26 April Friday

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കെ അരവിന്ദ്Updated: Sunday Apr 22, 2018

 വിപണി ഉയരുന്ന വേളയിലെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നിക്ഷേപകരുടെ വഴിതെറ്റിക്കാറുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപം പൊതുവെ അത്തരം പാളിച്ചകളെ ഒഴിവാക്കാൻ സഹായകമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിക്ഷേപലക്ഷ്യങ്ങൾ ശരിയായി നിറവേറ്റുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുന്ന രീതിയായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി 6222 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളുടെ ഓഹരിയധിഷ‌്ഠിത പദ്ധതികളിൽ നിക്ഷേപിക്കപ്പെടുന്നത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചുവരുന്നതാണ് ഈ വർധനയ‌്ക്കുപിന്നിൽ. എസ്ഐപി വഴിയായാലും ഒന്നിച്ചുള്ള നിക്ഷേപമായാലും ചില കാര്യങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റുകൾ ഒഴിവാക്കാൻ അത് നിക്ഷേപകരെ സഹായിക്കും. ലാഭവീതത്തിനായിമാത്രം ബാലൻസ്ഡ് ഫണ്ടുകളിൽ നിക്ഷേപിക്കരുത് ഓഹരിവിപണി വളരെ ഉയർന്ന നിലയിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ കടപ്പത്രങ്ങളിലും ഓഹരികളിലുമായി നിക്ഷേപം ബാലൻസ്ചെയ്യുന്ന ബാലൻസ്ഡ് ഫണ്ടുകളിൽ നിക്ഷേപിക്കുകയെന്നത് അനുയോജ്യമാണ്. എന്നാൽ, ലാഭവീതത്തിനുവേണ്ടിമാത്രമായി ബാലൻസ്ഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതം. വാർഷിക ഡിവിഡന്റ് നൽകാറുള്ള ബാലൻസ്ഡ് ഫണ്ടുകളിലെ ലാഭവീതപ്ലാനുകൾ ത്രൈമാസാടിസ്ഥാനത്തിലും പ്രതിമാസാടിസ്ഥാനത്തിലുംവരെ ലാഭവീതം നൽകുന്നരീതിയാണ് കണ്ടുവരുന്നത്. എന്നാൽ, ഇത് എക്കാലവും തുടരുമെന്നു കരുതാനാകില്ല. ബാലൻസ്ഡ് ഫണ്ടുകൾ അവ ആർജിച്ച ലാഭത്തിൽനിന്നുമാണ് ലാഭവീതം നൽകുന്നത്. എന്നാൽ, ഇതു തുടരുമെന്ന് ഉറപ്പില്ല.

 
മധ്യനിരഓഹരി ഫണ്ടുകളിൽ അമിതനിക്ഷേപം അരുത് 

മധ്യനിരഓഹരി ഫണ്ടുകളിൽ അമിതമായി നിക്ഷേപിക്കുന്നത് ഒഴിവാക്കുക. സമീപകാലത്ത് ഇത്തരം ഫണ്ടുകൾ വൻകിടഓഹരിഫണ്ടുകളേക്കാൾ മികച്ച നേട്ടമാണ് നൽകിവരുന്നത്. ഇതുകണ്ട് മധ്യനിരഓഹരി ഫണ്ടുകളിലെ നിക്ഷേപാനുപാതം വർധിപ്പിക്കുന്നത് റിസ്കാണ്. വൻകിട ഓഹരികളിൽ കാണുന്നതിനേക്കാൾ ശക്തമായ വ്യതിയാനങ്ങളാണ് മധ്യനിര ‐ ചെറുകിട ഓഹരികളിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ട‌് അവയ‌്ക്ക് ലാഭ, നഷ്ട സാധ്യതയും കൂടുതലാകും. വിപണി ഒരു തിരുത്തലിന് വിധേയമാകുകയാണെങ്കിൽ മധ്യനിരഓഹരി ഫണ്ടുകളിൽ ലാർജ്കാപ്, ഡൈവേഴ്സിഫൈഡ് ഫണ്ടുകളേക്കാൾ വലിയ ഇടിവ് ദൃശ്യമാകും.  

  ഇഎൽഎസ്എസുകളിലും എസ്ഐപിയാകാം:
 ഓഹരിയധിഷ്ഠിത നിക്ഷേപത്തിലൂടെ നികുതി ലാഭിക്കാൻ ഏറ്റവും അനുയോജ്യമായ നിക്ഷേപപദ്ധതിയാണ് മ്യൂച്വൽ ഫണ്ടുകളുടെ ഓഹരിയധിഷഠിത സമ്പാദ്യപദ്ധതികൾ (ഇഎൽഎസ്എസ്). ഓഹരി അനുബന്ധ നിക്ഷേപത്തിലൂടെ മികച്ച നേട്ടം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇവയുടെ ആകർഷണീയത. ഉയർന്ന റിസ്ക്കുള്ള നിക്ഷേപപദ്ധതികൂടിയാണ് ഇത്. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്ന രീതി ഇഎൽഎസ്എസുകളിൽനിന്ന് ലഭിക്കുന്ന നേട്ടത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ്.

 താഴ്ന്നനിലയിൽ നിക്ഷേപം നടത്തുകയാണ് നേട്ടം വർധിപ്പിക്കാനുള്ള മാർഗം. ഉയർന്ന നിലയിൽ നിക്ഷേപിച്ചാൽ നേട്ടം കുറയുകയോ നഷ്ടം സംഭവിക്കുകയോ ചെയ്യാം. എന്നാൽ, ഉയർന്ന നിലയേതെന്നും താഴ്ന്നനിലയേതെന്നും നോക്കി നിക്ഷേപം നടത്തുക ഏറെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ട‌് എല്ലാ മാസവും നിക്ഷേപം നടത്തുന്നതാണ് ഓഹരിവിപണിയുടെ ഉയർച്ച﹣താഴ്ചകൾ കണക്കാക്കാതെ നിക്ഷേപം ആസൂത്രണം ചെയ്യാനുള്ള മാർഗം. ഇത്തരത്തിൽ പ്രതിമാസനിക്ഷേപം നടത്തുന്നതിനാണ് മ്യൂച്വൽ ഫണ്ടുകൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇഎൽഎസ്എസുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ് എസ്ഐപി. പക്ഷേ, ഇവരിലേറെയും നിക്ഷേപം ആസൂത്രണം ചെയ്യുമ്പോഴിത് ശ്രദ്ധിക്കുന്നില്ല. സാമ്പത്തികവർഷത്തിന്റെ അവസാന മാസങ്ങളിലാണ് മിക്കവരും ഇഎൽഎസ്എസുകളിൽ നിക്ഷേപിക്കുന്നത്. ഇത് ഒഴിവാക്കി എല്ലാ മാസവും നിക്ഷേപിക്കുന്ന രീതി അനുവർത്തിക്കുകയാണെങ്കിൽ വിപണിയിലെ കയറ്റിറക്കങ്ങളെ ഒരുപോലെ പ്രയോജനപ്പെടുത്താനാകും.

 എസ്ഐപി വിറ്റ് ലാഭമെടുക്കരുത്‌:

 ഓഹരിവിപണി ഇടിയുമ്പോൾ എസ്ഐപി നിക്ഷേപം അവസാനിപ്പിക്കുന്നത്‌ ദീർഘകാലലക്ഷ്യങ്ങളിൽ വിള്ളൽ വീഴ്ത്തും. 10 വർഷത്തേക്ക് നിക്ഷേപം നടത്തിയ ഒരാൾ മൂന്നുവർഷം കഴിയുമ്പോൾ ലാഭമെടുത്ത് പിന്മാറുന്നത് 10 വർഷത്തിനുശേഷം കൈവരിക്കേണ്ട നിക്ഷേപലക്ഷ്യങ്ങൾക്ക് പ്രതിബന്ധമാകാം. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവരിൽ ഒരുവിഭാഗം പേർ നേരിട്ടുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കുന്നത്. വിതരണക്കാർക്കുള്ള കമീഷൻ ഒഴിവാക്കി നേരിട്ട് നിക്ഷേപം നടത്തുന്ന ഈ രീതി ചെലവ് കുറയ‌്ക്കും. എന്നാൽ, സ്വന്തംനിലയിൽ ഫണ്ടുകൾ തെരഞ്ഞെടുക്കാൻ വൈദഗ്ധ്യമുള്ളവർക്കുമാത്രമേ ഇത് ഗുണംചെയ്യൂ. മ്യൂച്വൽ ഫണ്ട് പോലുള്ള അൽപ്പം സങ്കീർണസ്വഭാവമുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സാധാരണ നിക്ഷേപകർ വിദഗ്ധ ഉപദേശം തേടുന്നതാണ് ഉചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top