04 December Sunday

അഗ്രസീവോ ... മോഡറേറ്റോ...; മ്യൂച്ചൽ ഫണ്ടിൽ നിങ്ങൾ ഏതുതരം നിക്ഷേപകനാണ്‌

ജീവൻ കുമാർ കെ സിUpdated: Monday Dec 2, 2019

കൊച്ചി> ഇന്ത്യന്‍ മ്യൂച്വൽ ഫണ്ട് വിപണി അതിവേ​ഗം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ വളർച്ച എടുത്തു പറയേണ്ടതാണ്. 2014 അവസാനിക്കുമ്പോൾ 10 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ കൈകാര്യം ചെയ്യപ്പെട്ടിരുന്ന ആസ്തിയുടെ മൂല്യം. അഞ്ചു വർഷങ്ങൾക്കിപ്പുറം 2019 സെപ്തംബർ മാസത്തെ കണക്കനുസരിച്ച് മൂല്യം 24.5 ലക്ഷം കോടി രൂപയായി വളർന്നിരിക്കുന്നു. സാധാരണ നിക്ഷേപകർക്കിടയിൽ പ്രചാരമേറി വരുന്ന, തുടർച്ചയായി ചെറിയ തുകകളായി നിക്ഷേപിക്കാവുന്ന എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്‌ പ്ലാനുകളുടെ എണ്ണം 2.84 കോടിയിൽ എത്തിയിരിക്കുന്നു.

ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളുടെ നികുതിഘടനയിൽ ഇളവോടുകൂടിയ മാറ്റങ്ങൾ വരുമെന്നുള്ള വാർത്തകളെത്തുടർന്ന് ഓഹരി വിപണി അടുത്തകാലത്തായി നേട്ടങ്ങളുടെ പാതയിലാണ്. ബോംബെ ഓഹരി സൂചിക 40,000ന് മുകളിലാണ് ഏതാനും നാളുകളായി വ്യാപാരം  അവസാനിക്കുന്നത്. സ്വാഭാവികമായും റീട്ടെയിൽ നിക്ഷേപകർ തുടർന്നും മ്യൂച്വൽ ഫണ്ട് വിപണിയിലേക്ക് ആകർഷിക്കപ്പെടും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അറിയണം റിസ്‌കെടുക്കാനുള്ള ശേഷി
വിപണിയിലെ ചാഞ്ചാട്ടം മുന്നിൽക്കണ്ടുകൊണ്ട്, ആകെ തുകയുടെ ഒരു നിശ്ചിത ശതമാനംവരെ, തങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവിന് അനുസരിച്ച് ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ് നിക്ഷേപത്തിന് സ്വീകരിക്കേണ്ട രീതി.  ബാക്കിവരുന്ന തുക പരമ്പരാ​ഗതമായി നടത്തിവരുന്ന നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കുക. പ്രായം, വരുമാനം കുടുംബപരമായ ബാദ്ധ്യതകൾ, എത്രകാലത്തേക്ക് നിക്ഷേപം നടത്താം എന്നീ കാര്യങ്ങൾ കണക്കിലെടുത്തായിരിക്കണം നിക്ഷേപകർ തങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷി എത്രയാണെന്ന് തിരിച്ചറിയേണ്ടത്.

നിക്ഷേപകർ മൂന്നുതരം
റിസ്‌കെടുക്കാനുള്ള ശേഷി അടിസ്ഥാനപ്പെടുത്തി നിക്ഷേപകരെ പ്രധാനമായും മൂന്നായി തിരിക്കാം.

അ​ഗ്രസ്സിവ് നിക്ഷേപകർ
(കൂടുതൽ റിസ്ക് എടുക്കാൻ തയ്യാറുള്ളവർ):

ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ​ഗൗനിക്കാതെ നിക്ഷേപം നടത്താൻ തയ്യാറാകുന്ന അ​ഗ്രസ്സിവ് നിക്ഷേപകർ ദീർഘകാലത്തേക്ക് മികച്ച നേട്ടം പ്രതീക്ഷിക്കുന്നവരാണ്. സാമ്പത്തിക ബാധ്യതകൾ ഇല്ലാത്ത, മികച്ച വരുമാനമുള്ള യുവാവായ ഒരു നിക്ഷേപകനെ അ​ഗ്രസ്സീവ് വിഭാ​ഗത്തിൽപ്പെടുത്താം.

2 കൺസർവേറ്റീവ് നിക്ഷേപകർ
(മൂലധനത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്നവർ):

റിസ്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവരും ബാങ്ക് നിക്ഷേപത്തേക്കാൾ ചെറിയ അളവിൽ കൂടുതൽ റിട്ടേൺ ലഭ്യമായാൽ തന്നെ സംതൃപ്തരാകുകയും ചെയ്യുന്നവരാണ് ഈ വിഭാ​ഗത്തിൽ വരുന്ന നിക്ഷേപകർ. ബാധ്യതകൾ ഏറെയുള്ളവരും റിട്ടയർമെന്റ്‌ പ്രായത്തിലെത്തി നിൽക്കുന്നവരുമെല്ലാം  പൊതുവിൽ  കൺസർവേറ്റീവ് നിക്ഷേപകരായിരിക്കും.

3 മോഡറേറ്റ് നിക്ഷേപകർ
(ഇടത്തരം റിസ്ക് എടുക്കാൻ തയ്യാറാകുന്നവർ):
അ​ഗ്രസ്സീവ്, കൺസർവേറ്റീവ് എന്നീ വിഭാ​ഗങ്ങൾക്കിടയിൽ വരുന്ന ഇക്കൂട്ടർ ഇടത്തരം റിസ്കിൽ താരതമ്യേന ഉയർന്ന റിട്ടേൺ പ്രതീക്ഷിച്ച് നിക്ഷേപം നടത്തുന്നവരാണ്. ശരാശരിക്ക് മുകളിൽ വരുമാനമുള്ള 40നും 45നും മധ്യേ പ്രായമുള്ള ഒരു നിക്ഷേപകൻ മോഡറേറ്റ് വിഭാ​ഗത്തിൽ വരുന്നു എന്ന്‌ പറയാം.സ്വന്തം വിഭാ​ഗം തിരിച്ചറിയുക
മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിന് മുന്നോടിയായി ഏതൊരു വ്യക്തിയും താൻ മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഏതു വിഭാ​ഗത്തിൽപ്പെടുന്നു എന്ന് തിരിച്ചറിയേണ്ടതാണ്. അതിന് ശേഷം ആ വിഭാ​ഗത്തിന് അനുയോജ്യമായ ഒരു നിക്ഷേപ രീതി, അതായത് വിവിധ തരം സ്കീമുകൾ ഉൾപ്പെട്ട ഒരു മാതൃകാ മിശ്രണം (മോഡൽ പോർട്‌ഫോളിയോ) വളർത്തിയെടുക്കണം. പോർട്‌ഫോളിയോയിൽ ഉൾപ്പെടുന്ന വിവിധതരം സ്കീമുകളുടെ സാന്നിധ്യം ശരിയായ തരത്തിൽ വൈവിധ്യവൽക്കരണം (ഡൈവേഴ്സിഫിക്കേഷൻ) സാധ്യമാക്കുകയും അതുവഴി നിക്ഷേപത്തിന്റെ ആകെ വരുന്ന റിസ്കിനെ ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും.
 
വിവിധ സ്കീമുകളുടെ സ്വഭാവം
പട്ടികയിൽ കൊടുത്തിരിക്കുന്ന വിവിധ സ്കീമുകളുടെ അടിസ്ഥാന സ്വഭാവ വിശേഷം താഴെ പറയുന്നു.
ലാർജ് ക്യാപ് ഫണ്ട്: ചുരുങ്ങിയത് 80% നിക്ഷേപവും ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികളിലേക്കായി നീക്കിവയ്ക്കുന്ന സ്കീമുകൾ.
 ലാർജ് ആൻഡ്‌ മിഡ് ക്യാപ് ഫണ്ട്: ചുരുങ്ങിയത് 35% വീതം ലാർജ് ക്യാപ് കമ്പനികളുടെ ഓഹരികളിലും മിഡ്  ക്യാപ് കമ്പനികളുടെ ഓഹരികളിലും നിക്ഷേപം നടത്തുന്ന സ്കീമുകൾ.

സ്‌മോൾ  ക്യാപ് ഫണ്ട് : ചുരുങ്ങിയത് 65% നിക്ഷേപവും സ്‌മോൾ ക്യാപ് കമ്പനികളുടെ ഓഹരികൾക്കായി നീക്കിവെക്കുന്ന സ്കീമുകൾ.
 മൾട്ടി ക്യാപ് ഫണ്ട്: ഏറ്റവും കുറഞ്ഞത് 65 ശതമാനമെങ്കിലും ഓഹരി നിക്ഷേപമായിരിക്കുകയും അവ ഏതുതരം ക്യാപ്പിൽ ഉൾപ്പെട്ട ഫണ്ട് ആയിരിക്കണമെന്ന് ഫണ്ട് മാനേജർമാർ തീരുമാനിക്കുകയും ചെയ്യുന്ന സ്കീമുകൾ.

കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്: 10% മുതൽ 25 % വരെ ഓഹരികളിലും 75% മുതൽ 90 % വരെ ഡെറ്റ് സ്കീമുകളിലുമായി നിക്ഷേപം നടത്താവുന്ന ഹൈബ്രിഡ് സ്കീമുകൾ.

പട്ടികയിൽ പരാമർശിക്കപ്പെട്ടതും ഡെറ്റ് വിഭാ​ഗത്തിൽപ്പെടുന്നവയുമായ മറ്റെല്ലാ ഫണ്ടുകളും വിവിധ കാലാവധിയോടുകൂടിയ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നവയും താരതമ്യേന റിസ്ക് കുറഞ്ഞതുമായ സ്കീമുകളാണ്.

ദീർഘകാലത്തേക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു നിക്ഷേപമാർ​ഗം തന്നെയാണ് മ്യൂച്വൽ ഫണ്ടുകൾ. അതേസമയം പരമാവധി എടുക്കാവുന്ന റിസ്കിന്റെ തോത് മനസ്സിലാക്കിയും കൃത്യമായ ഒരു നിക്ഷേപ ലക്ഷ്യത്തെ മുൻനിർത്തി അനുയോജ്യമായ സ്കീമുകൾ തെരഞ്ഞെടുക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

വേണം മാതൃകാ പോർട്‌ഫോളിയോ

റിസ്ക് കൂടിയതും അതേസമയം കൂടുതൽ റിട്ടേൺ പ്രതീക്ഷിക്കപ്പെടുന്നതുമായ ഇക്വിറ്റി
സ്കീമുകളുടെയും റിസ്കും റിട്ടേണും താരതമ്യേന കുറവായ ഡെറ്റ് സ്കീമുകളുടെയും നിക്ഷേപ അനുപാതം അടിസ്ഥാനപ്പെടുത്തി ഒരു മോഡൽ പോർട്‌ഫോളിയോ വികസിപ്പിച്ചെടുക്കാവുന്നതാണ്. പട്ടിക നോക്കുക.


(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ്‌ അഡ്വൈസറി സർവീസസ് ഡിവിഷൻ മേധാവിയാണ് ലേഖകൻ. jeevan@geojit.com)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top