26 April Friday

നിക്ഷേപത്തിനായി സ്വര്‍ണബോണ്ടുകളും

പി ജി സുജUpdated: Sunday May 1, 2016

സ്വര്‍ണത്തില്‍  നിക്ഷേപിക്കുന്നതിനുപകരം  സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം അടുത്തിടെ ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ചിരുന്നു.  ഫിസിക്കല്‍ സ്വര്‍ണത്തിനു തുല്യമായ മൂല്യവും സുരക്ഷിതത്വവും സ്ഥിരപലിശയും നേടാനുള്ള അവസരമാണിത്. ബോണ്ടായതിനാല്‍ ഈ പദ്ധതി കടലാസ്രൂപത്തില്‍ സൂക്ഷിക്കാന്‍കഴിയും

നമ്മുടെ അനിയന്ത്രിത സ്വര്‍ണ ഇറക്കുമതിക്ക് കടിഞ്ഞാണിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും 5, 6, 7 വര്‍ഷങ്ങളില്‍ ആവശ്യമെങ്കില്‍ പദ്ധതിയില്‍നിന്നു പുറത്തുകടക്കാനുള്ള അവസരവുമുണ്ട്. ഇവ ആവശ്യമെങ്കില്‍ വായ്പയ്ക്കുള്ള ഈടായി നല്‍കുകയുമാകാം. എക്സ്ചേഞ്ചുകളിലാണ് ഇവയുടെ വ്യാപാരം നടക്കുക. ഇവ തിരിച്ചുനല്‍കുന്ന വേളയില്‍ വിപണിയിലെ വില ലഭിക്കും. അതുപോലെ സ്വര്‍ണമായി സൂക്ഷിക്കുമ്പോഴുള്ള റിസ്കുകളില്ല. അവ സൂക്ഷിക്കുന്നതിനുള്ള ചെലവുമില്ല. പരിശുദ്ധി, പണിക്കൂലി, പണിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇത്തരത്തില്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുമ്പോഴില്ല. 

നിക്ഷേപാവശ്യത്തിനായി നാം വാങ്ങിക്കുന്ന സ്വര്‍ണം മിക്കവാറും ആഭരണരൂപത്തിലോ അല്ലെങ്കില്‍ നാണയമായോ, ബാര്‍ രൂപത്തിലോ ആണ്. ഇത് നമ്മുടെ ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്. ഏകദേശം 300 ടണ്ണോളമാണ് നിക്ഷേപാവശ്യത്തിനുവേണ്ടി മാത്രമുള്ള നമ്മുടെ വാര്‍ഷിക സ്വര്‍ണ ഇറക്കുമതി. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ സ്വര്‍ണ ഇറക്കുമതിയിനത്തില്‍ വിദേശനാണയം നഷ്ടപ്പെടുന്നത് തടയാന്‍ സര്‍ക്കാരിനാകും.
പുതിയ പദ്ധതിപ്രകാരം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ആ നിക്ഷേപം ഗോള്‍ഡ് ബോണ്ടുകളിലാക്കിയാല്‍ ഒരു നിശ്ചിത ശതമാനം പലിശ ലഭിക്കുകയും ബോണ്ട് കാലാവധിയെത്തുമ്പോള്‍, സ്വര്‍ണത്തിന്റെ വിപണിവിലതന്നെ ലഭ്യമാവുകയും ചെയ്യും. ഇതിന്റെ പ്രധാന പ്രത്യേകത നിക്ഷേപമെല്ലാം ഡി–മാറ്റ് രൂപത്തിലാകും എന്നതാണ്.

കേന്ദ്രഗവണ്‍മെന്റിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ സ്ഥിരതാമസക്കാര്‍ക്കു മാത്രമെ ഈ പദ്ധതിയില്‍ ചേരാന്‍കഴിയൂ. കൂടാതെ ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവര്‍ഷം വാങ്ങാവുന്ന ബോണ്ടുകളുടെ പരിധി 500 ഗ്രാമായും നിജപ്പെടുത്തിയിരിക്കുന്നു.
ബോണ്ടുകള്‍ക്ക് ഗവണ്‍മെന്റ് 2.75 ശതമാനം പലിശ നല്‍കും. ഈ പലിശ സ്വര്‍ണമായിത്തന്നെയാണ് കണക്കാക്കുന്നത്. ബോണ്ടിന്റെ കാലാവധിയില്‍ സ്വര്‍ണ അളവിന് തുല്യമായ വിപണിവില നിക്ഷേപകന് ലഭ്യമാകും. 

ഈ ബോണ്ടുകള്‍ സ്വര്‍ണത്തെപ്പോലെതന്നെ പണയംവയ്ക്കാവുന്നതാണ്. എന്നാല്‍ ഇത്തരം നിക്ഷേപത്തിലെ ആദായത്തിന് നികുതി ബാധകമാകും.
ഇത്തരം ബോണ്ടുകള്‍ പോസ്റ്റ്ഓഫീസുകളിലൂടെയും അതുപോലെ ഏജന്റ്, ബ്രോക്കര്‍ എന്നിവരിലൂടെയും വാങ്ങാന്‍ സാധിക്കും. നടപ്പുവര്‍ഷത്തില്‍ 50 ടണ്‍ സ്വര്‍ണം, അതായത് 13,500 കോടിയോളം രൂപയുടെ സ്വര്‍ണബോണ്ടുകള്‍ പുറത്തിറക്കാനാണ് ഗവണ്‍മെന്റ് പ്ളാന്‍ചെയ്തിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top