരണം. വെള്ളിവില ഇപ്പോള്‍ വിദേശ വിപണികളില്‍ ആറുവര്‍ഷത്തേ താഴ്്ന്ന നിലവാരത്തിലാണ്.
കേരളത്തിലെ ഉല്‍പ്പന്നങ്ങളുടെ കാര്യമെടുത്താല്‍ പ്രധാനമായും റബര്‍, കുരുമുളക് വിലകളില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിരുന്നു. അതില്‍ റബര്‍വില പോയ വര്‍ഷവും താഴോട്ടായിരുന്നു. ഏകദേശവിപണിവില കിലോഗ്രമിന് 121–122 നിരക്കിലായിരുന്നു. ഒരവസരത്തില്‍ മാര്‍ക്കറ്റില്‍ വില കിലോഗ്രമിന് 100ലും താഴേക്ക് വന്നു. വിദേശ വിപണിയില്‍ ഉണ്ടായ കനത്ത വില്‍പ്പനസമ്മര്‍ദമാണ് ഇതിനു കാരണം. വിദേശ വിപണിവിലകള്‍ ആറുവര്‍ഷത്തെ കുറഞ്ഞ നിലവാരത്തിലാണ് . ഉല്‍പ്പാദനം കൂടിയതും, ചൈനയില്‍നിന്നുണ്ടായ കുറഞ്ഞ ആവശ്യകതയുമാണ് ഇതിന് കാരണങ്ങള്‍. വിദേശ വിപണിവിലകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിലകളും താഴേക്കു വന്നിട്ടുള്ളത്. എന്നിരുന്നാലും വരുന്ന വര്‍ഷം ചെറിയ തോതില്‍ വിലവര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബറിന്റെ മുഖ്യ ഉല്‍പ്പാദകരായ ഏഷ്യന്‍ മേഖലയില്‍ ഉണ്ടായേക്കാനിടയുള്ള എല്‍നിനോ പ്രതിഭാസം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ അത് ഉല്‍പ്പാദനത്തില്‍ കുറവുവരാനും വിലകളെ സ്വാധീനിക്കാനും സാധ്യതയുണ്ട്.
ഏലവിപണിയില്‍ പ്രധാന കയറ്റിറക്കങ്ങളൊന്നും ദൃശ്യമായിരുന്നില്ല. 1190–1600 രൂപയ്ക്കും ഇടയിലാണ് പോയവര്‍ഷം വ്യാപാരം നടന്നത്. പ്രധാന കാരണം നമുക്ക് നല്ല രീതിയിലുള്ള ലഭ്യതയുണ്ടായിരുന്നു എന്നതാണ്. ഉല്‍പ്പാദനത്തിന് അനുകൂല കാലാവസ്ഥയും നിലനിന്നിരുന്നു.
കുരുമുളകുവിപണിയില്‍ വില മുന്നേറ്റം രേഖപ്പെടുത്തി. വിപണിയില്‍ കഴിഞ്ഞവര്‍ഷം ഏതാണ്ട് കിലോഗ്രാമിന് 550–700 രൂപ വില നിലവാരത്തില്‍ വ്യാപാരം നടന്നിട്ടുണ്ട്. വരുംനാളുകളില്‍ വിലവര്‍ധന ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലില്‍ വ്യാപാരികള്‍ ചരക്ക് ഈ വിലയില്‍ വിറ്റഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല, ഇന്ത്യയുടെ ഉല്‍പ്പാദനം 15–20 ശതമാനംവരേ കുറഞ്ഞേക്കുമെന്നുള്ള പ്രതീക്ഷയും അടുത്ത സീസണില്‍ വിലവര്‍ധന ദൃശ്യമാകുമെന്നുതന്നെയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
ലേഖകന്‍ ജിയോഫിന്‍ കോംട്രേഡിന്റെ സീനിയര്‍ അനലിസ്റ്റാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..