23 April Tuesday

മിച്ചധനം സൂക്ഷിക്കാന്‍ ലിക്വിഡ് ഫണ്ടുകള്‍

കെ അരവിന്ദ്Updated: Sunday Jul 30, 2017

കൈവശമുള്ള മിച്ചധനം സൂക്ഷിക്കാന്‍ സേവിങ്സ് അക്കൌണ്ടുകളെക്കാള്‍ അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് ഫണ്ടുകളാണ്. സേവിങ്സ് അക്കൌണ്ടുകളില്‍നിന്ന് നാലു ശതമാനം പ്രതിവര്‍ഷം പലിശ ലഭിക്കുമ്പോള്‍ റിപ്പോ നിരക്കിന് ഏകദേശം തുല്യമായ (നിലവില്‍ ഇത് 6.25 ശതമാനമാണ്) റിട്ടേണാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലിക്വിഡ് ഫണ്ടുകളില്‍നിന്നു ലഭിക്കുന്നത്.

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ (ഡെറ്റ് ഫണ്ടുകള്‍) ഒരുവിഭാഗമാണ് ലിക്വിഡ് ഫണ്ടുകള്‍.അതീവഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നി ക്ഷേപം നടത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ ഒരുവിഭാഗമാണ് അള്‍ട്രാ ഷോട്ട് ടേം ഫണ്ടുകള്‍. 

അതീവ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാന്‍ സേവിങ്സ് ബാങ്ക് അക്കൌണ്ടുകളെക്കാള്‍ അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകള്‍. ബാങ്ക് സ്ഥിരനിക്ഷേപത്തിന് തുല്യമായതോ അതിനെക്കാള്‍ ഉയര്‍ന്നതോ ആയ വാര്‍ഷിക വരുമാനമാണ് ലിക്വിഡ് ഫണ്ടുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലിക്വിഡ് ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 6.62 ശതമാനവും അതീവ ഹ്രസ്വകാലഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷികനേട്ടം 7.41 ശതമാനവുമാണ്. എട്ടു ശതമാനത്തിലേറെ വരുമാനം നല്‍കിയ നിരവധി ഫണ്ടുകളുണ്ട്.

റിപ്പോ നിരക്കിന് തുല്യമായ റിട്ടേണാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലിക്വിഡ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാവുന്നതെങ്കിലും ഫണ്ട് മാനേജ്മെന്റിന്റെ മികവില്‍ റിപ്പോ നിരക്കിനെക്കാള്‍ മികച്ച വാര്‍ഷികവരുമാനം നല്‍കാന്‍ പല ഫണ്ടുകള്‍ക്കും സാധിക്കുന്നു. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുപോലും ഏഴു ശതമാനത്തോളം വാര്‍ഷിക പലിശയാണ് ലഭിക്കുന്നതെന്നിരിക്കെ എപ്പോഴും പിന്‍വലിക്കാവുന്ന ലിക്വിഡ് ഫണ്ടുകളില്‍നിന്നു ലഭിക്കുന്ന നേട്ടം ആകര്‍ഷകമാണ്.
സേവിങ്സ് അക്കൌണ്ടുകളിലെ പലിശനിരക്ക് നാലു ശതമാനമാണ്. മൂന്നോ നാലോ ബാങ്കുകള്‍ മാത്രം ആറ് ശതമാനംവരെ പലിശ നല്‍കുന്നുണ്ട്. കറന്റ് അക്കൌണ്ടിലെ നിക്ഷേപത്തിന് പലിശയുമില്ല. അതുകൊണ്ടുതന്നെ ഇടത്തരം നിക്ഷേപകര്‍ക്ക് തീര്‍ച്ചയായും പരിഗണനീയമാണ് ലിക്വിഡ് ഫണ്ടുകള്‍. സ്കൂള്‍ ഫീസ്, വിനോദയാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടുന്ന പണം ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ റിട്ടേണ്‍ മെച്ചപ്പെടുത്താം.

ലിക്വിഡ് ഫണ്ടുകളില്‍നിന്നു നിക്ഷേപം പിന്‍വലിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഡെറ്റ് ഫണ്ടുകളില്‍നിന്ന് ഒരുവര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍  എക്സിറ്റ് ലോഡ് ബാധകമാണെങ്കിലും ലിക്വിഡ് ഫണ്ടുകള്‍ക്ക് ഇത് ബാധകമല്ല. 
കോര്‍പറേറ്റുകളാണ് പ്രധാനമായും ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപംനടത്തുന്നത്. അതേസമയം വ്യക്തികള്‍ക്കും ഈ നിക്ഷേപമാര്‍ഗം ഉപയോഗപ്പെടുത്താവുന്നതാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള പണം നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയില്‍ ലിക്വിഡ് ഫണ്ടുകള്‍ ബാങ്ക് സേവിങ്സ് അക്കൌണ്ടുകള്‍ക്ക് പകരമല്ലെന്നതാണ് ഇവയില്‍ ഇടത്തരം നിക്ഷേപകര്‍ കാര്യമായി പണമിടാത്തതിന് കാരണം. അതേസമയം ഏതു സമയത്തും നിക്ഷേപം ബാങ്ക് അക്കൌണ്ടിലേക്ക് പിന്‍വലിക്കാവുന്ന സൌകര്യം പ്രമുഖ ഫണ്ട് ഹൌസുകള്‍ ഏര്‍പ്പെടുത്തിയതോടെ ഈ നിക്ഷേപമാര്‍ഗം ഇടത്തരം നിക്ഷേപകര്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.

ലിക്വിഡ് ഫണ്ട് യൂണിറ്റുകള്‍ വിറ്റ് പണം പിന്‍വലിക്കുന്നതിന് നിര്‍ദേശം കൊടുത്താല്‍  പണം ബാങ്ക് അക്കൌണ്ടിലെത്തുന്നതിന് ഒരുദിവസംമുതല്‍ മൂന്നുദിവസംവരെ സമയമെടുക്കും. ശനി, ഞായര്‍ ദിവസങ്ങളിലോ മറ്റ് അവധിദിവസങ്ങളിലോ ലിക്വിഡ് ഫണ്ടുകളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കാനുമാകില്ല. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് കാലതാമസമെടുക്കുന്ന ഈ സ്ഥിതി ഒഴിവാക്കുന്നതിനായാണ് ചില ഫണ്ട് ഹൌസുകള്‍ തങ്ങളുടെ ലിക്വിഡ് ഫണ്ടുകളില്‍നിന്ന് ഉടന്‍ പണം പിന്‍വലിക്കാവുന്ന സൌകര്യമൊരുക്കിയത്.

റിലയന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ബിര്‍ള സണ്‍ലൈഫ്, ഡിഎസ്പി ബ്ളാക്ക് റോക്ക് തുടങ്ങിയ ഏതാനും ഫണ്ട്ഹൌസുകളാണ് ഈ സൌകര്യം ഏര്‍പ്പെടുത്തിയത്. റിലയന്‍സ് മണിമാനേജര്‍ ഫണ്ട്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സേവിങ്സ് ഫണ്ട്, ബിര്‍ള സണ്‍ലൈഫ് ക്യാഷ്പ്ളസ് ഫണ്ട്, ഡിഎസ്പി ബ്ളാക്ക് റോക്ക് മണിമാനേജര്‍ ഫണ്ട് എന്നിവയില്‍നിന്ന് ഏതുസമയത്തും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം.

ഫണ്ട്ഹൌസുകളുടെ വെബ്സൈറ്റ്വഴിയുംമൊബൈല്‍ അപ്ളിക്കേഷന്‍വഴിയും ലിക്വിഡ് ഫണ്ടുകളില്‍നിന്നും നിക്ഷേപം പിന്‍ വലിക്കുന്നതിന് നിര്‍ദേശം നല്‍കാം. നിശ്ചിത അപേക്ഷാഫോറത്തിലും നിര്‍ദേശം നല്‍കാവുന്നതാണ്. ഏതു സമയത്തും ഈ ഫണ്ടുകളില്‍നിന്നും നിക്ഷേപത്തിന്റെ ഒരുഭാഗം പിന്‍വലിക്കാം.
അക്കൌണ്ടിലെ നിക്ഷേപത്തിന്റെ 90-95 ശതമാനമാണ് പരമാവധി പിന്‍വലിക്കാവുന്നത്. ഒരുദിവസം രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാകില്ല. ഈ പണം ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്) വഴി നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലെത്തും. പരമാവധി അരമണിക്കൂറിനുള്ളില്‍ പണംബാങ്ക്അക്കൌണ്ടില്‍ എത്തുമെന്നാണ് ഫണ്ട്ഹൌസുകളുടെ വാഗ്ദാനം.

പിന്‍വലിക്കാവുന്ന മിനിമം തുക റിലയന്‍സ് മണി മാനേജര്‍ ഫണ്ടിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സേവിങ്സ് ഫണ്ടിലും 500 രൂപയും ഡിഎസ്പി ബ്ളാക്ക് റോക്ക് മണി മാനേജര്‍ ഫണ്ടില്‍ 100 രൂപയുമാണ്. പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ പണം അക്കൌണ്ടിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top