18 April Thursday

2017ല്‍ നിക്ഷേപം എങ്ങനെയാവണം?

പി ജി സുജUpdated: Monday Jan 2, 2017

പുതിയ വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ ഏതു ദിശയില്‍ നീങ്ങുമെന്നത് സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരു പോലെ  ഗൌരവമായി ആലോചിക്കുന്ന വിഷയമാണ്. വര്‍ഷം മുഴുവന്‍ നീളുന്ന ഒരു നിക്ഷേപ ശൈലി  അനായാസമായി തയ്യാറാക്കാവുന്ന അവസ്ഥയല്ല പുതുവര്‍ഷത്തിലുള്ളത്. ആഗോളതലത്തിലും ആഭ്യന്തരമായും ഉള്ള സമ്പദ്വ്യവസ്ഥയിലെ സൂചനകള്‍ അത്ര ആശാവഹമല്ല. നോട്ട്നിരോധത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിദഗ്ധര്‍ ആശങ്കയോടെയാണ്  വിലയിരുത്തുന്നത്.

നോട്ട് നിരോധം വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതം നാം അറിയാനിരിക്കുന്നതേയുള്ളു. എന്തായാലും റിസ്കുള്ള നിക്ഷേപമേഖലയായ ഓഹരികളിലും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളായ ബാങ്ക് നിക്ഷേപങ്ങളിലും മറ്റും അതിന്റെ പ്രത്യാഘാതം ഇപ്പോഴേ കണ്ടുതുടങ്ങിയിട്ടുണ്ട്്. ചരക്കുസേവന നികുതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകുമെന്നതും നിക്ഷേപ അന്തരീക്ഷം എങ്ങനെയാകും എന്ന വിലയിരുത്തല്‍ അസാധ്യമാക്കുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ അമേരിക്കയില്‍ ജനുവരി 20ന് പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വളരെ ആകാംക്ഷയോടെയാണ് നിക്ഷേപലോകം നോക്കിയിരിക്കുന്നത്.

നോട്ട്നിരോധവും കറന്‍സിരഹിത ഇടപാടുകളും ചരക്കു സേവന നികുതി പ്രാവര്‍ത്തികമാക്കുന്നതുമൊക്കെ ആളുകളെ സമ്പാദിക്കുന്നതിലുപരി ചെലവുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുള്ള നീക്കമാണെന്നു കാണാനാകും. പണത്തിന്റെ മൂല്യമറിയാതെ ചെലവഴിക്കുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനുള്ള മാര്‍ഗമാണ് കറന്‍സിരഹിത ഡിജിറ്റല്‍ ഇടപാടുകള്‍. സ്ഥിതിഗതികള്‍ ഇങ്ങനെയാണെന്നിരിക്കെ പൂര്‍ണമായും ആശ്രയിക്കാവുന്ന നിക്ഷേപമേഖലയില്ല എന്നതു വ്യക്തമാണ്.

ബാങ്ക് നിക്ഷേപം


കാലങ്ങളായി ഭൂരിപക്ഷം പേരുടെയും സുരക്ഷിത നിക്ഷേപമേഖലയായ ബാങ്ക്നിക്ഷേപങ്ങള്‍ക്ക് പലിശനിരക്കു കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. റിസര്‍വ് ബാങ്ക് പലിശനിരക്കു കുറയ്ക്കാനുള്ള സാധ്യത ഏറിയതിനാല്‍ വരുംമാസങ്ങളില്‍ ഈ നിക്ഷേപങ്ങളുടെ ആകര്‍ഷണീയത ഇനിയും കുറയും. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് മറ്റ് ചെറുകിട നിക്ഷേപങ്ങളായ പബ്ളിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതി, സുകന്യ സമൃദ്ധിയോജന, മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള സ്ഥിരനിക്ഷേപം തുടങ്ങിയ സാധാരണക്കാരുടെ ജനപ്രിയ നിക്ഷേപമേഖലകളിലെല്ലാം പലിശനിരക്കു കുറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
 
ഓഹരി


ഓഹരിസൂചികയില്‍ അഞ്ചുശതമാനത്തോളം നഷ്ടം 2015ല്‍ ഉണ്ടായെങ്കില്‍ 2016ല്‍  സെന്‍സെക്സ് 0.27 ശതമാനം നഷ്ടവും നിഫ്റ്റി നാലുശതമാനം നേട്ടവും നിക്ഷേപകര്‍ക്കു നല്‍കിയതായാണ് കണക്ക്. കൃത്യമായ വിശകലനത്തിന്റെ പിന്‍ബലത്തില്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിച്ച പലര്‍ക്കും 2016ല്‍ നേട്ടമുണ്ടാക്കാനായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2017ലും ഇതേ രീതി പിന്തുടരുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാവും. ഓഹരിവിപണി ഏതു ദിശയില്‍ നീങ്ങിയാലും കരുതലോടെ കമ്പനികളും ഓഹരികളും തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണെങ്കില്‍ നഷ്ടസാധ്യതകള്‍ ഒഴിവാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യാം.  മൂല്യാധിഷ്ഠിത ഓഹരികള്‍ തെരഞ്ഞെടുത്തു നിക്ഷേപിച്ച് നേട്ടമുണ്ടാക്കുക എന്ന രീതിയാകും ഗുണകരം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനമുള്ളതിനാല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത വിപണിയായ അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കാണണം. വിവിധ രാജ്യങ്ങളില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിപണിയെ ബാധിക്കും. ഓഹരിവിപണിയുമായി നേരിട്ട് ബന്ധമുള്ള ഇത്തരം ഘടകങ്ങള്‍ ഇവിടെ കണക്കിലെടുക്കണം. മികച്ച മാനേജ്മെന്റ്, കടത്തിന്റെ അഭാവം, പരിഷ്കരണ നടപടികള്‍, എതിരാളികളുടെ ബലഹീനത തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പല വിദഗ്ധരും മികച്ച ഓഹരികള്‍ ശുപാര്‍ശചെയ്യുന്നത്. ഇത്തരം ഓഹരികള്‍ പരിഗണിക്കുമ്പോഴും സ്വന്തമായ വിലയിരുത്തലുകളും കണക്കുകൂട്ടലുകളുംകൂടി വേണം.
ഓഹരിവിപണിയില്‍ ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് വിപണിതകര്‍ച്ചയില്‍നിന്ന് പെട്ടെന്നുണ്ടാകുന്ന ആഘാതം കുറയ്ക്കാനുള്ള ഏകമാര്‍ഗം എന്നതും കണക്കിലെടുക്കണം.— 2017ലും നിക്ഷേപകര്‍ ഓഹരിവിപണിയില്‍ ചെറിയതോതിലെങ്കിലും നിക്ഷേപിക്കുന്നത് അഭികാമ്യമാണ്. ഓഹരിനിക്ഷേപം സങ്കീര്‍ണമായ നടപടിയായതിനാല്‍ അതിനുള്ള സമയവും വൈദഗ്ധ്യവും ഇല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം—തുടങ്ങാം. ഓഹരിവിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും കാര്യമായ തകര്‍ച്ച നേരിടാതെ നിക്ഷേപം നടത്തുന്നതിന് ഘട്ടംഘട്ടമായി നിക്ഷേപത്തിന് അവസരമൊരുക്കുന്ന എസ്ഐപി രീതിയില്‍ നിക്ഷേപിക്കാം.

സ്വര്‍ണം


മലയാളികള്‍ എല്ലാകാലവും പ്രിയപ്പെട്ട നിക്ഷേപമേഖലയായി കരുതിയിരുന്ന  സ്വര്‍ണം ഒരു നിക്ഷേപമെന്ന നിലയില്‍ തികച്ചും അനാകര്‍ഷകമായ അവസ്ഥയിലാണിപ്പോള്‍. ഇത്രയുംകാലം താഴേക്കുപോയ സ്വര്‍ണവില അല്‍പ്പമെങ്കിലും ഉയര്‍ന്നാല്‍ ആ മേഖലയിലെ നിക്ഷേപം നേട്ടം നല്‍കുമെങ്കിലും അത് ഉറപ്പില്ലാത്ത കാര്യമാണ്. ആഭരണമെന്നതിലുപരി നിക്ഷേപമായി സ്വര്‍ണത്തിന് വളരെ പരിഗണന നല്‍കേണ്ടതില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  സ്വര്‍ണം മാത്രമല്ല, ഉല്‍പ്പന്നമേഖലയില്‍ മൊത്തത്തില്‍തന്നെ ഉയര്‍ച്ച പ്രതീക്ഷിക്കാനില്ലാത്ത വര്‍ഷമാകും വരാനിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

കടപ്പത്രം

കടപ്പത്രവിപണികളില്‍ നിക്ഷേപിക്കുന്നവര്‍ക്കും അവരുടെ വ്യക്തിഗത സവിശേഷതകള്‍ വിലയിരുത്തി നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കുറഞ്ഞതോതില്‍ മാത്രം നഷ്ടസാധ്യത നേരിടാന്‍ സാധിക്കുന്നവര്‍ക്ക് ഹ്രസ്വകാലത്തേക്കുള്ള ഡെറ്റ് ഫണ്ടുകളും മറ്റുള്ളവര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഡെറ്റ് ഫണ്ടുകളും തെരഞ്ഞെടുക്കാന്‍ ഇവിടെ അവസരമുണ്ട്.
ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലിശനിരക്കു കുറയുന്നത് അനുകൂലമാണ്. കാരണം ബാങ്ക്നിരക്ക് കുറയുമ്പോള്‍ ബോണ്ട് ഫണ്ടുകള്‍ക്ക് നിരക്കുയരുന്ന പ്രവണതയാണ് പൊതുവെ ഉള്ളത്.  ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മ്യൂച്വല്‍ഫണ്ടുകളുടെ ബോണ്ട് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.

റിയല്‍ എസ്റ്റേറ്റ്

2017ന്റെ പകുതിയോടെ നില അല്‍പ്പം മെച്ചപ്പെടാന്‍ സാധ്യതയുള്ള നിക്ഷേപമേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ബാങ്കുകള്‍ ഭവനവായ്പ കൂടുതല്‍ ഉദാരമാക്കാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ വീടു വയ്ക്കാനും ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഭൂമിയില്‍ നിക്ഷേപിക്കാനും അനുയോജ്യമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
മേഖല ഏതായാലും നിക്ഷേപം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:  കൃത്യമായ തയ്യാറെടുപ്പോടെയും കരുതലോടെയും വേണം നിക്ഷേപം നടത്താന്‍. കാലപരിധിമാത്രം കണക്കാക്കി നിക്ഷേപം ക്രമീകരിക്കരുത്. വികാരങ്ങള്‍ക്ക് നിക്ഷേപകാര്യങ്ങളില്‍ പരിഗണന കൊടുക്കരുത്. സുരക്ഷിതനിക്ഷേപം എന്ന കാര്യം പുതിയ സാഹചര്യത്തില്‍ പ്രാവര്‍ത്തികമല്ല.  ഏതു മേഖലയിലും ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി നിക്ഷേപിക്കുക. വിപണിയില്‍ ഉണ്ടാകുന്ന  താഴ്ചകള്‍ അവസരമായി കാണാമെങ്കിലും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ ചെറിയൊരു പങ്കുമാത്രം അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top