03 December Sunday

150 കോടിയുടെ മുതൽമുടക്ക്‌ ; ലുലു ​ഗ്രൂപ്പിന്റെ സമുദ്രോൽപ്പന്ന കയറ്റുമതികേന്ദ്രം തുറന്നു

വാണിജ്യകാര്യ ലേഖകൻUpdated: Tuesday Aug 15, 2023


കൊച്ചി
ലുലു ഗ്രൂപ്പിന്റെ അരൂരിലെ സമുദ്രോൽപ്പന്ന സംസ്കരണ കയറ്റുമതികേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 150 കോടി മുതൽമുടക്കിൽ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ സജ്ജമാക്കിയിട്ടുള്ള ഫാക്ടറി ലുലു ​ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെയും എംപിഇഡിഎ ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമിയുടെയും സാന്നിധ്യത്തില്‍ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

സമുദ്രോൽപ്പന്ന കയറ്റുമതിരംഗത്ത് സംസ്ഥാനത്തിന് മികച്ച സാധ്യതയുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. രാജ്യത്ത് കൂടുതല്‍ യൂറോപ്യൻ യൂണിയന്റെ അംഗീകാരമുള്ള സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങളുള്ള കേരളത്തിനുമാത്രമായി കയറ്റുമതിനയം ഉടന്‍ പുറത്തിറക്കും.ഇതിന്റെ കരട് തയ്യാറായി. കേരളം ഉൽപ്പാദന വ്യവസായത്തില്‍ അത്ര പോരാ എന്ന ധാരണ നിലനില്‍ക്കുമ്പോള്‍ ലോകോത്തര കമ്പനിയായ ലുലു ​ഗ്രൂപ്പ് ഉൽപ്പാദനസംരംഭം ആരംഭിക്കുന്നത് എല്ലാ മലയാളിക്കും അഭിമാനമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 10 പുതിയ മിനി ഭക്ഷ്യസംസ്കരണ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുകയാണ്. അതോടൊപ്പം സ്വകാര്യ വ്യവസായപാര്‍ക്കുകളും യാഥാര്‍ഥ്യമാകുകയാണ്. എട്ടെണ്ണത്തിന് അനുമതി നല്‍കി. 53 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കും. ഇവയ്ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ മൂന്നുകോടി രൂപവീതം നല്‍കും.

ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് 32 എൻജിനിയറിങ് കോളേജുകളും അഞ്ച് സര്‍വകലാശാലകളും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. അഞ്ചേക്കര്‍ അധിക സ്ഥലമുണ്ടെങ്കില്‍  ഇത്‌ അനുവദിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനായി 1.5 കോടി രൂപയും നല്‍കും. അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡെൻമാർക്കിൽനിന്ന്‌ ഇറക്കുമതി ചെയ്ത ആധുനികയന്ത്രങ്ങൾ ഉപയോ​ഗിച്ച് മാസം 2500 ടൺ സമുദ്രോൽപ്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാന്‍ ശേഷിയുള്ള യൂണിറ്റാണ് ഉദ്​ഘാടനം ചെയ്തത്. സമുദ്രവിഭവങ്ങളിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കായി ഇവിടെ പ്രത്യേക യൂണിറ്റ് പ്രവർത്തിക്കും. എണ്ണൂറിലധികംപേർക്ക് തൊഴിൽ ലഭ്യമാകും. ഗൾഫ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളാണ്‌ പ്രധാന വിപണി. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റാണിത്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ വി ഐ സലിം, ഡയറക്ടർമാരായ എം എ സലിം, മുഹമ്മദ് അൽത്താഫ്, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയർ എക്സ്പോർട്ടസ് സിഇഒ നജ്മുദീൻ ഇബ്രാഹിം, ജനറൽ മാനേജർ അനിൽ ജലധാരൻ എന്നിവർ പങ്കെടുത്തു.

കളമശേരിയില്‍ രാജ്യത്തെ വലിയ ഭക്ഷ്യസംസ്കരണകേന്ദ്രം വരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതികേന്ദ്രം കളമശേരിയില്‍ സ്ഥാപിക്കുമെന്ന് ലുലു ​ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആലപ്പുഴ അരൂരില്‍ ​ഗ്രൂപ്പിന്റെ  സമുദ്രോൽപ്പന്ന സംസ്കരണ കയറ്റുമതികേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറിക്ക് ആവശ്യമായ സാങ്കേതികവിദ്യ തീരുമാനിക്കുന്നതിന് ജര്‍മന്‍ വിദ​ഗ്ധസംഘം മൂന്നുമാസത്തിലധികമായി കളമശേരിയില്‍ പഠനം നടത്തുകയാണ്‌. രണ്ടുമാസത്തിനുള്ളില്‍ കല്ലിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്നത് ലുലു ​ഗ്രൂപ്പാണെന്നും പലരാജ്യങ്ങളുടെയും സൈന്യങ്ങള്‍ക്ക് ആവശ്യമായ മാംസവും കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഈ സാമ്പത്തികവര്‍ഷം 10,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണെന്നും യൂസഫലി വ്യക്തമാക്കി. ഗ്രൂപ്പിന്റെ കയറ്റുമതിവിഭാ​ഗമായ ഫെയർ എക്സ്പോർട്സ് ഇന്ത്യ 2022-–-23 സാമ്പത്തികവർഷത്തിൽ ഇന്ത്യയിൽനിന്ന്‌ 6200 കോടി രൂപയുടെ കയറ്റുമതി നടത്തി. ഇതിൽ 560 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിൽനിന്നായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top