26 April Friday

അറിയാം ബജറ്റിലെ നികുതിസംബന്ധിയായ മാറ്റങ്ങള്‍

ജോണ്‍ ലൂക്കോസ്Updated: Monday Feb 6, 2017

2017-18 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റില്‍ വ്യക്തികള്‍ക്കുള്ള നികുതിവിമുക്ത പരിധി 250,000 രൂപയില്‍നിന്ന് ഉയര്‍ത്തുമെന്ന് വ്യാപക പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പരിധി ഉയര്‍ത്താന്‍ ധനമന്ത്രി തയ്യാറായില്ല. എന്നാല്‍ എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും പ്രയോജനം ലഭിക്കത്തവിധത്തില്‍ ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നിലവിലുള്ള 10 ശതമാനം നികുതിനിരക്ക് അഞ്ചുശതമാനമായി കുറച്ചിട്ടുണ്ട്്. എന്നാല്‍ അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 5000 രൂപ നികുതിറിബേറ്റ് നല്‍കിയിരുന്നത് 2500 രൂപയായി കുറയ്ക്കുകയും റിബേറ്റിന്റെ ആനുകൂല്യം 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഫലത്തില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതിബാധ്യത ഇല്ലാതായി.

അഞ്ചുലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെ 20 ശതമാനവും 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതിനിരക്ക്. അഞ്ചുലക്ഷത്തിലധികം വരുമാനമുള്ളവര്‍ക്ക് 12875 രൂപ നികുതിയിളവ് ലഭിക്കും. 50 ലക്ഷത്തിനും ഒരുകോടിക്കും മധ്യേ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് നികുതിയുടെ മുകളില്‍ 10 ശതമാനം സര്‍ചാര്‍ജ് ഈ ബജറ്റില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഒരുകോടിക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് നിലവിലുള്ള സര്‍ച്ചാര്‍ജ് നിരക്കായ 15 ശതമാനം നിലനിര്‍ത്തുകയും ചെയ്തു.

പണമായി ചെലവിടുന്നതിനു പകരം ബാങ്കുകളിലൂടെത്തന്നെ പരമാവധി ഇടപാടുകള്‍ നടത്തണമെന്ന സര്‍ക്കാര്‍ താല്‍പ്പര്യം നടപ്പാക്കുന്നതിന്റെ ഭാഗമായി ബിസിനസുകരുടെയും പ്രൊഫഷണലുകളുടെയും ചെലവുകള്‍ക്ക് നല്‍കാവുന്ന പണം പരമാവധി 10,000  രൂപയായി പരിമിതപ്പെടുത്തി.  നേരത്തെ ഇത് 20,000 രൂപയായിരുന്നു. അതായത്, ഒരുദിവസം വ്യക്തിക്കോ സ്ഥാപനത്തിനോ ചെലവിനത്തില്‍ 10,000 രൂപയിലധികം പണമായി നല്‍കിയാല്‍ പ്രസ്തുത ഇടപാടുകള്‍ ചെലവായി അനുവദിക്കാതെ ആ തുകയ്ക്കുകൂടി ആദായനികുതി നല്‍കേണ്ടിവരും . ചെലവിനത്തില്‍ മാത്രമല്ല പണമായി  നല്‍കുന്നതിനു പരിധിയുള്ളത്്. വായ്പ വാങ്ങിയാലും 'ഒരുവര്‍ഷം' 20,000 രൂപയിലധികം പണമായി സ്വീകരിക്കാന്‍പാടില്ല. ബാങ്കുകള്‍വഴിതന്നെ വായ്പകള്‍ സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ടികള്‍ക്ക് പണമായി വാങ്ങാവുന്ന തുക പരമാവധി 2000  രൂപയാക്കി ചുരുക്കിയതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്്.
 കച്ചവടക്കാരും പ്രൊഫഷണലുകളും കണക്കുകള്‍ എഴുതുകയും സൂക്ഷിക്കുകയും ചെയ്യുന്നതിനും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റ്ചെയ്യുന്നതിനുമുള്ള വകുപ്പുകളിലും ഭേദഗതി നിര്‍ദേശങ്ങളുണ്ട്്. നിലവില്‍ 1,20,000 രൂപവരെ വരുമാനമോ മൊത്തം 10 ലക്ഷത്തിനുള്ളില്‍ വിറ്റുവരവോ ഉള്ള ബിസിനസുകാര്‍ കണക്കുകള്‍ തയ്യാറാക്കി സൂക്ഷിക്കേണ്ട ബാധ്യത ഇല്ലായിരുന്നു. ഈ പരിധി ഉയയര്‍ത്തിയിട്ടുണ്ട്.പുതിയ നിര്‍ദേശം അനുസരിച്ച് 2,50,000 രൂപയ്ക്കു മുകളില്‍ വരുമാനമോ 25 ലക്ഷം രൂപയിലധികം വിറ്റുവരവോ ഉള്ളവര്‍ക്കു മാത്രമേ കണക്കുകള്‍ തയ്യാറാക്കി സൂക്ഷിക്കേണ്ട ബാധ്യതയുള്ളു.

 അതുപോലെ കണക്കുകള്‍ ഓഡിറ്റ്ചെയ്യാതെ അനുമാനനിരക്കില്‍ വരുമാനം കണക്കാക്കി നികുതി നല്‍കാനുള്ള വിറ്റുവരവ് പരിധി ഒരുകോടി രൂപയില്‍നിന്ന് രണ്ടുകോടി രൂപയാക്കി ഉയര്‍ത്തി. വിറ്റുവരവിന്റെ എട്ടുശതമാനമാണ് അനുമാനനികുതി വിധേയമായ വരുമാനം. എന്നാല്‍ ഡിജിറ്റല്‍രീതിയിലാണ് ഇടപാടെങ്കില്‍ എട്ടുശതമാനത്തിനു പകരം ആറുശതമാനം വരുമാനമായി കണക്കാക്കി നികുതി ഒടുക്കാവുന്നതാണ്. കണക്കുകള്‍ ഓഡിറ്റ്ചെയ്യേണ്ട കാര്യമില്ല.

താമസത്തിനോ വാണിജ്യാവശ്യങ്ങള്‍ക്കോ വാടകയ്ക്കെടുക്കുന്ന കെട്ടിടത്തിന്റെ പ്രതിമാസ വാടക 50,000 രൂപയിലധികമാണെങ്കില്‍ അഞ്ചു ശതമാനം നികുതി സ്രോതസ്സില്‍നിന്നു പിടിക്കേണ്ടതാണ്. എല്ലാ നികുതിദായകര്‍ക്കും  ഈ നിയമം ബാധകമാണ്. ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍തുകയില്‍നിന്ന് അഞ്ചുശതമാനമാണ് ടിഡിഎസ് പിടിക്കേണ്ടത്്. എന്നാല്‍ ഏജന്റുമാര്‍ തങ്ങളുടെ വരുമാനം നികുതിവിമുക്ത വരുമാനപരിധിക്കുള്ളിലാണെന്ന് സ്വയം സാക്ഷ്യപത്രം നല്‍കുകയാണെങ്കില്‍ സ്രോതസ്സില്‍നിന്ന് നികുതി പിടിക്കില്ല.
അമ്പതുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് മുന്‍കൂര്‍നികുതി ഒറ്റത്തവണയായി അടച്ചാല്‍ മതി. 50 കോടി രൂപവരെ വിറ്റുവരവുള്ള ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് നികുതിനിരക്ക് 25 ശതമാനമായി കുറച്ചു.

മൂലധനലാഭ നികുതിയില്‍ സാരമായ മാറ്റം  ഈ ബജറ്റിലുണ്ട്. മൂന്നുവര്‍ഷമെങ്കിലും കൈവശമുണ്ടായിരുന്ന വസ്തുവിനെയാണ് ദീര്‍ഘകാല മൂലധന ആസ്തിയായി കണക്കാക്കിയിരുന്നത്.  മൂലധന ലാഭത്തിന് 20 ശതമാനമാണ് നികുതി. ദീര്‍ഘകാല മൂലധന ആസ്തികളല്ലാത്ത ഹ്രസ്വകാല മൂലധന ആസ്തി വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭത്തിന് സാധാരണനിരക്കില്‍ നികുതി നല്‍കേണ്ടിവരും. പുതിയ നിര്‍ദേശപ്രകാരം രണ്ടുവര്‍ഷം കൈവശം വച്ചിട്ടുള്ള ആസ്തിയാണെങ്കില്‍ ദീര്‍ഘകാല മൂലധന ആസ്തിയായി കണക്കാക്കി, വില്‍ക്കുമ്പോള്‍ മൂലധനലാഭത്തിന് 20 ശതമാനം നികുതി നല്‍കണം. ലാഭം കണക്കാക്കുമ്പോള്‍ കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ് പരിഗണിക്കേണ്ടതുണ്ട്. ഇതനുസരിച്ചുള്ള അടിസ്ഥാനവര്‍ഷം 1981 എന്നുള്ളത് 2001 ആയി പരിഷ് കരിച്ചിട്ടുണ്ട്്. 2001നുമുമ്പ് വാങ്ങിയ വസ്തുവാണെങ്കില്‍ 2001ലെ ന്യായവിലയാകും ഇന്‍ഡക്സ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.

കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പരമാവധി പരിധി മൂന്നുലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്്. പരിധി ലംഘിച്ചാല്‍ തുല്യതുക പിഴയായി നല്‍കേണ്ടിവരും.കൂടുതല്‍ വിവരങ്ങള്‍ക്ക്:94470 58700
ലേഖകന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top