18 April Thursday

ഓണത്തിന‌് 100 കോടി ലക്ഷ്യമിട്ട്‌ ഖാദി ബോർഡ‌്

സ്വന്തം ലേഖികUpdated: Tuesday Jul 31, 2018



ഓണവിപണി കീഴടക്കാൻ പുതിയ കെട്ടിലും മട്ടിലും ഖാദി വസ്ത്രങ്ങളെത്തുന്നു. ഒാണം‐ബക്രീദ‌് വിപണിയിൽനിന്ന‌് നൂറുകോടി വിറ്റുവരവ്‌ നേടാനാണ്‌ ലക്ഷ്യമിടുന്നതെന്ന‌് ഖാദി  ബോർഡ‌് വൈസ‌് ചെയർപേഴ‌്സൺ ശോഭനാ ജോർജ‌് പറഞ്ഞു. ആഗസ്ത‌് ഒന്നുമുതൽ 24വരെ 30 ശതമാനം റിബേറ്റിലാണ‌് വിപണി. സംസ്ഥാനതല ഉദ‌്ഘാടനം കനകക്കുന്നിൽ ബുധനാഴ്ച പകൽ മൂന്നിന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.

സഖാവ‌് ഷർട്ട‌്, കൈത്തറി പട്ട‌ുസാരികൾ, പുതു ഡിസൈനിലും മിതമായ നിരക്കിലുമുള്ള കുർത്ത, ചുരിദാർ ടോപ്പുകൾ, കൈത്തറി സെറ്റും മുണ്ടും തുടങ്ങി ഓണവിപണിയിൽ ഒട്ടേറെ പുതുമകളുമായാണ‌് ഖാദി ഷോറൂമുകൾ തയ്യാറാകുന്നത‌്. സംസ്ഥാനത്തിന‌് പുറത്തുനിന്നുള്ള അംഗീകൃത ഖാദി യൂണിറ്റുകളിൽ നെയ്ത കൈത്തറി പട്ടുസാരികളും ലഭ്യമാകും.
 മുൻവർഷങ്ങളിൽനിന്ന‌് വ്യത്യസ്തമായി റെഡിമെയ‌്ഡ‌് തുണിത്തരങ്ങളുടെ വലിയ കളക‌്ഷനും ഒരുക്കിയിട്ടുണ്ട‌്.

ഖാദി ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാനായി സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക‌് 50,000 രൂപവരെ ക്രെഡിറ്റ‌് വ്യവസ്ഥയിൽ ഉൽപ്പന്നങ്ങൾ വാങ്ങാം. നിരവധി സമ്മാനക്കൂപ്പണുകളും ഒരുക്കിയിട്ടുണ്ട‌്. ഓണം‐ബക്രീദ‌് വിപണിയുടെ സമാപനത്തോട‌് അനുബന്ധിച്ച‌് നടത്തുന്ന നറുക്കെടുപ്പിൽ ആദ്യ മൂന്ന‌ുസ്ഥാനക്കാർക്ക‌് മാരുതി വാഗണർ കാർ, അഞ്ചുപവൻ സ്വർണനാണയം, ഒരുപവൻ സ്വർണനാണയം എന്നിവ സമ്മാനമായി നൽകും. ജില്ലാതല നറുക്കെടുപ്പിലൂടെ എല്ലാ ആഴ്ചയും 5000 രൂപയുടെ ഗിഫ‌്റ്റ‌് വൗച്ചർ സമ്മാനമുണ്ട‌്.

സംസ്ഥാനതല ഉദ‌്ഘാടനത്തിൽ ‘സഖാവ‌്’ ഷർട്ടുകൾ മുഖ്യമന്ത്രി ഔദ്യോഗികമായി വിപണിയിലിറക്കും. വ്യവസായമന്ത്രി എ സി മൊയ‌്തീൻ അധ്യക്ഷനാകും. തിരുവനന്തപുരം അപ്പാരൽ ട്രെയ‌്നിങ‌് ആൻഡ‌് ഡിസൈൻ സെന്റർ ഖാദി ഫാഷൻ ഷോ അവതരിപ്പിക്കും. ആഗസ്ത‌് മൂന്നുമുതൽ എട്ടുവരെ ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാർ ഉദ‌്ഘാടനം നിർവഹിക്കും.
കഴിഞ്ഞ വർഷം ഓണം‐ ബക്രീദ‌് വിപണിയിൽനിന്ന‌് ലഭിച്ചത‌് 87 കോടി വിറ്റുവരവാണ‌്. ഇത്തവണ 100 കോടി വിറ്റുവരവ‌് നേടുകയാണ‌് ലക്ഷ്യം. സംസ്ഥാനത്ത‌് വ്യാപകമായ വ്യാജ ഖാദി ഉൽപ്പന്ന വിൽപ്പനയ്ക്കെതിരെ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശോഭനാ ജോർജ‌് പറഞ്ഞു.

സെക്രട്ടറി കൃഷ്ണകുമാർ, അഡിമിനിസ്ട്രേറ്റീവ‌് മെമ്പർ ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top