26 April Friday

മൊബൈല്‍ ബാങ്കിങ്: ആരോടും പറയരുത് ആ രഹസ്യ നമ്പര്‍

കമല കെ വിUpdated: Monday Jul 22, 2019

പണം നേരിട്ട് കൈമാറുക, പണം കൊടുത്ത് ബില്ലുകൾ അടയ്‌ക്കുക, സാധനങ്ങൾ വാങ്ങുക തുടങ്ങിയ പരമ്പരാ​ഗത പണമിടപാടുകൾ ചുരുങ്ങുകയാണ്. പണം കൊടുക്കൽവാങ്ങലുകൾക്ക് ആധുനികമായ വിവിധ സാധ്യതകൾ വന്നതോടെ കടലാസ് കറൻസിയെന്നത് വളരെ അത്യാവശ്യത്തിന് കൈയിൽ കൊണ്ടുനടക്കുന്ന പണം എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെയും ഉപയോ​ഗം വർധിച്ചുകൊണ്ടിരിക്കുന്നു. യൂണിഫൈഡ് പേമെന്റ‌് ഇന്റർഫെയ്സ് അഥവാ യുപിഐ എന്ന പണം കൈമാറ്റ സംവിധാനവും വ്യാപകമായി ഉപയോ​ഗത്തിലായിരിക്കുന്നു. ഇന്ത്യാ ​ഗവൺമെന്റിന്റെ ഭീം, പേറ്റിഎം,  ഫോൺപേ,  ​ഗൂ​ഗിൾ പേ തുടങ്ങിയ വാലറ്റുകൾ യുപിഐ സംവിധാനം ഉപയോ​ഗപ്പെടുത്താൻ തുടങ്ങിയതോടെ ഡിജിറ്റൽ പണമിടപാട് വളരെ വർധിച്ചിരിക്കുന്നു. എന്നാൽ, അതോടൊപ്പംതന്നെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷയും വലിയൊരു പ്രശ്നമായി ഉയർന്നുവന്നിരിക്കുകയാണ്. നിങ്ങളുടെ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏതുതന്നെയായാലും അത് സുരക്ഷിതമാക്കുന്നതിന് അടിസ്ഥാനപരമായ ചില കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

എംപിൻ എന്ന സ്വകാര്യസ്വത്ത്

മൊബൈൽഫോണിലൂടെയുള്ള ഡിജിറ്റൽ പണമിടപാടിന് ഒരു മൊബൈൽ ബാങ്കിങ് പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ (എംപിൻ) ആവശ്യമാണ്. മൊബൈലിലൂടെ പണമിടപാട് നടത്തുമ്പോൾ എംപിൻ ഒരു പാസ് വേഡായി പ്രവർത്തിക്കുന്നു. ഇത് മൊബൈൽ ബാങ്കിങ്ങിനായി രജിസ്റ്റർ ചെയ്യുമ്പോൾ ബാങ്ക് ഇടപാടുകാരന് നൽകുന്ന രഹസ്യനമ്പറാണ്. ഈ പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ നിങ്ങളുടെ സ്വകാര്യസ്വത്താണ്. അത് രഹസ്യമായി സൂക്ഷിക്കുക എന്നതാണ് മൊബൈലിലൂടെ പണമിടപാട് നടത്തുന്ന ഏതൊരാളും പ്രാഥമികമായി ചെയ്യേണ്ട കാര്യം.

പിൻ നമ്പർ ആരുമായും പങ്കിടരുത്, നിങ്ങൾക്ക് എത്ര വിശ്വസ്തനായ വ്യക്തിയാണെങ്കിലും പിൻ നമ്പർ കൈമാറരുത്. കസ്റ്റമർ കെയറിൽനിന്ന്, ബാങ്കിൽനിന്ന് എന്നൊക്കെ ഫോണിലൂടെയും മറ്റും അവകാശപ്പെടുന്നവർക്കും പിൻ നമ്പർ കൈമാറേണ്ടതില്ല.
കഴിയുന്നതും പിൻ നമ്പർ എവിടെയും എഴുതി വയ്ക്കുകയുമരുത്.

സുരക്ഷിതമായ ആപ്പുകൾ ഉപയോ​ഗിക്കുക

മൊബൈൽഫോണിലൂടെയുള്ള പണമിടപാടുകൾക്കായി എപ്പോഴും സുരക്ഷിതമായ, ഔദ്യോ​ഗികമായ ആപ്പുകൾമാത്രം ഉപയോ​ഗിക്കുക. നേരിട്ടുള്ളതല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അതോടൊപ്പം മാൽവയറുകളും നിങ്ങളുടെ ഫോണിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്. ഇവ നിങ്ങളുടെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ മോഷ്ടിച്ചെടുത്ത് അപകടകരമായ കൈകളിൽ എത്തിച്ചേക്കാം. ബാങ്കുകളുടെ ആപ്പുകൾ മിക്കവാറുംതന്നെ ഔദ്യോ​ഗിക ആപ്പ് സ്റ്റോറുകളിൽ ലഭ്യമായിരിക്കും. അവ സുരക്ഷിതമായ പണമിടപാടുകൾക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടവയായിരിക്കും.

വിശ്വാസമുള്ള ലിങ്കിൽ മാത്രം ക്ലിക്ക‌് ചെയ്യുക

വിവിധ സേവന സൈറ്റുകളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ലിങ്കുകളും ആകർഷകമായ വാ​ഗ്ദാനങ്ങളും വിവിധ ബാങ്കുകളുടേതെന്ന പേരിലുള്ള വെബ്സൈറ്റുകളും നിങ്ങളുടെ മൊബൈൽഫോണിൽ എത്തിയേക്കാം. അതിലുള്ള വിവരങ്ങൾ എത്രതന്നെ ആകർഷമായതാണെങ്കിലും ആ ലിങ്കുകൾ, സൈറ്റുകൾ നിങ്ങൾക്ക് അപരിചിതമായവയാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്യാതിരിക്കുക.  അവ നിങ്ങളുടെ പണമിടപാട് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനുള്ള വ്യാജ സൈറ്റുകളായേക്കാം.

അതുപോലെതന്നെ ടെക്സ്റ്റ് മെസേജുകളായി ലഭിക്കുന്ന ബാങ്കിങ് ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക. പകരം ആവശ്യമെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ലിങ്ക് ടൈപ്പ് ചെയ്ത് നേരിട്ട് കയറുക.

പൊതു വൈഫൈയിൽ ജാ​ഗ്രത പുലർത്തുക

പൊതു വൈഫൈയിലൂടെ അയക്കുന്ന വിവരങ്ങൾ ആ വൈഫൈ ഉപയോ​ഗിക്കുന്ന ഏതൊരാൾക്കും ലഭ്യമാകുന്നതാണെന്ന കാര്യം ഓർക്കുക. പൊതു വൈഫൈ ഉപയോ​ഗിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പർ, പിൻ നമ്പർപോലുള്ള നിർണായക വിവരങ്ങൾ കൈമാറരുത്.

ഇടയ്‌ക്കിടെ ഇടപാടുകൾ പരിശോധിക്കുക

കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. നിങ്ങളുടെ അറിവോടെയല്ലാത്ത ഇടപാടുകൾ നടക്കുന്നുണ്ടോ എന്നറിയാൻ ഇത് സഹായിക്കും. ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാനടപടികൾ സ്വീകരിക്കുകയും പാസ് വേർഡ് കൂടുതൽ ശക്തമാക്കുകയും  ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top