20 April Saturday

എല്ലാ പോളിസികളും ഓണ്‍ലൈന്‍വഴി എടുക്കാമോ?

കെ അരവിന്ദ്Updated: Sunday Jul 2, 2017

ഇന്റര്‍നെറ്റ്വഴിയുള്ള വിപണന ഇടപാടുകള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ്പോലുള്ള ധനകാര്യ ഉല്‍പ്പന്നങ്ങള്‍ വാ ങ്ങുന്നതിന് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഓണ്‍ലൈന്‍വഴി പോളിസികള്‍ വാങ്ങുമ്പോള്‍ പ്രീമിയം കുറയുമെന്നതാണ് പ്രധാന ആകര്‍ഷകഘടകം. ഓണ്‍ലൈന്‍വഴി വാങ്ങിയാല്‍ ഉപയോക്താവിന് പോളിസിസംബന്ധിച്ച രേഖകള്‍ കാലതാമസംകൂടാതെ ലഭിക്കുമെന്ന സൌകര്യവും ഉണ്ട്.

പക്ഷെ ഇന്ത്യക്കാര്‍ ഇപ്പോഴും ഏജന്റ്വഴി പോളിസി എടുക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐആര്‍ഡിഎയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരില്‍ പത്തില്‍ ഏഴുപേരും ഏജന്റ്വഴി പോളിസി എടുക്കുന്നതിനാണ് പരിഗണന നല്‍കുന്നത്. ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ ഏജന്റ് എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് പ്രീമിയം കുറയുന്നത്. ഏജന്റിന് നല്‍കേണ്ട കമീഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുന്നതോടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാന്‍ സാധിക്കുന്നു.

ഏജന്റിനെ ആശ്രയിക്കാതെ പോളിസി നേരിട്ടു വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കമീഷന്‍ ലാഭിക്കാന്‍ സാധിക്കുമെങ്കിലും അനുയോജ്യമായ പോളിസി കണ്ടെത്താനുള്ള ബാധ്യത ഉപയോക്താവിന്റേതുതന്നെയാകുന്നു. അതുകൊണ്ടുതന്നെ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുന്നതിന് അല്‍പ്പം ഗൃഹപാഠം’ ചെയ്യേണ്ടതുണ്ട്.
ടേം പോളിസികള്‍പോലുള്ള ലൈഫ് ഇന്‍ഷുറന്‍സ് മാത്രം ഉദ്ദേശിച്ചുള്ള പോളിസികള്‍ ഉപയോക്താക്കള്‍ക്കുതന്നെ സ്വയം തെരഞ്ഞെടുക്കാവുന്നതാണ്.  പല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ താരതമ്യംചെയ്ത് ഒരു പോളിസി തെരഞ്ഞെടുക്കുക എന്നത് ഏജന്റ്വഴി പോളിസി വാങ്ങുമ്പോള്‍ പലപ്പോഴും സാധ്യമാകണമെന്നില്ല. അതേസമയം ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ സ്ഥിരതയുള്ള സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു.

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ തമ്മില്‍ താരതമ്യംചെയ്യുന്നതിന് സമാനസ്വഭാവമുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റുകളെ  ആശ്രയിക്കാവുന്നതാണ്. പ്രീമിയം, കവറേജിന്റെ സ്വഭാവം തുടങ്ങിയ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെയുള്ള താരതമ്യ വിശകലനത്തിലൂടെ സാധിക്കും. നിബന്ധനകള്‍ സങ്കീര്‍ണമല്ലാത്ത ടേം പോളിസികള്‍ താരതമ്യംചെയ്യുന്നത്  എളുപ്പമാണ്.

ഓണ്‍ലൈന്‍വഴി ടേം പോളിസികള്‍ വാങ്ങുമ്പോള്‍ പ്രീമിയത്തില്‍ വലിയ അന്തരമുണ്ട്. കുടുംബത്തിന്റെ വരുമാനസ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.

ഉദാഹരണത്തിന് എല്‍ഐസിയുടെ അമൂല്യ ജീവന്‍ എന്ന ഓഫ്ലൈന്‍ പോളിസി (ഓണ്‍ലൈന്‍വഴിയല്ലാതെ ഏജന്റ്മാര്‍വഴിയെടുക്കുന്ന പോളിസി) ഒരുകോടി രൂപ കവറേജിനായി 30 വയസ്സുള്ള ഒരാള്‍ 30 വര്‍ഷത്തേക്ക് എടുക്കുകയാണെങ്കില്‍ 23,300 രൂപയാണ് പ്രീമിയം. അതേസമയം എല്‍ഐസിയുടെ ഓണ്‍ലൈന്‍ പോളിസിയായ ഇ-ടേം ഇതേ വ്യക്തി എടുക്കുകയാണെങ്കില്‍ 19,700 രൂപയേ പ്രീമിയം വരികയുള്ളൂ. ഓണ്‍ലൈന്‍വഴി എല്‍ഐസിയുടെ ടേം പോളിസി എടുക്കുമ്പോള്‍ പ്രീമിയം ഇനത്തില്‍ 15 ശതമാനമാണ് ലാഭിക്കാനാകുന്നത്. ചില സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓണ്‍ലൈന്‍ പോളിസിയുടെയും ഓഫ്ലൈന്‍ പോളിസിയുടെയും പ്രീമിയത്തില്‍ 70 ശതമാനംവരെ അന്തരമുണ്ട്.

ടേം പോളിസി ഓണ്‍ലൈന്‍വഴി എടുക്കുന്നതിനുമുമ്പ് ഉപയോക്താവ് ചെയ്യേണ്ടത് തന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയാണ്. പ്രായം, വരുമാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണെന്ന് ഉപയോക്താവ് നേരത്തെതന്നെ  നിഗമനത്തില്‍ എത്തേണ്ടതുണ്ട്.

ആവശ്യമായ പരിരക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രീമിയം നിശ്ചയിക്കുന്നത്. പ്രീമിയം ലാഭിക്കാനായി കുറഞ്ഞ പരിരക്ഷ മാത്രം നല്‍കുന്ന പോളിസികള്‍ എടുക്കുന്നത് ഇന്‍ഷുറന്‍സിന്റെ ആത്യന്തികലക്ഷ്യത്തില്‍ വെള്ളംചേര്‍ക്കലാകും. അതുപോലെ നികുതി ലാഭിക്കാനായി ഏതെങ്കിലുമൊരു പോളിസി എടുക്കുക എന്ന സമീപനവും ആവശ്യമായ ഇന്‍ഷുറന്‍സ് ലഭിക്കാതെ പോകുന്ന സാഹചര്യത്തിനാകും വഴിയൊരുക്കുക.

ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുന്നത് സൌകര്യപ്രദവും വേഗമേറിയതും ചെലവുകുറഞ്ഞതുമായ പ്രക്രിയയാണെങ്കിലും എല്ലാതരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം അനുയോജ്യമല്ല. ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുമ്പോള്‍ അഡ്വൈസര്‍ക്ക് നല്‍കേണ്ട കമീഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് കുറയുന്നതുമൂലം പോളിസിയുടെ മൊത്തം ചെലവ് കുറയുമെങ്കിലും ചിലതരം പോളിസികള്‍ എടുക്കുമ്പോള്‍ അഡ്വൈസറുടെ സഹായം ആവശ്യമാണ്. സങ്കീര്‍ണതയുള്ളതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായ പോളിസികളുടെ കാര്യത്തില്‍ പ്രീമിയം കുറയുന്നതിനെക്കാള്‍ അഡ്വൈസറുടെ സേവനത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്.

ആരോഗ്യ ഇന്‍ഷുറന്‍സ്പോലെയുള്ള സങ്കീര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒട്ടേറെ നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെട്ടിരിക്കും. ചില രോഗങ്ങളെ പോളിസി കവറേജില്‍നിന്ന് ഒഴിവാക്കുകയും വിവിധ ഇനം ചെലവുകള്‍ക്ക് നല്‍കുന്ന കവറേജിന് പരിധി കല്‍പ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ സാധാരണമാണ്. വിവിധതരം പ്ളാനുകള്‍ക്കനുസരിച്ച് ഇത്തരം നിബന്ധനകളും വ്യത്യസ്തമാകും. ഇത് വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ചികിത്സാസമയത്ത് ലഭിക്കേണ്ട കവറേജിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍വഴി ഇത്തരം വിശദാംശങ്ങള്‍ മനസ്സിലാക്കിയശേഷം തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തി വാങ്ങുകയെന്നത് ഉപയോക്താവിന് എളുപ്പമല്ല.

 അതേസമയം ട്രാവല്‍ ഇന്‍ഷുറന്‍സ്പോലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈന്‍വഴി എടുക്കാവുന്നതാണ്. പൊതുവെ ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി എടുക്കുമ്പോള്‍ ഏകദേശം 10 ശതമാനമാണ് പ്രീമിയത്തില്‍ കുറവുണ്ടാകുന്നത്. ട്രാവല്‍, വാഹന, ഭവന, ആരോഗ്യ ഇന്‍ഷുറന്‍സ് പ്ളാനുകളില്‍ പൊതുവെ ഈ നിരക്കിലാണ് കിഴിവു ലഭിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top