29 March Friday

മൊറട്ടോറിയം താൽക്കാലികാശ്വാസം; ഇടപാടുകാർക്ക്‌ വരുന്നത്‌ വൻ സാമ്പത്തിക ബാധ്യത

സന്തോഷ്‌ ബാബുUpdated: Thursday Jun 4, 2020

കൊച്ചി> കോവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് റിസർവ് ബാങ്ക് നിർദേശിച്ച  മൊറട്ടോറിയം ഇടപാടുകാർക്ക് ഉണ്ടാക്കുന്നത് വൻ സാമ്പത്തികബാധ്യത. പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ) തിരിച്ചടവിന് സാവകാശം ലഭിക്കുമെന്നല്ലാതെ, ഇക്കാലത്തെ പലിശ ഒഴിവാകുന്നില്ല എന്നതാണ് കാരണം. മൊറട്ടോറിയം ലഭിക്കുന്ന ഓരോ മാസത്തെയും പലിശകൂടി തൊട്ടടുത്ത മാസംതന്നെ മുതലിനോട് ചേർക്കുകയും അതുകൂടി ചേർത്ത് അടുത്തമാസം പലിശ കണക്കാക്കുകയും ചെയ്യും. വായ്പയെടുത്തവര്‍ക്ക് അധിക ബാധ്യതയാണ് ഇതിലൂടെ വരുന്നത്. റിസർവ് ബാങ്ക് ഒന്നാംഘട്ടത്തിൽ 2020 മാർച്ച് ഒന്നുമുതൽ മൂന്നുമാസത്തേക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം നൽകാനാണ് ബാങ്കുകളോട് നിർദേശിച്ചത്. രണ്ടാംഘട്ടത്തിൽ അത് വീണ്ടും മൂന്നുമാസത്തേക്കുകൂടി ദീർഘിപ്പിച്ച് ആഗസ്‌ത്‌ 31 വരെയാക്കി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ കണക്കനുസരിച്ച് 30 ലക്ഷം രൂപ ഭവനവായ്പയെടുത്ത, 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുള്ള ഒരാൾ മൂന്നുമാസത്തെ മൊറട്ടോറിയം സ്വീകരിച്ചാൽ 2.34 ലക്ഷം രൂപ അധികമായി അടയ്ക്കേണ്ടിവരും.  ഏതാണ്ട് എട്ട് ഇഎംഐക്കുതുല്യമായ തുകയാണിത്‌. ആറുമാസത്തെ മൊറട്ടോറിയം സ്വീകരിച്ചാൽ അധികമായി അടയ്ക്കേണ്ടിവരുന്നത് 4.54 ലക്ഷം രൂപയാണ്; ഏതാണ്ട് 16 ഇഎംഐക്കുതുല്യമായ തുക. ഇത്തരത്തില്‍ വായ്പത്തുകയും ശേഷിക്കുന്ന കാലാവധിയും ഇഎംഐയും പലിശനിരക്കും വര്‍ധിക്കുന്നതിന് അനുസരിച്ച് അധികബാധ്യതയും വര്‍ധിക്കും. ഫലത്തിൽ റിസർവ് ബാങ്കിന്റെ മൊറട്ടോറിയംകൊണ്ട് വായ്പയെടുത്തവർക്കുള്ള നേട്ടം മാർച്ച് ഒന്നുമുതൽ ആഗസ്‌ത്‌ 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയാൽ പിഴ ഈടാക്കുകയില്ല എന്നതുമാത്രമാണ്.

ഗ്രാമീണ ബാങ്കുകൾ, ചെറുകിട ബാങ്കുകൾ അടക്കമുള്ള എല്ലാ വാണിജ്യ ബാങ്കുകളും ഹൗസിങ് സൊസൈറ്റികള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനസ്ഥാപനങ്ങള്‍ എന്നിവയും മൊറട്ടോറിയം ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിർദേശമുണ്ട്. പ്രവാസികളുടെ വായ്പയ്ക്കും മൊറട്ടോറിയം ലഭിക്കും.

വിവിധ ബാങ്കുകള്‍ പലതരത്തിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്. ചില ബാങ്കുകളിൽ ഉപയോക്താക്കൾ മൊറട്ടോറിയം ആവശ്യപ്പെടണം.  ചില ബാങ്കുകൾ ആവശ്യമില്ലാത്തവർ അറിയിക്കണമെന്നും പറയുന്നു. എസ്ബിഐയില്‍മാത്രം 85 ലക്ഷത്തോളംപേരാണ് ഒന്നാംഘട്ട മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. ഒന്നാംഘട്ട മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് രണ്ടാംഘട്ട മൊറട്ടോറിയം ആവശ്യമില്ലെങ്കില്‍ അക്കാര്യവും ബാങ്കിനെ അറിയിക്കണം. ഇതിനായി ബാങ്കുകള്‍ എസ്എംഎസ്, ഇ–-മെയില്‍, മൊബൈല്‍ ആപ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊറട്ടോറിയം പിന്‍വലിക്കുമ്പോള്‍ അധിക പലിശകൂടി അടയ്ക്കേണ്ടിവരുന്നതിനാല്‍ തിരിച്ചടവ് തുടർന്നുപോകാന്‍ ശേഷിയുള്ളവർ മൊറട്ടോറിയം ആനുകൂല്യം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിഗ്‌ധർ പറയുന്നു.

പട്ടിക
എസ്ബിഐ വാഹന, ഭവന,  വായ്പകള്‍ക്ക് മൊറട്ടോറിയം സ്വീകരിച്ചാല്‍ ഉണ്ടാകുന്ന അധിക ബാധ്യത

 ആദ്യ ഘട്ട മൊറട്ടോറിയം സ്വീകരിച്ചവര്‍ രണ്ടാംഘട്ട മൊറട്ടോറിയം കൂടി സ്വീകരിച്ചാല്‍

വാഹന വായ്

 വായ്പാ തുക    ആറ് ലക്ഷം രൂപ
ശേഷിക്കുന്ന കാലാവധി   54 മാസം
അധികമായി അടയ്‌ക്കേണ്ടിവരുന്ന തുക  36,000 രൂപ (6%)
( മൂന്ന് ഇഎംഐയ്ക്ക് തുല്യമായ തുക)



ഭവന വായ്പ
വായ്പാ തുക  30 ലക്ഷം രൂപ
ശേഷിക്കുന്ന തിരിച്ചടവ്  കാലാവധി 15 വര്‍ഷം
അധികമായി അടയ്ക്കേണ്ടി വരുന്ന തുക   4.54 ലക്ഷം രൂപ (15.13%)
( 16 ഇഎംഐയ്ക്ക് തുല്യമായ തുക)

2രണ്ടാം ഘട്ട മൊറട്ടോറിയം മാത്രം സ്വീകരിക്കുന്നവര്‍ക്ക്


വാഹന വായ്പ

 വായ്പാ തുക   ആറ് ലക്ഷം രൂപ
ശേഷിക്കുന്ന കാലാവധി   54 മാസം
അധികമായി അടയ്‌ക്കേണ്ടിവരുന്ന തുക  19,000 രൂപ (3.16%)
(1.5 ഇഎംഐയ്ക്ക് തുല്യമായ തുക)

ഭവന വായ്പ

വായ്പാ തുക  30 ലക്ഷം രൂപ
ശേഷിക്കുന്ന തിരിച്ചടവ്  കാലാവധി 15 വര്‍ഷം
അധികമായി അടയ്ക്കേണ്ടി വരുന്ന തുക  2.34 ലക്ഷം രൂപ (7.8%)
( എട്ട് ഇഎംഐയ്ക്ക് തുല്യമായ തുക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top