04 December Sunday

മ്യൂച്വൽ ഫണ്ടിൽ കൈ പൊള്ളല്ലേ

ജീവൻ കുമാർ കെ സിUpdated: Monday Jun 17, 2019


സാധാരണക്കാർക്കിടയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് മ്യൂച്വൽ ഫണ്ട് എന്ന നിക്ഷേപമാർഗം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ  ഇന്ത്യ അഥവാ ആംഫി ഔദ്യോഗികമായി പുറപ്പെടുവിച്ച കണക്കുപ്രകാരം 2019 ഏപ്രിൽ  അവസാനിക്കുമ്പോൾ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ കൈകാര്യം ചെയ്യപ്പെടുന്ന മൊത്തം ആസ്തികളുടെ മൂല്യം 24.78 കോടി രൂപയാണ്. ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപരീതിയായ സിസ്റ്റമാറ്റിക് ഇൻവെസ‌്റ്റ‌്മെന്റ‌് പ്ലാൻ അഥവാ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 2.26 കോടിയായി ഉയർന്നതും  സാധാരണക്കാർക്കിടയിൽ  മ്യൂച്വൽ ഫണ്ടുകൾക്കുള്ള സ്വീകാര്യത വ്യക്തമാക്കുന്നു.

എത്ര കിട്ടി, എത്ര പോയി?

ഈ കണക്കുകൾകൊണ്ടുമാത്രം മ്യൂച്വൽ ഫണ്ടുകളെ കണ്ണടച്ച് സ്വീകരിക്കുന്നത് ബുദ്ധിയല്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ ലഭ്യമായിരുന്ന സ‌്കീമുകളുടെ മൊത്തം പ്രകടനം പരിശോധിക്കേണ്ടതുണ്ട്.  അതിനായി ഏറ്റവും കൂടുതൽ റിട്ടേൺ നൽകിയ 10 സ‌്കീമുകളുടെയും ഏറ്റവും മോശമായ  റിട്ടേൺ നൽകിയ 10 സ‌്കീമുകളുടെയും പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതൽ വ്യക്തതയ്ക്കായി 10 വർഷംമുമ്പ് ഒരു വ്യക്തി ഒരു ലക്ഷം രൂപയായിരുന്നു ഈ സ‌്കീമുകളിൽ നിക്ഷേപിച്ചിരുന്നതെങ്കിൽ ആ തുക എത്രമാത്രം വളർന്നുവെന്നതും റിട്ടേൺ ഉൾപ്പെടെ പട്ടികയിൽ നൽകിയിട്ടുണ്ട്.
 ഈ സ‌്കീമുകൾക്കിടയിൽ താരതമ്യേന ഉയർന്നതോ മോശമല്ലാത്തതോ ആയ റിട്ടേൺ നൽകിയ നൂറുകണക്കിന് സ‌്കീമുകൾ ഉണ്ടെന്ന കാര്യവും ഓർക്കണം.  അതേസമയം, മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിൽ വേണ്ടത്ര അറിവില്ലാത്തവർ സ‌്കീമുകൾ തെരഞ്ഞെടുക്കുന്നതിന് മുമ്പായി വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്.

1.   ഇക്വിറ്റി ഫണ്ടുകളെ  സൂക്ഷിക്കുക
 ചെറുകിട നിക്ഷേപകർക്കിടയിൽ കൂടുതലായി പ്രചാരത്തിലിരിക്കുന്ന മ്യൂച്വൽ ഫണ്ട് വിഭാഗമാണ് യൂണിറ്റ് ഉടമയിൽനിന്നും സ്വീകരിക്കുന്ന പണം ഓഹരി വിപണിയിൽ നിക്ഷേപിച്ച് അവയിൽനിന്ന‌് ലഭിക്കുന്ന നേട്ടം നിക്ഷേപകർക്ക് തിരികെനൽകുന്ന ഇക്വിറ്റി ഫണ്ടുകൾ അഥവാ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ. ഓഹരി വിപണിക്കുള്ള റിസ‌്ക‌് അഥവാ നഷ്ടസാധ്യത ഇത്തരം ഫണ്ടുകൾക്കുമുണ്ട്. അതുകൊണ്ട്  നിക്ഷേപകന് എടുക്കാവുന്ന പരമാവധി റിസ‌്ക‌് എത്രയെന്നതിനെക്കുറിച്ച് ശരിയായ ധാരണയുണ്ടായിരിക്കണം.

2.   നിക്ഷേപം എന്തിന്?
കുട്ടികളുടെ തുടർവിദ്യാഭ്യാസം, വിവാഹം, സ്വന്തം വാഹനം, വീട്, റിട്ടയർമെന്റ്  എന്നിങ്ങനെ വ്യക്തികളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പലതായിരിക്കാം. എന്തായാലും അതിനെക്കുറിച്ച്   വ്യക്തമായ ധാരണ വേണം.  മികച്ച മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാലത്തേക്ക് തുടർച്ചയായി  നിക്ഷേപിച്ച് ലക്ഷ്യം കൈവരിക്കുക എന്നതാണ് ഏറ്റവും നല്ലത്.

3.   ആസ്തി വിറ്റ് നിക്ഷേപം വേണ്ട
ഉടനെ തിരിച്ചെടുക്കേണ്ടി വരുമെന്ന് ഉറപ്പുള്ള തുക ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും മറ്റും നിക്ഷേപിക്കരുത്. ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ വിപണിയിൽ പ്രവേശിക്കരുത്.  വരുമാനത്തിൽനിന്ന് മിച്ചം വരുന്ന തുക മാത്രം നിക്ഷേപിക്കുക.  

4.   മ്യൂച്വൽ ഫണ്ടിലും നികുതി
മ്യൂച്വൽ ഫണ്ടിൽനിന്നുള്ള ലാഭത്തിന് ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ നികുതി അടയ്ക്കേണ്ടതാണ്. അതേസമയം, ദീർഘകാലത്തേക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ ലഭ്യമാകാനിടയുള്ള റിട്ടേണുമായി താരതമ്യം ചെയ്യുമ്പോൾ നികുതിത്തുക  ഒരു ബാധ്യതയായി കണക്കാക്കേണ്ടതില്ല.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി ഡിവിഷൻ മേധാവിയാണ് ലേഖകൻ .  jeevan@geojit.com)

യുവാക്കളും വൃദ്ധന്മാരും ശ്രദ്ധിക്കു​ക

റിട്ടയർമെന്റ് പ്രായത്തിലെത്തിനിൽക്കുന്ന ബാധ്യതകളേറെയുള്ള കുടുംബനാഥനുള്ളതിനേക്കാൾ റിസ‌്ക‌് എടുക്കാനുള്ള കഴിവ്   25 വയസ്സും ജോലിയിൽ ഉയർന്ന ശമ്പളവുമുള്ള യുവാവായ ഒരു നിക്ഷേപകനുണ്ടാകും.  അതിനാൽ റിസ‌്ക‌് കൂടുതലുള്ള ഇക്വിറ്റി ഫണ്ടുകളിൽ യുവാവായ നിക്ഷേപകന് കുടുംബനാഥനേക്കാൾ കൂടുതൽ തുക നിക്ഷേപിക്കാവുന്നതാണ്.

നല്ല നിക്ഷേപകൻ ചെയ്യേണ്ടത്

ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം, വിപണിയിലെ ഉയർച്ചകളിലും താഴ്ചകളിലും ഫണ്ട് കൈകാര്യം ചെയ്യപ്പെട്ട രീതി, ബന്ധപ്പെട്ട റിസ‌്ക‌് ഫണ്ട് മാനേജരുടെ കഴിവ് മുതലായ കാര്യങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കി ദീർഘകാലത്തേക്ക് നിക്ഷേപം നടത്തി നേട്ടം കൊയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top