29 March Friday

കാലാവസ്ഥ ചതിച്ചു; കുരുമുളക് ഉൽപ്പാദനത്തിൽ വൻ ഇടിവ്

ഒ വി സുരേഷ്Updated: Friday Mar 2, 2018

കാസർകോട് > 'പ്രതീക്ഷയോടെ കാത്തിരുന്നപ്പഴേ അറിയാമായിരുന്നു ഇത്തവണ ഒന്നുമുണ്ടാകില്ലെന്ന്. കഴിഞ്ഞവർഷം ഒന്നര ക്വിന്റൽ ഉണങ്ങിയ കുരുമുളക് കിട്ടി. ഇത്തവണ 40 കിലോയിൽ താഴെയേ ഉള്ളൂ' മടിക്കൈ കുളങ്ങാട്ടെ കർഷകൻ കൃഷ്ണൻ നായർ വർഷങ്ങളായി പരിപാലിക്കുന്ന തന്റെ തോട്ടത്തിൽനിന്ന് പറയാനുള്ളത് കുറഞ്ഞുകൊണ്ടിരിക്കുന്ന ഉൽപാദനത്തെ കുറിച്ചായിരുന്നു. പെരളത്തെ അമ്പാടിയും ഇതേ അനുഭവമാണ്പങ്കുവയ്ക്കുന്നത്. ഇവർക്ക് മാത്രമല്ല, കുരുമുളക് കർഷകർക്കെല്ലാം പറയാനുള്ളത് ഇത്തവണത്തെ ഉൽപാദനക്കുറവിനെ കുറിച്ചുതന്നെ. വില കഴിഞ്ഞവർഷത്തിന്റെ പകുതിയേയുള്ളൂ.

സംസ്ഥാനത്താകെ കുരുമുളക് ഉൽപാദനത്തിൽ കുറവുണ്ടാകുന്നതായാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ഇടുക്കിയാണ് സംസ്ഥാനത്ത്ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല. വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് തൊട്ടുപുറകിൽ. 200102 വർഷം സംസ്ഥാനത്ത് 20395 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 58240 ടൺ ഉൽപാദനവും. 201516ൽ ഇത് 8548 ഹെക്ടറായി, 58 ശതമാനം കുറവ്. ഉൽപാദനം 42132 ടൺ ആയി. 28 ശതമാനത്തിന്റെ കുറവ്. ഇടുക്കിയിൽ 201516 ൽ 25495 ടൺ ആയിരുന്നു ഉൽപാദനം. വയനാട് 6593, കണ്ണൂർ 1553, കാസർകോട് 1189. ഇത്തവണ ഉൽപാദനം വളരെ കുറഞ്ഞതായാണ് കർഷകരും മലഞ്ചരക്ക് വ്യാപാരികളും പറയുന്നത്. വിലയും കുറഞ്ഞു. കഴിഞ്ഞവർഷം കിലോയ്ക്ക് 600 രൂപയിലേറെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 350 ആയി. അനിയന്ത്രിതമായ ഇറക്കുമതിയാണ് കാരണം.

മഴ വളരെ കുറഞ്ഞതാണ് ഉൽപാദനക്കുറവിന് പ്രധാന കാരണമെന്ന് കർഷകരും കാർഷിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം, ദ്രുതവാട്ടം, കുരുമുളക് ചെടിയുടെ പ്രായാധിക്യം എന്നിവ കാരണമായതായി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ കൃഷിവിജ്ഞാൻ കേന്ദ്രം തലവൻ ഡോ. പി ജയരാജ് പറഞ്ഞു. കുരുമുളക് മൂത്ത്പഴുക്കാറാകുന്ന നവംബർ, ഡിസംബർ മാസങ്ങളിലെ ജലക്ഷാമം വിളയെ ബാധിച്ചു. ജലസംരക്ഷണ പ്രവൃത്തികൾ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിചെയ്യുന്ന ഇനം തെരഞ്ഞെടുക്കുന്നതിലും കൃത്യത വേണം.

ചൂട് കൂടിയപ്പോൾ വാട്ടം കണ്ടുവരുന്നതായി കാസർകോട് സിപിസിആർഐയിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കൽ ഓഫീസർ ആർ സനൽകുമാർ പറഞ്ഞു. ദ്രുതവാട്ടം തടയാൻ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 19ഃ19ഃ19 അളവിൽ തളിച്ചാൽ ഒരു പരിധിവരെ ദ്രുതവാട്ടം തടയാനാകും.
2016ൽ 1870.3 മില്ലിമീറ്റർ ആയിരുന്നു സംസ്ഥാനത്തെ ശരാശരി മഴ. 2015ൽ ഇത് 2518.8 എംഎം ആയിരുന്നു. വയനാട്ടിലാണ് ഏറ്റവും കുറവ്. 50.1 ശതമാനം കുറഞ്ഞു. കാസർകോട് 17.9 ശതമാനവും. 2017ൽ വയനാട്ടിൽ 1959.9 മില്ലിമീറ്ററും കാസർകോട്ട് 2751.1 മില്ലിമീറ്ററും മഴയാണ് പെയ്തത്. സംസ്ഥാന ശരാശരി 2222.4 മില്ലിമീറ്ററും. കാലാവസ്ഥയിലെ വ്യതിയാനം വിളയെ ബാധിച്ചതായാണ് കാർഷികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top