26 April Friday

ആദായനികുതി ഇളവുതരുന്ന സുരക്ഷിത നിക്ഷേപമാര്‍ഗങ്ങള്‍

കെ കെ ജയകുമാര്‍Updated: Monday May 1, 2017

പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമാണല്ലോ. ആദായനികുതി ആസൂത്രണം ആരംഭിക്കേണ്ട സമയമാണ്. നികുതി ഇളവ് ലഭിക്കുന്ന സുരക്ഷിതമാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകമായ ചില നിക്ഷേപപദ്ധതികളുണ്ട്. അവയില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ അതൊരു മുതല്‍ക്കൂട്ടാകുകയും  വര്‍ഷാവര്‍ഷം നികുതി ലാഭിക്കുകയും ചെയ്യാം.

1. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്
പ്രതിമാസം ഒരു നിശ്ചിത തുക പലിശവരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ആദായനികുതി ഇളവ് വേണ്ടവര്‍ക്കും ഏറ്റവും ആകര്‍ഷകവും സുരക്ഷിതവുമായ നിക്ഷേപമാര്‍ഗമാണ് ഇത്.  അഞ്ചുമുതല്‍ 10 വര്‍ഷംവരെയാണ് നക്ഷേപ കാലാവധി. എട്ടുശതമാനമാണ് വാര്‍ഷിക പലിശ. 100, 500, 1000, 5000, 10,000 രൂപ എന്നീ തുകയ്ക്കാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഈ സര്‍ട്ടിഫിക്കറ്റിന്റെ ഈടിന്മേല്‍ ബാങ്കുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പ ലഭിക്കും.

എന്‍എസ്സിയില്‍ നിക്ഷേപിക്കുന്ന തുക 80സി പ്രകാരം ആദായനികുതി ഇളവിന് അര്‍ഹമാണ്. ലഭിക്കുന്ന പലിശ വര്‍ഷാവര്‍ഷം മറ്റ് മാര്‍ഗങ്ങളില്‍നിന്നുള്ള വരുമാനം എന്ന വിഭാഗത്തില്‍ പ്പെടുത്തുകയും 80സി പ്രകാരം കിഴിക്കുകയും ചെയ്യാം. പലിശ വരുമാനം ഇങ്ങനെ വര്‍ഷാവര്‍ഷം കിഴിക്കുന്നില്ല എങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശവരുമാനം മൊത്തം മറ്റു വരുമാനമായി പെടുത്തി നികുതി ഈടാക്കും.

2. നാഷണല്‍ പെന്‍ഷന്‍ സ്കീം
എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്കരിച്ച പദ്ധതിയാണ് എന്‍പിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന നാഷണല്‍ പെന്‍ഷന്‍ സ്കീം. 60 വയസ്സു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരു നിശ്ചിത തുക മാസാമാസം പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ ഫണ്ട് സ്വരുക്കൂട്ടുകയാണ്  ചെയ്യുന്നത്.  ഫണ്ടിന്റെ ഒരു വിഹിതം പെന്‍ഷന്‍ പ്ളാനില്‍ നിക്ഷേപിക്കുകയും അതില്‍നിന്ന് പ്രതിമാസ പെന്‍ഷന്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. എന്നാല്‍ തുക നിക്ഷേപിക്കുന്നത് ഓഹരിവിപണിയിലായതിനാല്‍ഈ ഫണ്ടില്‍നിന്ന് ഉറപ്പുവരുമാനം പ്രതീക്ഷിക്കാനാകില്ല. മാസംതോറുമോ വര്‍ഷത്തിലൊരിക്കലോ പദ്ധതിയില്‍ പണം നിക്ഷേപിക്കാം. പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. സമ്പദ്വ്യവസ്ഥയിലെയും ഓഹരിവിപണിയിലെയും ഗതിവിഗതികള്‍ക്കനുസരിച്ച് ലാഭനിരക്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

പതിനെട്ടു വയസ്സു കഴിഞ്ഞ ആര്‍ക്കും നിക്ഷേപിക്കാം. പ്രതിവര്‍ഷം ചുരുങ്ങിയത് 6,000 രൂപ നിക്ഷേക്കണം. ഇത് മാസതവണകളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. 60 വര്‍ഷംവരെ തുടര്‍ച്ചയായി നിക്ഷേപിക്കണം. പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യാണ് ഫണ്ട് ആവിഷ്കരിച്ചിരിക്കുന്നത്. ഫണ്ട് കൈകാര്യംചെയ്യാനായി ഏതാനും ചില ഫണ്ട് ഹൌസുകളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ വിവിധ നിക്ഷേപകരുടെ പണം ഒറ്റ ഫണ്ടാക്കി നിക്ഷേപകരുടെ നിര്‍ദേശപ്രകാരം ഓഹരിയിലോ കടപ്പത്രങ്ങളിലോ രണ്ടിലും കൂടിയോ നിക്ഷേപിക്കും. ലാഭം യൂണിറ്റുകളാക്കി വിഭജിച്ച് ഓരോ നിക്ഷേപകരുടെയും അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നു.  60 വയസ്സ് ആകുന്നതുവരെ നിക്ഷേപം നടത്തണം. 60 വയസ്സു കഴിയുമ്പോള്‍ ഫണ്ടിലുള്ള തുകയുടെ 20 ശതമാനം  നിക്ഷേപകന് പിന്‍വലിക്കാം. ബാക്കി തുകയാണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കാനായി പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കേണ്ടത്.

3. മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യപദ്ധതി

രാജ്യത്തെ മുതിര്‍ന്ന പൌരന്മാര്‍ക്ക് സുരക്ഷിതമാര്‍ഗത്തിലൂടെ വരുമാനം ഉറപ്പാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് 2004ല്‍ ആവിഷ്കരിച്ചതാണ് മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യപദ്ധതി. ചുരുങ്ങിയത് 1000 രൂപയെങ്കിലും ഈ സ്കീമില്‍ നിക്ഷേപിക്കണം. 1000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15 ലക്ഷം രൂപവരെ നിക്ഷേപിക്കാം.  8.5 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. താല്‍പ്പര്യമുണ്ടെങ്കില്‍ കാലാവധി എത്തിയശേഷം വീണ്ടും മൂന്നുവര്‍ഷത്തേക്കുകൂടി നിക്ഷേപം പുതുക്കാം. നിക്ഷേപ തുകയ്ക്ക് 80സി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. പലിശവരുമാനം പ്രതിവര്‍ഷം 10,000 രൂപയില്‍ കൂടിയാല്‍ നികുതി നല്‍കണം. വരുമാനസ്രോതസ്സില്‍നിന്നു നികുതി പിടിക്കുകയും ചെയ്യും. റിട്ടയര്‍മെന്റിനുശേഷമുള്ള വരുമാനത്തിനായി മുതിര്‍ന്ന പൌരന്മാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നിക്ഷേപമാര്‍ഗമാണിത്.

4. സുകന്യ സമൃദ്ധി സമ്പാദ്യപദ്ധതി
പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള പദ്ധതിയാണിത്.അവരുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക്് പണം സ്വരുക്കൂട്ടാനുള്ള നിക്ഷേപ പദ്ധതിയാണിത്.  സുരക്ഷിതമാര്‍ഗത്തിലൂടെ കുട്ടികളുടെ ഭാവിക്ക് പണം സ്വരുക്കൂട്ടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നിക്ഷേപത്തിന്റെ ഒരു വിഹിതം ഈ പദ്ധതിയിലും നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപത്തിന് വളരെ കൂടിയ ലോക്ക് ഇന്‍ പീരിഡ് ഉള്ളതുകൊണ്ട് അതിനനുസരിച്ചുള്ള തുകയേ ഇതില്‍ നിക്ഷേപിക്കാവൂ. കൈയിലുള്ള സമ്പാദ്യം മുഴുവന്‍ ഈ സ്കീമില്‍ മാത്രമായി നിക്ഷേപിക്കരുത്. പല മാര്‍ഗങ്ങളില്‍ ഒന്നായി മാത്രം പരിഗണിച്ചാല്‍ വളരെ മികച്ച നിക്ഷേപമാണിത്.

പെണ്‍കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഈ സ്കീമില്‍ ചേരാം. ഒരാള്‍ക്ക് രണ്ട് മക്കളുടെ പേരില്‍ രണ്ട് അക്കൌണ്ട് ചേരാം. ഒരു മകളുടെ പേരില്‍ ഒരു അക്കൌണ്ട് മാത്രമേ പാടുള്ളൂ. 10 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പേരിലേ അക്കൌണ്ട് തുടങ്ങാന്‍ കഴിയുകയുള്ളൂ. കുട്ടിക്ക് 21 വയസ്സ് ആകുമ്പോള്‍ അക്കൌണ്ട് ക്ളോസ് ആകും. കുട്ടിക്ക് 18 വയസ്സില്‍ വിവാഹമായെങ്കില്‍ കാലാവധിക്കുമുമ്പ് ക്ളോസിങ് അനുവദിക്കും. 8.5 ശതമാനം വാര്‍ഷികപലിശ ലഭിക്കും. വാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ മുതലിനോടു ചേര്‍ക്കുക. പ്രതിവര്‍ഷം കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണം. കൂടിയത് 1.5 ലക്ഷം രൂപവരെ നിക്ഷേപിക്കാം. പ്രതിമാസമോ പ്രതിവര്‍ഷമോ 100 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായോ എത്രതവണ വേണമെങ്കിലും നിക്ഷേപിക്കാം. പ്രതിവര്‍ഷം 1000 രൂപ നിക്ഷേപിച്ചില്ലെങ്കില്‍ അക്കൌണ്ട് മരവിപ്പിക്കും. പിന്നെ 50 രൂപ പിഴയോടെ കുടിശ്ശിക തുക അടച്ചാലേ അക്കൌണ്ട് ആക്ടീവാകു. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ നിബന്ധനകള്‍ക്കു വിധേയമായി 50 ശതമാനം തുകവരെ പിന്‍വലിക്കാം. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 80സി പ്രകാരം ഇളവ് ലഭിക്കും. കാലാവധി എത്തുമ്പോള്‍ കിട്ടുന്ന മുതലിനും പലിശയ്ക്കും നികുതി കിഴിവും ലഭിക്കും.


5. പബ്ളിക് പ്രോവിഡന്റ് ഫണ്ട്
അസംഘടിതമേഖലയില്‍ ജോലിചെയ്യുന്നവരുടെ റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതം ശോഭനമാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് 1968ല്‍ ആവിഷ്കരിച്ചതാണ് പബ്ളിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപ സ്കീം. എന്നാല്‍ ഇത് പിന്നീട് ഏതാണ്ട് എല്ലാ വരുമാനവിഭാഗക്കാരുടെയും ഇഷ്ടനിക്ഷേപ മാര്‍ഗമായി വളര്‍ന്നു. ഇതിലെ നിക്ഷേപം പൂര്‍ണമായും അത് നടത്തിയ ആള്‍ക്കുള്ളതാണ്. നിക്ഷേപകന്‍ ഏതെങ്കിലും കേസില്‍ അകപ്പെട്ടാല്‍ കോടതിക്കുപോലും കണ്ടുകെട്ടാനാവാത്തതാണ് പബ്ളിക് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപം. നിക്ഷേപിക്കുന്ന പണം 80സി പ്രകാരം ആദായനികുതി ഇളവിന് അര്‍ഹമാണ്. ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതികിഴിവുമുണ്ട്. സുരക്ഷിതത്വം, ആകര്‍ഷകമായ പലിശ, ആദായനികുതി ഇളവ് എന്നിവയെല്ലാം ഒത്തിണങ്ങിയ നിക്ഷേപമാര്‍ഗമാണിത്. ഇപ്പോള്‍ പബ്ളിക് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് എട്ടു ശതമാനമാണ് വാര്‍ഷിക പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തേക്കുവീതം വീണ്ടും നിക്ഷേപം പുതുക്കാം. ഒരു വര്‍ഷം 1.5 ലക്ഷം രൂപവരെ ഇതില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് ഒരുവര്‍ഷം 500 രൂപയെങ്കിലും നിക്ഷേപിക്കണം. പ്രതിവര്‍ഷം 12 തവണ നിക്ഷേപിക്കാനും അവസരമുണ്ട്. പിപിഎഫ് അക്കൌണ്ട് തുടങ്ങി മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നിബന്ധനകള്‍ക്കു വിധേയമായി വായ്പ  ലഭിക്കും. ഫണ്ടിലുള്ള തുകയുടെ 25 ശതമാനം വായ്പയായി ലഭിക്കും. 36 മാസത്തിനുള്ളില്‍ വായ്പാതുക പലിശസഹിതം തിരിച്ചടയ്ക്കണം. നാലുവര്‍ഷം പൂര്‍ത്തിയായാല്‍ ഫണ്ടിലുള്ള തുകയുടെ 50 ശതമാനം ആവശ്യമെങ്കില്‍ പിന്‍വലിക്കാം. ഇതല്ലാതെ കാലാവധി പൂര്‍ത്തിയാകുംമുമ്പ്  അക്കൌണ്ട് ക്ളോസ് ചെയ്ത് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. നിക്ഷേപകന്‍ മരിച്ചാല്‍ മാത്രമേ കാലാവധിക്കുമുമ്പ് ക്ളോസ് ചെയ്യാന്‍ അനുവദിക്കൂ.

ഒരു നിശ്ചിത തുക ഒരുതവണ മാത്രമായി പ്രതിവര്‍ഷം നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യംതന്നെ ചെയ്യുന്നതാണ് നല്ലത്. വാര്‍ഷിക പലിശ മുഴുവനായും ലഭിക്കാന്‍ ഇത് സഹായിക്കും. പ്രതിമാസ തവണകളായാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത് എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും അകം അടയ്ക്കാന്‍ ശ്രമിക്കുക. അങ്ങനെ ചെയ്താല്‍ ആ മാസത്തെ മുഴുവന്‍ പലിശയ്ക്കും നിക്ഷേപതുക അര്‍ഹമാകും.

6. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ബാങ്ക് സ്ഥിരനിക്ഷേപംപോലുള്ള പദ്ധതിയാണിത്. കേന്ദ്രഗവണ്‍മെന്റിന്റെ ഗ്യാരന്റിയുള്ള നിക്ഷേപപദ്ധതിയായതുകൊണ്ട് മുതലും പലിശയും ഏറ്റവും സുരക്ഷിതമാണ്. ഒരു നിശ്ചിത തുക നിക്ഷേപിച്ച് നിശ്ചിത കാലയളവു കഴിയുമ്പോള്‍ മുതലും പലിശയും തിരികെ ലഭിക്കുന്നതാണ് പദ്ധതി. ഒരുവര്‍ഷം, രണ്ടുവര്‍ഷം, മൂന്നുവര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ കാലാവധിയുള്ള പദ്ധതികളുണ്ട്. ഒരുവര്‍ഷ ടൈം ഡെപ്പോസിറ്റിനും രണ്ടുവര്‍ഷ ടൈം ഡെപ്പോസിറ്റിനും ഏഴുശതമാനവും മൂന്നുവര്‍ഷ  ടൈം ഡെപ്പോസിറ്റിന് 7.3 ശതമാനവും അഞ്ചുവര്‍ഷ ടൈം ഡെപ്പോസിറ്റിന് എട്ടു ശതമാനവുമാണ് പലിശ. മൂന്നുമാസം കൂടുമ്പോള്‍ പലിശ മുതലിനോടു ചേര്‍ക്കും.  ഇതിലെ നിക്ഷേപത്തിന്റെ ഈടില്‍ വായ്പ ലഭിക്കും. കാലാവധിക്കുമുമ്പേ ആവശ്യമെങ്കില്‍ പണം പിന്‍വലിക്കുകയുമാകാം. പക്ഷേ ആറുമാസം പൂര്‍ത്തിയായശേഷമേ പിന്‍വലിക്കല്‍ അനുവദിക്കൂ. 200 രൂപയും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായി എത്ര രൂപവേണമെങ്കിലും ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. അഞ്ചുവര്‍ഷ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റിലെ മുതലിന് 80സി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. പക്ഷേ പലിശ നികുതിവിധേയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top