27 April Saturday

ടൂറിസംമേഖലയിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

കൊച്ചി>പ്രളയത്തെത്തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായികളെ രക്ഷിക്കാൻ ഇവരെടുത്ത വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ടൂറിസം ഉപദേശകസമിതി വിദഗ‌്ധാംഗം  എബ്രഹാം ജോർജ‌്  ആവശ്യപ്പെട്ടു. പലിശയിളവ് ഉൾപ്പെടെയുള്ള നടപടികളും ആലോചിക്കണം. തകർന്ന റിസോർട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം പദ്ധതികളും  യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുന്നതിന് വായ്പ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രണ്ടുവർഷത്തേക്ക് കേരളത്തെ എൽടിസി ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുക, പുതിയ വിപണികൾ കണ്ടെത്തി അവിടങ്ങളിൽനിന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ആരംഭിക്കുക, വിനോദസഞ്ചാരമേഖലകളിൽ തകർന്ന റോഡുകൾ എത്രയുംവേഗം പുനർനിർമിക്കുക, കൊച്ചിയെ ഹോം പോർട്ട് ആയി പ്രഖ്യാപിച്ച് ക്രൂയിസ് ഹബ്ബായി വികസിപ്പിക്കുക,  മൂന്നാറിലേക്ക് ഇലക്ട്രിക് വാഹനങ്ങൾമാത്രം കടത്തിവിടാനുള്ള സംവിധാനം ഉണ്ടാക്കുക,  മിതമായ നിരക്കിൽ ദക്ഷിണേന്ത്യയെ ബന്ധപ്പെടുത്തി സ്‌പെഷ്യൽ ടൂറിസം ട്രെയിൻ യാഥാർഥ്യമാക്കുക,  നിലവിലെ ഓൺലൈൻ വിസചട്ടങ്ങൾ ലഘൂകരിക്കുക,  ആഭ്യന്തര യാത്രക്കാർക്ക് ഇൻസെന്റീവ് നൽകുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം ടൂറിസം പാർലമെന്ററി സമിതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജൈവകൃഷി വ്യാപകമാക്കിയാൽ ടൂറിസം മേഖലയിൽ സുസ്ഥിരവികസനം സാധ്യമാകുമെന്നും ഇതിനായി വിപുലമായ വിപണിസൗകര്യം സർക്കാർ മുൻകൈയെടുത്ത് സാധ്യമാക്കി ഓൺലൈൻ പ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്ന‌ും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായത്തിലെന്നപോലെ കൃഷിയിലും പൊതു സ്വകാര്യ പങ്കാളിത്തം ഉണ്ടാകണം.  വിനോദസഞ്ചാരമേഖലയുടെ ഭാഗമായിത്തന്നെ ജൈവകൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും എബ്രഹാം ജോർജ‌് ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top