27 April Saturday

കേരള ട്രാവല്‍ മാര്‍ട്ടിന് ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

കൊച്ചി > കേരളത്തിലെ ഏറ്റവും വലിയ ടൂറിസംമേളയായ കേരള ട്രാവല്‍മാര്‍ട്ടിന് (കെടിഎം) ചൊവ്വാഴ്ച കൊച്ചിയില്‍ തിരിതെളിയും. വൈകിട്ട് അഞ്ചിന് ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. മന്ത്രി എ സി മൊയ്തീന്‍, ഇന്ത്യാ ടൂറിസം ജോയിന്റ് ഡയറക്ടര്‍ സുമന്‍ ബില്ല, കേരള ടൂറിസം സെക്രട്ടറി ഡോ. വി വേണു, ടൂറിസം ഡയറക്ടര്‍ യു വി ജോസ്, മേയര്‍ സൌമിനി ജയിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും

വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെയാണ് ടൂറിസം മേള നടക്കുന്നത്. അവസാനദിനമായ 30ന് പൊതുജനങ്ങള്‍ക്ക് ട്രാവല്‍മാര്‍ട്ട് കാണാന്‍ പ്രവേശനമുണ്ടാകും 57 വിദേശ രാജ്യങ്ങളില്‍നിന്ന് ബയര്‍മാര്‍മാര്‍ കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കും. അതില്‍ ജപ്പാന്‍, ചൈന, ചിലി, ഗ്രീസ്, ഇറാന്‍, ദക്ഷിണ കൊറിയ, സൌദി അറേബ്യ, മെക്സിക്കോ, ബോട്സ്വാന, ജോര്‍ജിയ എന്നീ 10 രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്പൈസ്റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍.    

ഇതുകൂടാതെ ഇന്ത്യയിലെ  20 സംസ്ഥാനങ്ങളില്‍നിന്ന് പങ്കാളിത്തമുണ്ടാകും. വിദേശരാജ്യങ്ങളില്‍നിന്ന് 560 പ്രതിനിധികള്‍ ട്രാവല്‍മാര്‍ട്ടില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇന്ത്യക്കകത്തുനിന്ന് 1304 പ്രതിനിധികളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. കേരള ട്രാവല്‍മാര്‍ട്ടില്‍ തദ്ദേശവാസികളുടെകൂടി പങ്കാളിത്തത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നത്. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം അതത് പ്രദേശങ്ങളുടെകൂടി ഉന്നമനം ലക്ഷ്യമിടുന്നു.

ടൂര്‍ ഓപ്പറേഷന്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൌസ്ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്കാരികകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265 സെല്ലര്‍മാരാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ബിസിനസ്–ടു–ബിസിനസ്മീറ്റിങ്ങുകള്‍ക്കുള്ള വേദിയായ ട്രാവല്‍മാര്‍ട്ടിലൂടെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ ടൂറിസംമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരലാണ് ലക്ഷ്യം. ടൂറിസംരംഗത്ത അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top